പന്തളം: ജനങ്ങളെ തിരഞ്ഞെടുപ്പിൽ പങ്കാളികളാക്കാനും ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ പരിചയപ്പെടുത്തുന്നതിനുമായി ഇലക്ഷൻ കമ്മീഷന്റെ വോട്ട് വണ്ടി പന്തളത്തു പര്യടനം നടത്തി.
പന്തളം കെ.എസ്.ആർ.ടി.സി സ്റ്റാൻഡ്, സ്വകാര്യ ബസ് സ്റ്റാൻഡ്, കുരമ്പാല എന്നിവിടങ്ങളിലാണ് വോട്ട് വണ്ടിയെത്തിയത്. ഇലക്ഷൻ കമ്മീഷന്റെ നിർദ്ദേശപ്രകാരം ജില്ലാ ഭരണകൂടമാണ് വോട്ട് വണ്ടി സജ്ജീകരിച്ചത്. വോട്ട് ചെയ്യേണ്ടതിന്റെ ആവശ്യകത ബോദ്ധ്യപ്പെടുത്തുന്നതോടൊപ്പം പുതിയ വോട്ടർമാർക്ക് ബസിൽ സജ്ജീകരിച്ചിരുന്ന മാതൃകാ വോട്ടിംഗ് മെഷീനിൽ വോട്ടു ചെയ്യാനും അവസരമൊരുക്കിയിരുന്നു. ഇലക്ഷൻ ഡെപ്യൂട്ടി തഹസിൽദാർ ജിനേഷ്, പന്തളം വില്ലേജ് അസിസ്റ്റന്റ് സഞ്ജയ്നാഥ്, താലൂക്ക് ഓഫീസ് ഉദ്യോഗസ്ഥരായ അഖിൽ, മനോജ് എന്നിവർ നേതൃത്വം നല്കി.