a
എൽ.ഡി.എഫ് സ്ഥാനാർത്ഥി സജി ചെറിയാന്റെ തെരെഞ്ഞെടുപ്പ് പ്രചരണ യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കുന്നു

ചെങ്ങന്നൂർ : അടുത്ത അഞ്ചുവർഷം അഞ്ചുലക്ഷം വീടുകൾ നൽകുമെന്നാണ് എൽ.ഡി.എഫ് വാഗ്ദാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എൽ.ഡി.എഫ് സ്ഥാനാർത്ഥി സജി ചെറിയാന്റെ തിരഞ്ഞെടുപ്പ് പ്രചരണ യോഗത്തിൽ പങ്കെടുക്കുകയായിരുന്നു മുഖ്യമന്ത്രി. പാവപ്പെട്ടവരോട് കനിവില്ലാത്ത കൂട്ടരാണ് യു.ഡി.എഫ്. അതിനാലാണ് അധികാരത്തിലെത്തിയാൽ ലൈഫ് പദ്ധതി നിറുത്തുമെന്ന് പറയുന്നത്. അധികാരത്തിലിരുന്നപ്പോൾ ക്ഷേമപെൻഷൻ കുടിശിക വരുത്തിയവരാണ് യു.ഡി.എഫ്. ആ സ്ഥിതി മാറ്റിയത് ഈ സർക്കാരാണ്. ക്ഷേമപെൻഷൻ 2,500 രൂപയാക്കുമെന്നാണ് വാഗ്ദാനം. ദരിദ്ര കുടുംബങ്ങളെ മോചിപ്പിക്കാൻ ഓരോ കുടുംബത്തിന്റെയും പ്രശ്‌നങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ച് അവർക്കാവശ്യമായ മൈക്രോ പ്ലാൻ തയാറാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. യോഗത്തിൽ എൽ.ഡി.എഫ് നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി പ്രസിഡന്റ് അഡ്വ.ജോയിക്കുട്ടി ജോസ് അദ്ധ്യക്ഷനായി. സ്ഥാനാർത്ഥി സജി ചെറിയാൻ, ജില്ലാ സെക്രട്ടറി ആർ.നാസർ, ടി.ജെ ആഞ്ചലോസ്, സി.എസ് സുജാത, ജേക്കബ് തോമസ് അരികുപുറം, ശോഭന ജോർജ്ജ്, അഡ്വ.മാമ്മൻ ഐപ്പ്, പി.എം തോമസ്, എം.എച്ച് റഷീദ്, പി.ഡി ശശിധരൻ, പുഷ്പലതാ മധു, ഐ.ഷിഹാബുദ്ദീൻ, ഗിരീഷ് ഇലഞ്ഞിമേൽ, സജി വള്ളവന്താനം, ശശികുമാർ ചെറുകോൽ, മോഹൻ കാർത്തിക, അഡ്വ.ഉമ്മൻ ആലുംമൂട്ടിൽ എന്നിവർ സംസാരിച്ചു. ഖാദി ബോർഡ് വൈസ് ചെയർപേഴ്‌സൺ ശോഭനാ ജോർജ്ജ് ആലപിച്ച തുടരണം പിണറായി എന്ന തിരഞ്ഞെടുപ്പ് ഗാനം മുഖ്യമന്ത്രി പ്രകാശനം ചെയ്തു. നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി അഡ്വ.പി.വിശ്വംഭര പണിക്കർ സ്വാഗതവും ജി.ഹരികുമാർ നന്ദിയും പറഞ്ഞു.