police

പത്തനംതിട്ട : ജനമൈത്രി പദ്ധതിയുടെ ഭാഗമായാണ് സംസ്ഥാനമൊട്ടുക്ക് ബെൽ ഒഫ് ഫെയ്ത്ത് സംവിധാനം പൊലീസ് ഏർപ്പെടുത്തിയത്. 'മുതിർന്ന പൗരന്മാരുടെ സുരക്ഷ വിരൽത്തുമ്പിൽ' എന്ന ആശയത്തിന്റെ ഭാഗമായാണ് ഈ പദ്ധതി. ഒറ്റയ്ക്ക് വീടുകളിൽ കഴിയുന്ന വയോജനങ്ങൾക്ക് ഒരു കൈയ്യകലത്തിൽ സഹായം ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
ജില്ലയിൽ കഴിഞ്ഞ വർഷം ജനുവരി 28 ന് അന്നത്തെ ജില്ലാ പൊലീസ് മേധാവി ജി.ജയദേവ് ആണ് ഉദ്ഘാടനം നിർവഹിച്ചത്. ജില്ലയിൽ ആകെ 380 വീടുകളിൽ ബെല്ലുകൾ സ്ഥാപിച്ചിട്ടുണ്ട്. പേര് സൂചിപ്പിക്കും പോലെ ശരിക്കും വിശ്വാസത്തിന്റെ ശബ്ദമാണ് ഈ മണിയിലൂടെ മുഴങ്ങുന്നത്. അവശ്യസഹായം വേണ്ട സന്ദർഭങ്ങളിലും അടിയന്തര ഘട്ടങ്ങളിലും ഒറ്റയ്ക്ക് താമസിക്കുന്ന മുതിർന്ന പൗരന്മാർക്ക് ഈ ബെൽ പ്രയോജനപ്പെടുത്താം. ബെൽ അമർത്തുമ്പോൾ പുറത്തുവച്ചിട്ടുള്ള അലാറം മുഴങ്ങും. അലാറം കേൾക്കുന്ന അയൽവാസികൾക്ക് അടിയന്തര സഹായം ലഭ്യമാക്കുകയോ പൊലീസിന്റെയോ മറ്റ് സംവിധാനങ്ങളുടെയോ സഹായം ഉറപ്പാക്കുകയോ ചെയ്യാം. അടുത്തുള്ളയാൾക്ക് സഹായം ആവശ്യമെന്ന ഓർമപ്പെടുത്തലാണ് ഈ ശബ്ദം. പൊലീസ് സ്റ്റേഷനുകളിലെ ജനമൈത്രി ബീറ്റ് ഓഫീസർമാർ ബെല്ലുകളുടെ കാര്യക്ഷമത ബീറ്റ് സന്ദർശനങ്ങൾക്കിടയിൽ ഉറപ്പുവരുത്താറുണ്ട്. വിവിമ പൊലീസ് സ്റ്റേഷനിലെ ബീറ്റ് ഓഫീസർമാർ നിരന്തരമായി വീടുകൾ സന്ദർശിക്കുകയും ഇവ പരിശോധിച്ച് പ്രവത്തനക്ഷമമാണെന്ന് പരിശോധിക്കും.

ജില്ലയിൽ 380 വീടുകളിൽ ബെൽ ഒഫ് ഫെയ്ത്ത് സംവിധാനം

മണിമുഴങ്ങി, പൊലീസ് കേട്ടു;
വൃദ്ധയ്ക്ക് ജീവൻ തിരിച്ചുകിട്ടി

പൊലീസ് ഏർപ്പെടുത്തിയ 'ബെൽ ഓഫ് ഫെയ്ത്ത് 'എന്ന സംവിധാനത്തിൽ ജീവൻ തിരിച്ചുകിട്ടിയ സന്തോഷത്തിലാണ് 71 വയസുകാരി ഗ്രേസി ജോർജ്. നാല് പെണ്മക്കളുടെ അമ്മയാണ്. മക്കളുടെ വിവാഹശേഷം പന്തളം തോന്നല്ലൂരിലെ വീട്ടിൽ ഒറ്റയ്ക്കാണ് താമസം. ഭർത്താവ് വർഷങ്ങൾക്ക് മുൻപ് മരിച്ചു.
പൊലീസ് ബെൽ ഒഫ് ഫെയ്ത്ത് എന്ന സംവിധാനം നടപ്പാക്കിയപ്പോൾ, ഗ്രേസിയുടെ വീട്ടിലും ഇത് സൗജന്യമായി സ്ഥാപിച്ചു. കഴിഞ്ഞ ശനിയാഴ്ച രാത്രി 11 മണിക്ക് കുളിമുറിയിൽ തെന്നിവീണ് ഇവരുടെ തലയ്ക്കു ഗുരുതരമായ പരുക്കേറ്റു. സഹായത്തിനാരുമില്ലാത്ത സാഹചര്യത്തിൽ ബെൽ ഒഫ് ഫെയ്ത്ത് സംവിധാനം പ്രയോജനപ്പെടുത്തുകയായിരുന്നു. വീട്ടിൽ കരുതിയിരുന്ന റിമോട്ട് അമർത്തിയപ്പോൾ വീടിന്റെ പുറത്ത് ഘടിപ്പിച്ചിട്ടുള്ള അലാറം മുഴങ്ങുകയും ആ സമയം അതുവഴി കടന്നുപോയ പന്തളം പൊലീസ് നൈറ്റ് പട്രോൾ സംഘം ശബ്ദം തിരിച്ചറിഞ്ഞ് സഹായത്തിനെത്തുകയുമായിരുന്നു. സംഘത്തിലുണ്ടായിരുന്ന എസ്.ഐ സന്തോഷ്‌കുമാർ, സി.പി.ഒ അനൂപ് എന്നിവർ വീട്ടിലെത്തി സംഭവത്തിന്റെ ഗൗരവം ഉൾക്കൊണ്ട് നടപടി കൈക്കൊണ്ടു. തുടർന്ന് പന്തളം സി.എം ആശുപത്രിയിൽ ഗ്രേസിയെ പ്രവേശിപ്പിച്ചു. ചികിത്സയ്ക്ക് ശേഷം ഗ്രേസി ഇപ്പോൾ മാവേലിക്കരയിലെ മകളുടെ വീട്ടിൽ സുഖം പ്രാപിച്ചുവരുന്നു.