posters

പാതി നാട്, മറുപാതി കാട്. പകൽ പൊള്ളുന്ന ചൂട്. വൈകുന്നേരങ്ങളിൽ ഇടിവെട്ടി മഴ.പത്തനംതിട്ടയിലെ ഈ കാലാവസ്ഥ തന്നെയാണ് ജില്ലയിലെ രാഷ്ട്രീയത്തിനും. ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലും ഇത്തവണ ത്രികോണമത്സരം. 2016 നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതിനൊപ്പം നിന്ന ജില്ല ലോക്‌സഭ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിലേക്ക് ചാഞ്ഞു.തദ്ദേശം കൂടി കഴിഞ്ഞപ്പോൾ എൻ.ഡി.എയും കൂടിയെത്തി. 2011 നിയമസഭാ തിരഞ്ഞെടുപ്പിൽ തിരുവല്ല, റാന്നി, അടൂർ മണ്ഡലങ്ങൾ ഇടതുപക്ഷത്തിനൊപ്പം നിന്നപ്പോൾ കോന്നിയും ആറന്മുളയും യു.ഡി.എഫിനെ തുണച്ചു.2016 ലെ ഉപതിരഞ്ഞെടുപ്പിൽ വീണാ ജോർജിലൂടെ ആറന്മുളയും എൽ.ഡി.എഫ് പിടിച്ചെടുത്തു.

 കോന്നി

മൂന്ന് മുന്നണികളും മത്സരിച്ച് പ്രചാരണം നടത്തുന്ന കോന്നി ഇത്തവണ പ്രവചനാതീതം.2016 ഉപതിരഞ്ഞെടുപ്പിനേക്കാൾ പൊടിപാറുന്ന പോരാട്ടമാണിവിടെ.സിറ്റിംഗ് എം.എൽ.എ കെ.യു. ജനീഷ് കുമാർ 16 മാസം കൊണ്ട് നടത്തിയ വികസന പ്രവർത്തനങ്ങൾ നിരത്തി ഇടതുമുന്നണിക്കായി വോട്ട് തേടുമ്പോൾ റോബിൻ പീറ്ററിലൂടെ മണ്ഡലം തിരികെപ്പിടിക്കാനാണ് യു.ഡി.എഫ് ശ്രമം. പരാജയമറിയാതെ 25 വർഷം തദ്ദേശ സ്ഥാപനങ്ങളിലെ പ്രതിനിധിയായി നടത്തിയ വികസന പ്രവർത്തനങ്ങളാണ് റോബിൻ പീറ്ററിന്റെ പ്ളസ് പോയിന്റ്. ശബരിമല വിശ്വാസ സംരക്ഷണ നായകൻ എന്ന പരിവേഷത്തോടെയാെണ് എൻ.ഡി.എ സ്ഥാനാർത്ഥിയും ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷനുമായ കെ.സുരേന്ദ്രൻ മത്സര രംഗത്തുള്ളത്. ഉപതിരഞ്ഞെടുപ്പിൽ നേടിയ നാൽപ്പതിനായിരത്തോളം വോട്ടുകളിൽ നിന്ന് മുന്നേറിയാൽ വിജയം ഉറപ്പെന്നാണ് എൻ.ഡി.എയുടെ കണക്ക് കൂട്ടൽ.ആർ. ബാലശങ്കർ തുറന്നുവിട്ട ‘സി.പിഎം-ബി.ജെ.പി ഡീൽ’ വിവാദവും മണ്ഡലത്തിൽ അലയടിക്കുന്നു.

റാന്നി

ശബരിമല ഉൾക്കൊള്ളുന്ന മണ്ഡലം. പ്രചാരണ വിഷയങ്ങളിൽ വിശ്വാസമാണ് മുന്നിൽ. കാൽ നൂറ്റാണ്ടായി എൽ.ഡി.എഫ് വിജയിച്ചുവരുന്ന മണ്ഡലം.ഇത്തവണ കേരള കോൺഗ്രസ് മാണി വിഭാഗത്തിന് മണ്ഡലം സി.പി.എം വിട്ടു കൊടുത്തതോടെ മത്സരചിത്രം മാറി. രണ്ടില ചിഹ്നം വോട്ടർമാരുടെ മനസിൽ പതിപ്പിക്കാൻ മാണി വിഭാഗം, സംസ്ഥാന സെക്രട്ടറി കൂടിയായ പ്രമോദ് നാരായണനെയാണ് രംഗത്തിറക്കിയത്.മുൻ എം.എൽ.എ എം.സി.ചെറിയാന്റെ മകൻ റിങ്കു ചെറിയാനാണ് കോൺഗ്രസ് പോരാളി.ബി.ഡി.ജെ.എസ് സംസ്ഥാന വൈസ് പ്രസിഡന്റും എസ്.എൻ.ഡി.പി യോഗം പത്തനംതിട്ട യൂണിയൻ പ്രസിഡന്റുമായ കെ.പത്മകുമാറാണ് എൻ.ഡി.എ സ്ഥാനാർത്ഥി .

ആറൻമുള

2016ൽ ആറന്മുളയായിരുന്നു പത്തനംതിട്ടയിലെ സ്റ്റാർ മണ്ഡലം. കത്തിപ്പടർന്നത് ആറന്മുള വിമാനത്താവള വിഷയം. പദ്ധതിക്കൊപ്പം നിന്ന യു.ഡി.എഫിനെ മണ്ഡലം കൈവിട്ടു. എൽ.ഡി.എഫിന് വേണ്ടി മത്സരിച്ച പുതുമുഖം വീണാജോർജിനായിരുന്നു വിജയം.അന്ന് തോറ്റ കോൺഗ്രസിലെ കെ.ശിവദാസൻ നായർ തന്നെയാണ് ഇത്തവണ വീണയെ നേരിടുന്നത്.ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശ് 2016ൽ എൻ.ഡി.എയുടെ വോട്ടു വിഹിതം നാൽപ്പതിനായിരത്തോളമായി ഉയർത്തിയിരുന്നു.ഇത്തവണ പ്രാദേശിക നേതാവായ ബിജു മാത്യുവിനെ രംഗത്തിറക്കിയാണ് എൻ.ഡി.എപാേരാട്ടം

അടൂർ

ഇടതു മുന്നണിക്കായി ചിറ്റയം ഗോപകുമാർ മൂന്നാം മത്സരത്തിനിറങ്ങുമ്പോൾ യൂത്ത് കോൺഗ്രസ് ജില്ലാ അദ്ധ്യക്ഷൻ എം.ജി.കണ്ണനെ ഇറക്കിയാണ് യു.ഡി.എഫ് പോരാട്ടം. ബി.ജെ.പിക്കും ശക്തമായ വേരോട്ടമുള്ള മണ്ഡലത്തിൽ കോൺഗ്രസിൽ നിന്ന് രാജി വച്ചെത്തിയ പന്തളം പ്രതാപനാണ് എൻ.ഡി.എ സ്ഥാനാർത്ഥി.

തിരുവല്ല

ഇടതുമുന്നണിക്കായി തുടർച്ചയായ മൂന്നാം മത്സരത്തിന്റെ ആത്മവിശ്വാസവുമായി ജനതാദൾ എസിലെ മാത്യു ടി.തോമസ് ഇറങ്ങിയപ്പോൾ കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിലെ കുഞ്ഞുകോശി പോളിനെയാണ് യു.ഡി.എഫ് ഇറക്കിയത്.ബി.ജെ.പി ജില്ലാ പ്രസിഡന്റ് അശോകൻ കുളനടയെ രംഗത്തിറക്കി എൻ.ഡി.എ ത്രികോണ മത്സരം കടുപ്പിച്ചു.