തിരുവല്ല: കേരളത്തെ പരമദരിദ്ര കുടുംബങ്ങളില്ലാത്ത സംസ്ഥാനമായി മാറ്റുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എൽ.ഡി.എഫ് സ്ഥാനാർത്ഥി മാത്യു ടി.തോമസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എൽ.ഡി.എഫ് സർക്കാർ ലൈഫ് മിഷൻ പദ്ധതിപ്രകാരം അടുത്ത അഞ്ചുവർഷത്തിലുള്ളിൽ അഞ്ചുലക്ഷം വീടുകൾ നിർമിച്ചു നൽകും. എൽ.ഡി.എഫിന്റെ പ്രകടന പത്രികയിൽ ഇക്കാര്യങ്ങളൊക്കെ വ്യക്തമാക്കിയിട്ടുണ്ട്. യു.ഡി.എഫിൽ നിന്നുള്ള നേതാക്കളുടെ വിട്ടുപോക്ക് തുടരുകയാണ്. ബി.ജെ.പിയിലേക്ക് മാത്രമല്ല മതനിരപേക്ഷത ആഗ്രഹിക്കുന്നവർ എൽ.ഡി.എഫിലേക്കും വരുന്നത് സ്വാഗതാർഹമാണ്. വർഗീയ വിരുദ്ധ സമീപനം സ്വീകരിക്കുന്ന ആളുകൾക്ക് തുടരാൻ കഴിയാത്ത പാർട്ടിയായി കോൺഗ്രസ് മാറി. ബി.ജെ.പി ഭരിക്കുന്ന യു.പി സ്ത്രീകൾക്കും പാർശ്വവൽക്കരിക്കപ്പെട്ടവർക്കും എതിരായ ആക്രമണങ്ങളുടെ കേന്ദ്രമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. എൽ.ഡി.എഫ് കൺവീനർ അഡ്വ.ആർ.സനൽകുമാർ അദ്ധ്യക്ഷത വഹിച്ചു. സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം അഡ്വ.കെ.അനന്തഗോപൻ, ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു, കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് എൻ.എം.രാജു, നേതാക്കളായ ഡോ.വർഗീസ് ജോർജ്ജ്, അലക്സ് കണ്ണമല, അഡ്വ.കെ.ജി.രതീഷ്‌കുമാർ, ഫ്രാൻസിസ് വി.ആന്റണി, ബിനിൽകുമാർ, പ്രമോദ് ഇളമൺ, എന്നിവർ പ്രസംഗിച്ചു.