
പത്തനംതിട്ട : വർഗീയ ശക്തികളുമായി സമരസപ്പെടാനാണ് കോൺഗ്രസിന് താൽപര്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആറന്മുള നിയോജക മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി വീണാ ജോർജിന്റെ തിരഞ്ഞെടുപ്പു പ്രചാരണാർത്ഥം പത്തനംതിട്ടയിൽ നടന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസുകാർ വർഗീയ അടയാളങ്ങൾ സ്വയം എടുത്ത് അണിയുകയാണ്. അല്പം വ്യത്യാസമുണ്ടായിരുന്ന കേരളത്തിലെ കോൺഗ്രസുകാർ ഇപ്പോൾ മറ്റ് സംസ്ഥാനങ്ങളിലെപ്പോലെ മാറുകയാണ്. നേമത്ത് ബി.ജെ.പി അക്കൗണ്ട് തുറക്കാൻ സഹായിച്ചത് കോൺഗ്രസാണ്. മറ്റൊരിടത്ത് കോൺഗ്രസ് നേതാവിനെ ജയിപ്പിക്കാൻ ബി.ജെ.പിക്ക് അക്കൗണ്ട് തുറന്നുനൽകി. മതനിരപേക്ഷത തകർക്കാൻ നോക്കുന്ന സംഘപരിവാർ ശക്തികളെ പ്രോത്സാഹിപ്പിക്കുന്ന നടപടികളാണ് കോൺഗ്രസിന്റേത്.
രാജ്യം നേരിടുന്ന ഗുരുതര പ്രശ്നമാണ് മതനിരപേക്ഷത തകർക്കാനുള്ള ശ്രമം. ലോകം ആദരിക്കുന്ന കന്യാസ്ത്രീകളെ ആക്ഷേപിക്കുന്ന ഒരു സമൂഹം നമുക്ക് ചുറ്റിനും ഉണ്ട്. ഒരു തെറ്റും ചെയ്യാത്തവരെ അന്യായമായി പീഡിപ്പിക്കുകയും കുറ്റവാളികളെ സംരക്ഷിക്കുകയുമാണ് സംഘപരിവാർ. ആ സംഘപരിവാറിനെയാണ് കോൺഗ്രസ് പിന്തുണയ്ക്കുന്നത്. കോൺഗ്രസ് തുടങ്ങിവച്ച ഇന്ധനവിലയും പൊതുമേഖല സ്ഥാപനങ്ങളുടെ വില്പനയും കൂടുതൽ തീവ്രമായി നടപ്പാക്കുകയാണ് സംഘപരിവാർ. വികസനം വാഗ്ദാനങ്ങളിലല്ല പ്രവർത്തിയിലാണെന്ന് സംസ്ഥാനസർക്കാർ തെളിയിച്ചു. ഖജനാവിൽ പണം കുറഞ്ഞപ്പോൾ കിഫ്ബിയെ ആശ്രയിച്ചു. 50000 കോടിക്ക് പകരം 63000 കോടിയുടെ വികസനമാണ് നടന്നിരിക്കുന്നത്. റോഡ്, സ്കൂൾ, കെട്ടിടങ്ങൾ, പാലങ്ങൾ, ആരോഗ്യം എല്ലാത്തിനും പ്രാധാന്യം നൽകി. അതുകൊണ്ടുതന്നെ ഇടതുപക്ഷം വീണ്ടും വരണമെന്ന് ജനം ആവശ്യപ്പെടുന്നതായി അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ ചെങ്ങറ സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എ. പദ്മകുമാർ, കെ.ജെ തോമസ്, കെ.അനന്തഗോപൻ, കെ.പി ഉദയഭാനു ,എ .പി ജയൻ, മാത്യൂസ് ജോർജ്, ആനി സ്വീറ്റി, ഫീലിപ്പോസ് തോമസ്, ജിജി ജോർജ്, സുമേഷ് ഐശ്വര്യ, ബി.ഷാഹുൽ , ടി.കെ.ജി നായർ,മനോജ് മാധവശേരി ടി. സക്കീർ ഹുസൈൻ എം.വി സഞ്ചു, സത്യൻ കണ്ണങ്കര, നൗഷാദ്, പി.കെ. ജേക്കബ്, ബിജി ജോസഫ്, ബിജു മുസ്തഫ, ജിജോ മോഡി, അമൃതം ഗോകുലൻ, എസ്. നിർമ്മലാദേവി, സീതത്തോട് മോഹൻ, പി.വി സ്റ്റാലിൻ, ആർ. അജയകുമാർ, എൻ. സജികുമാർ തുടങ്ങിയവർ സംസാരിച്ചു.
ആവേശമായി ക്യാപ്റ്റൻ
പത്തനംതിട്ട: എൽ.ഡി.എഫ് പ്രചാരണങ്ങൾക്ക് ആവേശവും വേഗതയും പകർന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ കേരളയാത്ര ജില്ലയിലെത്തി. വിവാദ വിഷയങ്ങളിലേക്ക് കടക്കാതെ എൽ.ഡി.എഫ് സർക്കാരിന്റെ വികസന പ്രവർത്തനങ്ങളിൽ ഉൗന്നിയായിരുന്നു പൊതുസമ്മേളന വേദികളിൽ പിണറായിയുടെ പ്രസംഗം. ശബരിമല ഉൾപ്പെടുന്ന ജില്ലയായിട്ടും വിഷയത്തിലേക്ക് കടന്നില്ല.
ചെങ്ങന്നൂരിൽ നിന്ന് ജില്ലയിൽ പ്രവേശിച്ച പിണറായി വിജയൻ തിരുവല്ലയിൽ നിന്നാണ് ജില്ലയിലെ പര്യടനങ്ങൾ തുടക്കംകുറിച്ചത്. രാവിലെ 10മണിയോടെ എലൈറ്റ് ഹോട്ടലിൽ 45 മിനിട്ട് വാർത്താസമ്മേളനത്തിന് ശേഷം മുനിസിപ്പൽ മൈതാനിയിൽസമ്മേളന സ്ഥലത്തേക്ക് എത്തിയപ്പോൾ പ്രിയ സഖാവിന് ആയിരങ്ങൾ ആവേശത്തോടെ അഭിവാദ്യങ്ങൾ അർപ്പിച്ചു. കിഫ്ബിയുടെ പ്രവർത്തനങ്ങളെ ന്യായീകരിച്ചും കേന്ദ്ര അന്വേഷണ ഏജൻസികളെയും കോൺഗ്രസിനെയും ബി.ജെ.പിയെയും വിമർശിച്ചും കൃത്യതയുളള വാക്കുകളിൽ പിണറായിയുടെ പ്രസംഗം. റാന്നി ഇട്ടിയപ്പാറ ജംഗ്ഷനായിരുന്നു അടുത്ത പ്രസംഗവേദി. വൈകിട്ട് നാല് മണിയോടെ പത്തനംതിട്ട നഗരസഭ സ്റ്റേജിലെ പ്രസംഗവേദിയിലെത്തിയ പിണറായിക്ക് വൻ വരവേൽപ്പ് ലഭിച്ചു. കോൺഗ്രസിനെ കടന്നാക്രമിച്ചായിരുന്നു ഇടതുപക്ഷ നായകന്റെ പ്രസംഗം. തുടർന്ന് കോന്നി ചന്ത മൈതാനിയിൽ നടന്ന സമ്മേളനത്തിൽ പിണറായിയുടെ വാക്കുകൾ കേൾക്കാൻ ആയിരങ്ങളെത്തിയിരുന്നു. അടൂർ കെ.എസ്.ആർ.ടി.സി സ്റ്റാന്റിന് സമീപത്തെ പൊതുസമ്മേളനത്തോടെ പിണറായിയുടെ ജില്ലയിലെ പര്യടനം സമാപിച്ചു.