siva
ശി​വദാസൻ നായരും പ്രൊഫ. പി.ആർ. ലളിതമ്മയും

ആറന്മുള: ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിന് പടിഞ്ഞാറ് ഇടയാറന്മുള ശിവമഠത്തിൽ വീട്ടിൽ നിന്ന് നാട്ടുകാരുടെ ഇടയിലേക്ക് നടന്നിറങ്ങുന്ന ശിവദാസൻ നായർക്ക് ആശങ്ക തീരെയില്ല.

ആറന്മുള മണ്ഡലത്തിൽ ഇക്കുറി മൂന്നാംഅങ്കമാണ്. മണ്ഡല പുനർ നിർണയത്തിന് മുൻപ് പത്തനംതിട്ട മണ്ഡലത്തിലും ശേഷം ആറന്മുളയിലും വെന്നിക്കൊടി പാറിച്ച ശിവദാസൻ നായർക്ക് പക്ഷെ 2016ൽ കാലിടറി. ഇക്കുറി ഉന്നത വിജയം കൈപ്പിടിയിലൊതുക്കാമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം. എന്നാൽ തിരഞ്ഞെടുപ്പ് തിരക്കിനിടയിലും മികച്ച ഒരു കുടുംബനാഥന്റെ റോൾ അദ്ദേഹം ഇപ്പോഴും കൈകാര്യം ചെയ്യുന്നു. ദേവസ്വം ബോർഡ് കോളേജുകളിലെ അദ്ധ്യാപികയായിരുന്ന ഭാര്യ പ്രൊഫ. പി.ആർ. ലളിതമ്മ പൂർണ പിന്തുണ നൽകി നേതാവിന് ഒപ്പമുണ്ട്. ശിവദാസൻ നായരുടെ രാഷ്ട്രീയ പോരാട്ടങ്ങൾക്കും പ്രവർത്തനങ്ങൾക്കും കൂട്ടായും തണലായും ഒപ്പം നിൽക്കുന്ന ആശ്രയവും ഉപദേശവുമാണ് ലളിതമ്മ. ആ നിറപുഞ്ചിരി നൽകുന്ന കരുത്താണ് എക്കാലവും പ്രചോദനം നൽകുന്നതെന്നും ശിവദാസൻ നായർ പറയുന്നു. മണ്ഡലത്തിലെ ജനങ്ങളുടെ പരാതി പരിഹരിക്കാൻ അദ്ദേഹം കാട്ടുന്ന വ്യഗ്രത ജീവിതശൈലിയിലും അദ്ദേഹം പുലർത്തുന്നുണ്ട്. ദിവസവും രാവിലെ ഷട്ടിൽ കളിക്കാൻ പോകുന്ന അദ്ദേഹത്തിന് യോഗ പരിശീലനത്തിന്റെ പ്രാധാന്യം ഹൃദിസ്ഥമാക്കി നൽകിയത് ലളിതമ്മ ടീച്ചറാണ്. യോഗ പരിശീലനം ജീവിതത്തിന്റെ ഭാഗമാക്കിയെങ്കിലും യോഗയിൽ നേതാവാകാനുള്ള 'യോഗം ' കിട്ടിയത് ടീച്ചർക്കാണ്. യോഗ ചാമ്പ്യൻഷിപ്പ് വെറ്ററൽ വിഭാഗത്തിൽ ജില്ലാ ജേതാവാണ് ലളിതമ്മ.

സസ്യാഹാരത്തോടാണ് അദ്ദേഹത്തിന് കൂടുതൽ പ്രിയമെന്ന് ടീച്ചർ പറയുന്നു. രാഷ്ട്രീയത്തിലെന്ന പോലെ ആഹാര കാര്യത്തിലും നിബന്ധനകളില്ല.

വാക്കുകൾ പോലെ നാവിനിണങ്ങിയത് എന്തു ഭക്ഷണവും വഴങ്ങും. ആ ഊർജ്ജമാണ് 72 ന്റെ നിറവിലുമുള്ള ഇൗ ചുറുചുറുക്ക്.

മൂത്തമകൾ കല്യാണി എന്ന അശ്വതി മസൂരി ഐ.എ.എസ് അക്കാദമി ഡെപ്യൂട്ടി ഡയറക്ടറാണ്. ഇളയ മകൾ എസ്. ആരതി അദ്ധ്യാപികയും. മനോജ് വി.നായർ ( മസൂരി ഐ.എ.എസ് അക്കാദമി ), ഡോ.വിവേക് ശശീന്ദ്രൻ ( പുഷ്പഗിരി മെഡിക്കൽ കോളജ് ആശുപത്രി, തിരുവല്ല)