
വീണാ ജോർജ്
ഒപ്പം നിന്നില്ലേ , ഞങ്ങളും ഒപ്പമുണ്ട്
കോഴഞ്ചേരി. നെല്ലിക്കാല ജംഗ്ഷനിൽ വോട്ടു ചോദിച്ചെത്തിയ എൽ.ഡി.എഫ് സ്ഥാനാർത്ഥി വീണാ ജോർജിനോട്, ഉയരുന്ന ബഹുനില സ്‌കൂൾ കെട്ടിടം ചൂണ്ടി നെല്ലിക്കാല പ്രവീൺ സ്റ്റോഴ്‌സ് ഉടമ പ്രവീൺ ചോദിച്ചു ' ഞങ്ങടെ കൊച്ചു സ്‌കൂളും ഹൈടെക്കാക്കിയ സർക്കാരിനെയും എം എൽ എയുമല്ലാതെ മറ്റാരെയാണ് ഞങ്ങൾ പിന്തുണയ്ക്കേണ്ടത്. " മഞ്ജു സ്റ്റോഴ്‌സ് ഉടമ ജഗദമ്മ, നടുവത്ത് ബിജു തോമസ്, പൗർണമി സ്റ്റോഴ്‌സ് ഉടമ രഘുനാഥ്,നടുവത്ത് ആഷ്‌ലി മാത്യു ശാമുവൽ എന്നിവരും ഇതുതന്നെയാണ് പറഞ്ഞത്.
, കാരംവേലി ഗവ.എൽ പി സ്‌കൂൾ ജില്ലയിലെ മികച്ച എൽ. സ്‌കൂളാണ്. ഓരോ ക്ലാസിലും രണ്ടു ഡിവിഷനുകൾ വീതമുണ്ട്. എന്നാൽ ഭൗതിക സൗകര്യങ്ങൾ കുറവാണ്.ഇതിന് ശാശ്വത പരിഹാരമായാണ് 75 ലക്ഷം രൂപ ചെലവിൽ ബഹുനില കെട്ടിടം പണിയുന്നത്.നിർമാണം അവസാന ഘട്ടത്തിലാണ്.
വീണാ ജോർജ് എം.എൽ.എ ആയതോടെ നൂറു കോടിയിലധികം രൂപയുടെ വികസനങ്ങളാണ് മല്ലപ്പുഴശേരി പഞ്ചായത്തിൽ മാത്രം നടന്നത്. ബി എം ആൻഡ് ബി.സി റോഡുകളും, ആശുപത്രിയും കൂടാതെ പ്രളയ സഹായം, ഫിഷറീസ് കോംപ്ലക്‌സ്, കിറ്റ് , മറ്റ് സർക്കാർ ആനുകൂല്യങ്ങൾ എന്നിവയും വീണയുടെ പ്രചാരണ വിഷയങ്ങളാണ്.
ബുധനാഴ്ച രാവിലെ നെല്ലിക്കാലാ ജംഗ്ഷനിൽ നിന്നായിരുന്നു പ്രചാരണത്തിന് തുടക്കം.തുടർന്ന് തുണ്ടുഴം, കുഴിക്കാല, കാഞ്ഞിരവേലി, തറയിയിൽ മുക്ക്, കർത്തവ്യം എന്നിവിടങ്ങളിലെത്തി.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഉഷാകുമാരി, വൈസ് പ്രസിഡന്റ് ടി.പ്രദീപ് കുമാർ, സി പി. എം ഏരിയാ കമ്മിറ്റി അംഗം ജേക്കബ് തര്യൻ, സി.പി.ഐ ലോക്കൽ സെക്രട്ടറി തോമസ് യേശുദാസ് ,ദിവാകരൻ, അമൽ സത്യൻ, സജിത് പി ആനന്ദ്, സോമരാജൻ എന്നിവരും വീണാജോർജിനൊപ്പം ഉണ്ടായിരുന്നു.
------------------------
കെ..ശിവദാസൻ നായർ
നാടിനൊപ്പം നാട്ടുവഴികളിലൂടെ
യു.ഡി.എഫ് സ്ഥാനാർത്ഥി കെ. ശിവദാസൻ നായരുടെ തിരഞ്ഞെടുപ്പ് പര്യടനം ഇന്നലെ വേനൽച്ചൂടിന്റെ ആധിക്യത്തെ വകവയ്ക്കാതെ കത്തിക്കയറിയത് ഇരവിപേരൂർ പഞ്ചായത്തിൽ .
രാവിലെ ഒൻപതരയോടെ തിരുവാമന പുരത്തിന് സമീപം തുരുത്തിഭാഗത്ത് നിന്ന് പ്രചാരണം തുടങ്ങി. ഉദ്ഘാടകനായി എത്തിയ ജോർജ്ജ് മാമ്മൻ കൊണ്ടൂരുൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളുമായി കുശലം പറഞ്ഞ ശേഷം നാട്ടുകാരുടെ സ്വീകരണം ഏറ്റുവാങ്ങി. പൊള്ളയായ വികസന വാഗ്ദാനം നൽകിയ ഇപ്പോഴത്തെ ജനപ്രതിനിധിയോടുള്ള വിമർശനവും യുഡിഎഫിന്റെ കഴിഞ്ഞ കാല വികസന നേട്ടവും പുത്തൻ പ്രതീക്ഷകളും അവതരിപ്പിച്ച് പ്രസംഗം. കോൺഗ്രസ് പ്രവർത്തനായ അനിൽ കുമാർ കണിക്കൊന്നപ്പൂക്കൾ സമ്മാനിച്ചത് സ്നേഹത്തോടെ ഏറ്റുവാങ്ങി. വീണ്ടും പ്രചാരണ വാഹനത്തിലേക്ക്. കാവുങ്കൽ ജംഗ്ഷനിൽ കച്ചവടക്കാരും ഓട്ടോറിക്ഷ തൊഴിലാളികളും ഉൾപ്പെടെയുള്ളവരോട് വോട്ട് അഭ്യർത്ഥിച്ചു. തുടർന്ന് നന്നൂർ ജംഗ്ഷൻ വഴി തേളൂർമലയിലേക്ക്. തോട്ടപ്പുഴ വഴി പുലയകുന്ന് ഭാഗത്തൂകൂടി പോകുമ്പോൾ സമീപവാസിയായ ആലീസ് ചെറിയാനും കുടുംബവും പൂവൻ പഴങ്ങൾ നൽകി . കാരുണ്യ പദ്ധതി നിറുത്തലാക്കിയതിനെതിരെ രാമചന്ദ്രൻ, മനോജ് തുടങ്ങിയവർ പരാതികൾ പറഞ്ഞു. യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയാൽ കാരുണ്യ പദ്ധതി പുന:സ്ഥാപിക്കുമെന്ന് പ്രസംഗങ്ങളിലുടനീളം ആവർത്തിച്ചു. കണ്ണങ്കരമോഡി വഴി വള്ളംകുളത്തേക്കുള്ള യാത്രയിൽ അജ്മൻ സണ്ണി കരിക്ക് നൽകി സ്വീകരിച്ചു. തുടർന്ന് വള്ളംകുളം ജംഗ്ഷനിലും നെല്ലാട് ജംഗ്ഷനിലും സ്വീകരണം. ഇരവിപേരൂരിൽ കോൺഗ്രസ് നേതാക്കളായ താരിഖ് അൻവറും ഐവാൻ ഡിസൂസയും പ്രചാരണം വിലയിരുത്താൻ എത്തി. അവർക്കൊപ്പം സമീപത്തെ കടകളിൽ വോട്ട് അഭ്യർത്ഥിച്ചു. സമാപന സമ്മേളനം പഴയകാവ് ജംംഗ്ഷനിൽ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ സജി ചാക്കോ ഉദ്ഘാടനം ചെയ്തു.
------------------------
ബിജു മാത്യു
നാടിനൊപ്പം നാട്ടുകാരനായി
കത്തുന്ന വെയിലിനെ വകവയ്ക്കാതെ പോരാട്ടച്ചൂടിന്റെ തിരക്കിലായിരുന്നു ഇന്നലെ ആറൻമുള മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥി ബിജു മാത്യു. മെഴുവേലി, ഓമല്ലൂർ, ചെന്നീർക്കര പഞ്ചായത്തുകൾ കേന്ദ്രീകരിച്ചായിരുന്നു പര്യടനം. വീടുകളിലെത്തി വോട്ടർമാരെ നേരിട്ട് കണ്ട് വോട്ടു തേടുന്നതിനായിരുന്നു പ്രാമുഖ്യം നൽകിയത്. വീട്ടമ്മമാർ ഉൾപ്പടെയുള്ളവർ മിക്കയിടത്തും സ്ഥാനാർത്ഥിയെ നേരിട്ട് കണ്ട് പിന്തുണയേകാൻ കാത്തുനിന്നു. മോദി സർക്കാർ രാജ്യത്തു നടപ്പാക്കിയ വികസന പ്രവർത്തനങ്ങളെക്കുറിച്ച് വിവിധ ജംഗ്ഷനുകളിൽ ചേർന്ന യോഗങ്ങളിൽ സ്ഥാനാർത്ഥി വിശദീകരിച്ചു. വ്യാപാര സ്ഥാപനങ്ങളിലും വോട്ടഭ്യർത്ഥിച്ചു. തൊഴിലുറപ്പു തൊഴിലാളികളും കുട്ടികളും ഉൾപ്പെടെയുള്ളവർ സ്ഥാനാർത്ഥിയെ വരവേറ്റു. ഇന്ന് കോഴഞ്ചേരി , തോട്ടപ്പുഴശേരി പഞ്ചായത്തുകളിൽ പര്യടനം നടക്കും. രാവിലെ 9 ന് കോഴഞ്ചേരി സി. കേശവൻ സ്ക്വയറിൽ തിരഞ്ഞെടുപ്പ് പര്യടനത്തിന് തുടക്കം കുറിച്ച് ബി.ജെ.പി ദേശീയ സമിതി അംഗം വി.എൻ.ഉണ്ണി പുഷ്പാർച്ചന നടത്തും. തുടർന്ന് തോട്ടപ്പുഴശേരി പഞ്ചായത്തിലെ സ്വീകരണ പര്യടനം പൂഴിക്കുന്നിൽ നിന്ന് ആരംഭിക്കും. ഉച്ച കഴിഞ്ഞ് കോഴഞ്ചേരി പഞ്ചായത്തിൽ പര്യടനം തുടരും. വൈകിട്ട് സമാപന സമ്മേളനം ബി.ജെ..പി ജില്ലാ ജനറൽ സെക്രട്ടറി വിജയകുമാർ മണിപ്പുഴ ഉദ്ഘാടനം ചെയ്യും.