v
v

പത്തനംതിട്ട: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പെരുമാറ്റ ചട്ടലംഘനം ഉണ്ടായതായി തോന്നിയാൽ വോട്ടർമാർക്ക് സിവിജിലിലൂടെ പരാതിപ്പെടാം. സിവിജിൽ ആപ്പ് വഴിയാണ് പൊതു ജനങ്ങൾക്ക് ഇതിനുള്ള സൗകര്യം ലഭിക്കുന്നത്. സിവിജിൽ മുഖേന ജില്ലയിൽ ഇതുവരെ ലഭിച്ചത് 893 പരാതികളാണ്. ഇതിൽ 880 പരാതികൾ പരിഹരിച്ചു. 13 പരാതികളിൽ കഴമ്പില്ല എന്ന് വ്യക്തമായതിനെ തുടർന്ന് ഒഴിവാക്കി. സിവിജിൽ ആപ്പ് വഴി ഇതുവരെ രജിസ്റ്റർ ചെയ്തത് 314 പരാതികളാണ്. ബാക്കിയുള്ള പരാതികൾ മാതൃകാ പെരുമാറ്റച്ചട്ട ലംഘനമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് സ്‌ക്വാഡുകൾ സ്വമേധയാ രജിസ്റ്റർ ചെയ്തവയാണ്.

പൊതുജനങ്ങൾ നൽകുന്ന പരാതിക്ക് 100 മിനിട്ടിനുള്ളിൽ സിവിജിൽ സംവിധാനത്തിലൂടെ പരിഹാരം ഉണ്ടാകും. പണം, മദ്യം, ലഹരി, പാരിതോഷികങ്ങൾ എന്നിവയുടെ വിതരണം, ഭീഷണിപ്പെടുത്തൽ, മതസ്പർദ്ധയുണ്ടാക്കുന്ന പ്രസംഗങ്ങൾ, വോട്ടർമാർക്ക് സൗജന്യ യാത്രയൊരുക്കൽ, അനധികൃതമായി പ്രചാരണ സാമഗ്രികൾ പതിക്കുക തുടങ്ങി പെരുമാറ്റച്ചട്ട ലംഘനത്തിന്റെ പരിധിയിൽ വരുന്ന ഏതു പ്രവർത്തനങ്ങൾക്കെതിരെയും പൊതുജനങ്ങൾക്ക് സിവിജിൽ സംവിധാനത്തിലൂടെ പരാതി നൽകാം. പൊതുജനങ്ങൾക്ക്

പരാതി നൽകേണ്ടത് ഇങ്ങനെ


സിവിജിൽ ആപ്ലിക്കേഷൻ ഉപയോഗിച്ചാണ് പരാതികൾ അയക്കാൻ കഴിയുക. സിവിജിൽ ആപ്പ് ആൻഡ്രോയിഡ്, ഐ.ഒ.എസ് പ്ലാറ്റ്‌ഫോമുകളിൽനിന്ന് ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാം. മൊബൈൽഫോണിൽ ജി.പി.എസ് ഓപ്ഷൻ ഓൺചെയ്തിട്ടാൽ മാത്രമേ പരാതികൾ കൺട്രോൾ സെല്ലിൽ ലഭിക്കുകയുള്ളൂ. മൊബൈൽ നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്ത് പരാതികൾ അപ്‌ലോഡ് ചെയ്യാം. ഫോട്ടോ, വീഡിയോ, ശബ്ദരേഖ എന്നിങ്ങനെ മൂന്ന് രീതിയിലാണ് പരാതികൾ അപ്‌ലോഡ് ചെയ്യേണ്ടത്. പരാതിക്ക് കാരണമായ സ്ഥലത്ത് നിന്നാകണം ഫോട്ടോ, വീഡിയോ, ശബ്ദരേഖ എന്നിവ അപ്‌ലോഡ് ചെയ്യേണ്ടത്. പരാതിക്കാരന്റെ പേര് വെളിപ്പെടുത്താതെയോ അല്ലാതെയോ പരാതികൾ അയക്കാം. ഒരാൾക്ക് എത്ര പരാതികൾ വേണമെങ്കിലും ഇപ്രകാരം അയക്കാം.
പത്തനംതിട്ട കളക്ടറേറ്റിൽ പ്രവർത്തിക്കുന്ന കൺട്രോൾ റൂമിലാണ് പരാതികൾ ആദ്യം ലഭിക്കുക. ഉടൻ അതത് നിയോജക മണ്ഡലങ്ങളിലെ സ്‌ക്വാഡുകൾക്ക് കൈമാറും. ഇവരാണ് പരാതികളെക്കുറിച്ച് അന്വേഷിക്കുന്നത്. ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലായി 45 സ്‌ക്വാഡുകളാണ് നിരീക്ഷണം നടത്തുന്നത്. അന്വേഷണം നടത്തുന്ന സ്‌ക്വാഡ് വരണാധികാരിക്ക് മൊബൈൽ ആപ്ലിക്കേഷനിലൂടെ തന്നെ റിപ്പോർട്ട് നൽകും. അന്വേഷണ റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്ക് വരണാധികാരി നടപടി സ്വീകരിക്കും. എം.സി.സി വഴി 28 പരാതികളും ജില്ലയിൽ ലഭിച്ചു.