tvla
മാത്യു ടി​ തോമസ് തി​രുവല്ലയി​ൽ പ്രചരണത്തി​നി​ടെ

മനസുകളിലേക്ക് മാത്യു ടി.

കടപ്ര പഞ്ചായത്തിലെ പുളിക്കീഴ് ജംഗ്‌ഷൻ കൊടിതോരണങ്ങൾ അലങ്കരിച്ചിരിക്കുന്നു. അങ്ങിങ്ങായി പ്രവർത്തകരുടെ കൂട്ടം. എൽ.ഡി.എഫ് സ്ഥാനാർത്ഥി മാത്യു ടിയുടെ പര്യടനം തുടങ്ങുകയാണ്. മൈക്കിലൂടെ വിപ്ലവഗാനങ്ങൾ മുഴങ്ങുന്നു. സ്ഥാനാർത്ഥിയുടെ അകമ്പടി വാഹനം മൈക്കിലൂടെ നാടിനെ വിളിച്ചുണർത്തി കടന്നുവരുന്നു. പിന്നാലെ തുറന്ന ജീപ്പിൽ മാത്യു ടിയും. നേരം കളയാതെ സമ്മേളനത്തിലേക്ക്. എൽ.ഡി.എഫ് സർക്കാർ കൊവിഡ് കാലത്ത് ചെയ്ത ക്ഷേമപ്രവർത്തനങ്ങളും ജനങ്ങളോടുള്ള കരുതലുമൊക്കെ ഊന്നിപ്പറഞ്ഞു മുൻ എം.എൽ.എ എലിസബത്ത് മാമ്മൻ മത്തായി സമ്മേളനം ഉദ്ഘാടനം ചെയ്തു. വികസന പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടി വീണ്ടും തനിക്ക് അവസരം നൽകണമെന്ന് മാത്യു ടിയുടെ അഭ്യർത്ഥനയും. സമ്മേളനം വൈകാതെ അവസാനിപ്പിച്ച് അടുത്ത സ്വീകരണ കേന്ദ്രത്തിലേക്ക്.
ഇടുങ്ങിയ വഴികളിലൂടെ അകമ്പടി വാഹനങ്ങൾക്ക് പിന്നാലെ സ്ഥാനാർത്ഥി തുറന്ന ജീപ്പിലിരുന്ന് വീടുകൾക്ക് മുന്നിൽ നിൽക്കുന്നവരെ ചിരിച്ചും കൈവീശി കാണിച്ചും കടന്നുപോകുന്നു. വാലുപറമ്പിൽ പടിയിലെ സ്വീകരണ കേന്ദ്രത്തിന് സമീപം നടക്കാൻ വയ്യാതെ വീട്ടുമുറ്റത്തിരുന്ന വൃദ്ധൻ സ്ഥാനാർത്ഥിയെ അരികിലേക്ക് വിളിച്ച് തലയിൽ കൈവെച്ച് അനുഗ്രഹിച്ചു. പിന്നീട് പനച്ചമൂട് ജംഗ്‌ഷനിലേക്ക്. വെടിക്കെട്ടും ആരവവും. കുടുംബശ്രീ,തൊഴിലുറപ്പ് തൊഴിലാളികൾ ഉൾപ്പെടെ ഒട്ടേറെപ്പേർ സ്വീകരിക്കാനെത്തി. കടപ്ര, നിരണം, പരുമല മേഖലകളിലെ 58 കേന്ദ്രങ്ങളിൽ പര്യടനം നടത്തി.

കരംകവർന്ന് അശോകൻ കുളനട
കുളനട പഞ്ചായത്തിന്റെ വീരനായകനായ അശോകൻ കുളനട ഇതാ ഈ വാഹനത്തിന് തൊട്ടുപിന്നാലെ കടന്നുവരുന്നു.... അനൗൺസ്‌മെന്റ് വാഹനം നാടിനെ വിളിച്ചുണർത്തി ആഞ്ഞിലിത്താനം ജംഗ്ഷനിലേക്കെത്തി. കിഫ്ബിയിലൂടെ സർക്കാർ കടങ്ങൾ വാങ്ങി കൂട്ടുകയാണെന്നും കേന്ദ്ര സർക്കാർ നൽകുന്ന അരിയും മറ്റു സാധനങ്ങളും കിറ്റിലാക്കി നൽകുന്ന പണിയാണ് സംസ്ഥാന സർക്കാർ ചെയ്യുന്നതെന്നും തുടങ്ങി ആക്ഷേപങ്ങൾ ഉന്നയിച്ച് ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് പി.ആർ.ഷാജി കത്തിക്കയറുകയാണ്. പ്രസംഗം തീരുംമുമ്പേ സ്ഥാനാർത്ഥി അശോകൻ കുളനട തുറന്ന ജീപ്പിൽ വോട്ടർമാരെ അഭിവാദ്യം ചെയ്ത് സ്ഥലത്തെത്തി. കടകളിലും മറ്റും തിരക്കിട്ട് എല്ലാവരോടും കൈപിടിച്ച് വോട്ട് അഭ്യർത്ഥിച്ചു. ചിലർ സ്ഥാനാർത്ഥിക്ക് ഹാരമണിയിച്ചു. തിരുവല്ലയിലെ വികസനം വെറും പൊള്ളയാണ്. അപകട ബൈപ്പാസും നോക്കുകുത്തിയായ കെ.എസ് .ആർ.ടി.സി ഷോപ്പിംഗ് കോംപ്ലക്സുമാണ് ആകെയുള്ള വികസനം. അവസരം തന്നാൽ വികസന മുന്നേറ്റം കാഴ്ചവയ്ക്കാമെന്നും അദ്ദേഹം പറഞ്ഞു. പിന്നീട് പര്യടനം കോലത്തുമല ഭാഗത്തായിരുന്നു. പോകുന്ന വഴിയിൽ പരുമല പള്ളിയുടെ കുരിശടിയിലും ഗുരുദേവ കാണിക്കമണ്ഡപത്തിലും നാണയമിട്ട് അശോകൻ കുളനട പ്രാർത്ഥിച്ചു. മൈലക്കാട് ഭാഗങ്ങളിലെ വീടുകളിലും കയറി വോട്ട് ചോദിച്ചു. കുന്നന്താനം പഞ്ചായത്തിലെ പര്യടനം പൂർത്തിയാക്കി കവിയൂർ പഞ്ചായത്തിലേക്ക്.

ഒപ്പമുണ്ടെന്നറിയിച്ച് കുഞ്ഞുകോശി

ആനിക്കാട് പഞ്ചായത്തിലെ ഉയർന്ന പ്രദേശമായ തവളപ്പാറയിൽ യു.ഡി.എഫ് സ്ഥാനാർത്ഥി കുഞ്ഞുകോശി പോൾ പര്യടനത്തിലാണ്. ചില വീടുകളിൽ കയറി വോട്ട് അഭ്യർത്ഥിക്കാനായി സ്ഥാനാർത്ഥി വാഹനത്തിൽ നിന്നിറങ്ങി. ആദ്യ വീട്ടിൽ ബൊക്ക നൽകിയാണ് സ്വീകരിച്ചത്. ഒപ്പം മലകയറിയെത്തിയവർക്ക് കുടിക്കാൻ നാരങ്ങാവെള്ളവും. അടുത്ത സ്വീകരണ കേന്ദ്രമായ പുതുകുളത്ത് എത്തിയപ്പോൾ കാഴ്ച മാറി. ഒഴിഞ്ഞ കലങ്ങളും തലയിലേന്തി കുറെ സ്ത്രീകൾ സ്ഥാനാർത്ഥിയുടെ മുന്നിലെത്തി. ഇവിടുത്തെ കുടുംബങ്ങളുടെ കുടിവെള്ള പ്രശ്നം ഏറെക്കാലമായി പരിഹരിച്ചിട്ടില്ലെന്നും വേനൽക്കാലത്ത് പ്രശ്നം അതിരൂക്ഷമാകുമെന്നും അവർ ചൂണ്ടിക്കാട്ടി. തനിക്ക് അവസരം ലഭിച്ചാൽ പ്രശ്നം പരിഹരിക്കുമെന്ന് സ്ത്രീകൾക്ക് ഉറപ്പ് നൽകി. ഇതിനിടെ സ്ഥാനാർത്ഥിക്കൊപ്പം സെൽഫിയെടുക്കാൻ ചില യുവാക്കൾ അടുത്തുകൂടി. ആനിക്കാട് പര്യടനം കഴിഞ്ഞു മല്ലപ്പള്ളിയിലെത്തിയപ്പോൾ കടുത്ത ചൂടിന് ഊഷ്‌മളത പകർന്ന് മഴയെത്തി. പെയ്ത മഴയിലും പ്രവർത്തകരുടെ ആവേശം ചോർന്നില്ല പര്യടനം തുടർന്നു. മഞ്ഞത്താനം കോളനിയും പിന്നിട്ട് നെല്ലിമൂട് എത്തിയപ്പോൾ മഴ മാറി. ഇന്നലത്തെ പര്യടനം കീഴ്വായ്പൂര് പൂർത്തിയാക്കിയപ്പോൾ രാത്രി ഏറെ വൈകി.