
പത്തനംതിട്ട : തിരഞ്ഞെടുപ്പിന് ഇനി 12 നാൾ. കടുത്ത മത്സരവുമായി മുന്നണികൾ കളത്തിലുണ്ട്. ജില്ലയിലെ 5 മണ്ഡലങ്ങളിലും പ്രചാരണത്തിൽ ഒപ്പത്തിനൊപ്പമാണ് മുന്നണികൾ. ഉച്ചയ്ക്കുള്ള ചൂടും വൈകിട്ടത്തെ മഴയും തിരഞ്ഞെടുപ്പിന്റെ ആവേശം കെടുത്തിയിട്ടില്ലെന്ന് പറയാം.
ജില്ലയിലെ ഓരോ കേന്ദ്രങ്ങളിലും സ്വീകരണ പരിപാടി കൊഴുപ്പിക്കാൻ എല്ലാ മുന്നൊരുക്കങ്ങളും നടത്തുന്നുണ്ട് . സ്വീകരണ കേന്ദ്രങ്ങളെ ആകർഷകമാക്കാൻ ബാൻഡ് മേളങ്ങളും നാടൻ കലാരൂപങ്ങളുമെല്ലാം അണിനിരക്കുന്നു. സ്ഥാനാർത്ഥികളെ പുകഴ്ത്തുന്ന പാരഡി പാട്ടുകളുമായി പ്രചാരണ വാഹനങ്ങൾ മുക്കിനും മൂലയിലും കാണാം.
മുഖ്യമന്ത്രി പിണറായി വിജയനും ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയുമെല്ലാം ജില്ലയിലെത്തിയത് പ്രവർത്തകരെ കൂടുതൽ ആവേശത്തിലാക്കി. നാളെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും ഏപ്രിൽ 2ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും എത്തുന്നതോടെ ജില്ലയിൽ പ്രചാരണത്തിന് ശക്തിയേറും. വരും ദിവസങ്ങളിൽ കൂടുതൽ ദേശീയ നേതാക്കൾ ജില്ലയിലെത്തും. എൽ.ഡി.എഫിൽ മുമ്പ് മത്സരിച്ച നാല് പേർ മത്സരിക്കുമ്പോൾ യു.ഡി.എഫിൽ ആറൻമുള ഒഴികെ മറ്റ് മണ്ഡലങ്ങളിലെല്ലാം പുതുമുഖങ്ങളാണ്. ബി.ജെ.പിയിൽ സംസ്ഥാന അദ്ധ്യക്ഷനടക്കം മൂന്ന് പേർ വീണ്ടും മത്സരിക്കുമ്പോൾ രണ്ട് പുതുമുഖങ്ങളും മത്സരരംഗത്തുണ്ട്.