കൂടൽ : 71 വർഷങ്ങൾക്ക് മുൻപ് ഒരു തിരഞ്ഞെടുപ്പ് കാലത്ത് ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു എത്തിയതിന്റെ ഒാർമ്മകളിലാണ് അതിരുങ്കൽ. അന്ന് തിരുകൊച്ചി സംസ്ഥാനത്തെ കുന്നത്തൂർ താലൂക്കിൽപ്പെട്ട കാർഷിക ഗ്രാമമായിരുന്നു പ്രദേശം. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് റാന്നിയിലെത്തുന്ന നെഹ്റു അതിരുങ്കലിൽ എത്തണമെന്നാവശ്യപ്പെട്ട് നാട്ടിലെ 1000 കർഷകർ ഒപ്പിട്ട അപേക്ഷ അന്ന് പ്രധാനമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ചെങ്ങന്നൂർ സ്വദേശി എം.ഒ.മത്തായി മുഖേനനൽകി. തുടർന്ന് നെഹ്റു അതിരുങ്കലിലെത്തുമെന്ന അറിയിപ്പ് ലഭിച്ചതായി അന്നത്തെ സ്വീകരണയോഗത്തിന്റെ സംഘാടകനും അതിരുങ്കൽ സി.എം.എസ്.യു.പി സ്‌കൂളിലെ മുൻ അദ്ധ്യാപകനുമായ എൻ.പി.വർഗീസ് (90) ഓർമ്മിക്കുന്നു. റോഡിനിരുവശവും പാള തൊപ്പിയും ഗാന്ധിതൊപ്പിയും അണിഞ്ഞ് നാട്ടിലെ കർഷകരാണ് അന്ന് നെഹ്റുവിനെ സ്വീകരിച്ചത്.
സി.എം.എസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിന്റെ മുറ്റത്ത് നിർമ്മിച്ച വേദിയിലാണ് നെഹ്റു പ്രസംഗിച്ചത്. പരിപാടിയുടെ മുഴുവൻ ചെലവും വഹിച്ചത് അക്കാലത്ത് മുണ്ടക്കയത്ത് നിന്ന് അതിരുങ്കലിൽ എത്തി 200 ഏക്കറിൽ മേരിവില്ല എസ്റ്റേറ്റ് സ്ഥാപിച്ച എം.കെ.ഫിലിപ്പായിരുന്നു.
ചാച്ചാജി അവിടെ കൂടിയ കൊച്ചുകുട്ടികളുടെ അടുത്തെത്തുകയും കൈയിലുണ്ടായിരുന്ന മാല സമ്മാനിക്കുകയും ചെയ്തു. ഭൂമിയില്ലാത്ത കർഷക തൊഴിലാളികൾക്ക് കൃഷി ചെയ്യാനായി ഭൂമി നൽകണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് അന്ന് കർഷകർ നിവേദനം നൽകി. തുടർന്ന് പോത്തുപാറയിൽ ഒരേക്കർ ഭൂമി വീതം 60 കർഷകർക്ക് ലഭിച്ചു. വനമേഖലയായിരുന്ന കൊടുമണ്ണിൽ 6000 ഏക്കർ സ്ഥലം വെട്ടിത്തെളിച്ച് റബ്ബർ കൃഷി തുടങ്ങി. പ്ലാന്റേഷൻ കോർപ്പറേഷന്റെ തുടക്കം ഇങ്ങനെയായിരുന്നു. ജവഹർലാൽ നെഹ്റു ത്തിയ സി.എം.എസ് ഇഗ്ലീഷ് മീഡിയം സ്‌കൂൾ പിൽക്കാലത്ത് സി.എം.എസ് യു.പി സ്‌കൂളായി മാറി.
നെഹ്രുവും ചൈനമുക്കും
റാന്നിയിലെ തിരഞ്ഞെടുപ്പ് യോഗം കഴിഞ്ഞയുടനെ നെഹ്റു ഒപ്പമുണ്ടായിരുന്ന ഉദ്യോഗസ്ഥരോട് ചോദിച്ചു.'വെയർ ഈസ് അതിരുങ്കൽ വില്ലേജ് '. ഉദ്യോഗസ്ഥർ 'നോട്ട് ഫാർ നീയർ ' എന്ന് മറുപടി നൽകി. തുടർന്ന് കോന്നി വഴി അതിരുങ്കലിന് വന്നപ്പോൾ കോന്നി മാർക്കറ്റ് ജംഗ്ഷൻ കഴിഞ്ഞുള്ള കവലയിൽ നിറയെ ചുവന്ന കൊടികൾ കണ്ടാണ് ഇതെന്താ ചൈനയാണോ എന്ന് ഒപ്പമുണ്ടായിരുന്നവരോട് നെഹ്റു ചോദിച്ചത്. ഇങ്ങനെയാണ് കവലയ്ക്ക് ചൈന മുക്ക് എന്നുപേരു വന്നത്.