കൂടെ കാണും, വാക്ക് ഉറപ്പിച്ച് ചിറ്റയം
അടൂർ : കൊടുമൺ പഞ്ചായത്തിലെ ഐക്കാട് കരുവിലാക്കോട് ജംഗ്ഷൻ. ഉച്ചവെയിലിനെ വകവയ്ക്കാതെ കർഷകതൊഴിലാളികളും വീട്ടമ്മമാരും വൃദ്ധജനങ്ങളും ഉൾപ്പെടുന്ന വലിയൊരു ജനസഞ്ചയം. എൽ.ഡി.എഫ് സ്ഥാനാർത്ഥി ചിറ്റയം ഗോപകുമാറിനെ കാണാനാണ് ഇൗ കാത്തുനിൽപ്പ്. സ്ഥാനാർത്ഥി പര്യടനത്തിന് ഇന്നലെ കൊടുമണ്ണിലായിരുന്നു തുടക്കം.
ബൈക്കുകളുടെയും അനൗൺസ്മെന്റ് വാഹനങ്ങളുടെയും അകമ്പടിയോടെ സ്ഥാനാർത്ഥി എത്തിയപ്പോഴേക്കും പുർഷ്പാർച്ചന നടത്തിയും ഹാരങ്ങളും ഷാളുകളും അണിയിച്ചും ഗംഭീരവരവേൽപ്പ്. വികസനപ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടിയും കൊടുമൺ സ്റ്റേഡിയം രണ്ടരകൊല്ലംകൊണ്ട് പൂർത്തിയാക്കാനായതും നേട്ടമാണ്. സർക്കാർ തുടർന്നാൽ ഇനിയും വികസന പ്രവർത്തനങ്ങൾ കൂടുതൽ ഉയരത്തിലെത്തും : - ചിറ്റയം പറഞ്ഞു. പന്തളം തെക്കേക്കര പഞ്ചായത്തിലെ ആദ്യ സ്വീകരണസ്ഥലമായ ചെറുമലമുറ്റത്തേക്ക്. നെൽക്കതിരോടുകൂടിയ ചുവന്നതൊപ്പി അണിയിച്ചാണ് ഇവിടെ വരവേറ്റത്.
ഞാൻ കണ്ണൻ, നിങ്ങളിലൊരാളാണ്
അടൂർ : ചുമട് എടുത്തും ഒാട്ടോറിക്ഷ ഒാടിച്ചും കൂലിപ്പണി ചെയ്തുമാണ് ഞാൻ പഠനത്തിന് പണം കണ്ടെത്തിയത്. നിങ്ങളുടെ ദു:ഖങ്ങളും ദുരിതങ്ങളും യാതനങ്ങളും എനിക്ക് മനസിലാകും. കടമ്പനാട് പഞ്ചായത്തിലെ കാപ്പിൽ കോളനിയിൽ യു.ഡി.എഫ് സ്ഥാനാർത്ഥിക്ക് നൽകിയ സ്വീകരണത്തിന് നന്ദി പറയുകയായിരുന്നു എം.ജി.കണ്ണൻ. ഉച്ചയ്ക്ക് ശേഷം വൈകിയെങ്കിലും ഇവിടെ പ്രായമായവരും കുട്ടികളും യുവാക്കളും ഉൾപ്പെടെ സ്വീകരിച്ചു.
തുടർന്ന് ചുമടുതാങ്ങി ജംഗ്ഷനിലേക്ക്. സമീപ വീടുകളിലൊക്കെ നിമിഷനേരംകൊണ്ട് കയറിയിറങ്ങി വോട്ട് അഭ്യർത്ഥിച്ച ശേഷമായിരുന്നു സ്വീകരണം. അടൂർ മണ്ഡലത്തിൽ വികസന മുരിടിപ്പായിരുന്നു, കഴിഞ്ഞ പത്ത് വർഷവും ഉൗതിപ്പെരുപ്പിച്ച വികസനങ്ങളും ഫ്ളക്സ് ബോർഡുകളും മാത്രമേ കാണാനുണ്ടായിരുന്നുള്ളൂ. എന്നെ വിജയിപ്പിച്ചാൽ നാടിന്റെ സമഗ്ര വികസനം ഞാൻ സാദ്ധ്യമാക്കും. എം.ജി.കണ്ണൻ വോട്ടർമാരോടായി പറഞ്ഞു. ഒരിക്കൽകൂടി സ്വീകരണത്തിന് നന്ദി രേഖപ്പെടുത്തി ഉച്ചഭക്ഷണം കഴിക്കാൻ പാർട്ടി പ്രവർത്തകന്റെ വീട്ടിലേക്ക്. തുടർന്ന് കൊച്ചുകുന്ന് മുക്കിലായിരുന്നു സ്വീകരണം.
ഇൗ നാട്ടുകാരനാണെന്ന് പ്രതാപൻ
നാലുപതിറ്റാണ്ടിലേറെയായി പൊതുരംഗത്ത് പ്രവർത്തിച്ച കരുത്തുമായാണ് എൻ.ഡി.എ സ്ഥാനാർത്ഥി പന്തളം പ്രതാപൻ വോട്ടുതേടുന്നത്. രണ്ടാംദിവസത്തെ പര്യടനം കൊടുമൺ വൈകുണ്ഠപുരം ക്ഷേത്ര ജംഗ്ഷനിൽ നിന്നായിരുന്നു. ഇവിടെ ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്. വിശ്വാസങ്ങളെ വെല്ലുവിളിച്ച ഭരണകൂടം ആണ് കേരളം ഭരിക്കുന്നതെന്നും പന്തളത്ത് ജനിച്ചുവളർന്ന തനിക്ക് വിശ്വാസം സംരക്ഷിക്കാൻ ബാധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. തുടർന്ന് ചക്കാലമുക്കിൽ എത്തിയപ്പോൾ അവിടെയും നിരവധിപ്പേർ. പാണൂരിൽ കുട്ടികളും വീട്ടമ്മമാരും ഉൾപ്പെടെ കാത്തുനിൽക്കുന്നു. ഐക്കാട് ഗുരുമന്ദിരം ജംഗ്ഷനിലെ സ്വീകരണ സ്ഥലവും സജീവമാണ്. ഇവിടെ ചിലർ സ്ഥാനാർത്ഥിയെ അനുഗ്രഹിച്ചു. ഏഴംകുളം പുതുമലയിൽ മഹിളാമോർച്ച പ്രവർത്തകർ ആരതി ഉഴിഞ്ഞും തിലകം ചാർത്തിയുമാണ് വരവേറ്റത്. സ്ത്രീകൾക്കിടയിൽ ഉണ്ടായ ഇൗ സ്വീകര്യത ഇക്കുറി മണ്ഡലത്തിന്റെ ചിത്രം മാറ്റിമറിക്കുമെന്നാണ് പ്രതാപന്റെ ഉറച്ച വിശ്വാസം.