കോഴഞ്ചേരി: വോട്ടുറപ്പിക്കാൻ പര്യടനം ഊർജിതമാക്കി എൻ.ഡി.എ സ്ഥാനാർത്ഥി ബിജു മാത്യു. മണ്ഡലത്തിലെ തോട്ടപ്പുഴശ്ശേരി, കോഴഞ്ചേരി പഞ്ചായത്തുകളിൽ ആണ് ഇന്നലെ പര്യടനം നടത്തിയത്. രാവിലെ കോഴഞ്ചേരി സി.കേശവൻ സ്ക്വയറിൽ ബി.ജെ.പി. ദേശീയ സമിതി അംഗം വി.എൻ.ഉണ്ണി പുഷ്പാർച്ചന നടത്തിയ ശേഷം സ്വീകരണ പരിപാടി ആരംഭിച്ചു. തുടർന്ന് കോഴഞ്ചേരി ടൗൺ, മേലുകര, കീഴുകര, കുന്നത്തുകര എന്നിവിടങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങിയ ശേഷം തോട്ടപ്പുഴശ്ശേരി പഞ്ചായത്തിൽ പര്യടനം തുടർന്നു. മേലുകര ചിറ്റേടത്ത് ശങ്കരപ്പിള്ള സ്മാരകത്തിലും പുഷ്പാർച്ചന നടത്തി.

അരുവിക്കുഴി, കുറിയന്നൂർ, നെടുംപ്രയാർ, മാരാമൺ എന്നിവിടങ്ങളിലെ സ്വീകരണ യോഗത്തിൽ പങ്കെടുത്തു. എൻ.എസ്.എസ് ഭാരവാഹികളെയും വിവിധ സാമുദായിക നേതാക്കളെയും സന്ദർശിച്ചു. പാർട്ടി ജില്ലാ വൈസ് പ്രസിഡന്റ് ബിന്ദു പ്രസാദ്, മണ്ഡലം പ്രസിഡന്റ് അഭിലാഷ് ഓമല്ലൂർ, യുവമോർച്ച ജില്ലാ പ്രസിഡന്റ് ഹരീഷ് പുവത്തൂർ , മണ്ഡലം ജന. സെക്രട്ടറി സുരജ് ഇലന്തൂർ , ബി.ജെ.പി.ജില്ലാ കമ്മിറ്റി അംഗം എ.എൻ. ബാലകൃഷ്ണൻ എന്നിവർ വിവിധ യോഗങ്ങൾക്ക് നേത്യത്വം നൽകി. സമാപന സമ്മേളനം കോഴഞ്ചേരിയിൽ പാർട്ടി ജില്ലാ ജന. സെക്രട്ടറി വിജയകുമാർ മണിപ്പുഴ ഉദ്ഘാടനം ചെയ്തു. ഇന്ന് ഇരവിപേരൂർ പഞ്ചായത്തിൽ സ്വീകരണ പരിപാടി നടക്കും.