കോഴഞ്ചേരി: സർക്കാരിന്റെ വികസന വിരുദ്ധ നയങ്ങളും മണ്ഡലത്തിലെ വികസന മുരടിപ്പും ഉയർത്തിക്കാട്ടിയാണ് ആറന്മുള നിയമസഭാമണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി അ‍ഡ്വ കെ.ശിവദാസൻ നായരുടെ തോട്ടപ്പുഴശ്ശേരി, കോഴഞ്ചേരി ​പഞ്ചായത്തുകളിലെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾ ഇന്നലെ നടന്നത്. തോട്ടപ്പുഴശ്ശേരി പൂഴിക്കുന്നിൽ നിന്ന് ആരംഭിച്ച പ്രചരണം കേരള കോൺ​ഗ്രസ് ഉന്നതാധികാരസമിതി അം​ഗം ജോൺ കെ.മാത്യു ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സി.വി. ​ഗോപാലകൃഷ്ണൻ നായർ അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ് നേതാക്കളായ എ.ഷംസുദീൻ, എ.സുരേഷ് കുമാർ, ജോർജ്ജ് മാമ്മൻ കൊണ്ടൂർ, അന്നപൂർണാദേവി, ടി.കെ.രാമചന്ദ്രൻ നായർ, എൽസി ക്രിസ്റ്റഫർ, രാധാമോഹൻ, തുടങ്ങിയവർ പ്രസം​ഗിച്ചു. ചെട്ടിമുക്ക്, നെല്ലിമല, തോണിപ്പുഴ, പെരുമ്പാറ, അരുവിക്കുഴി, പുളിമുക്ക്, പനച്ചേരിമുക്ക് എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം നെടുംപ്രയാറിൽ സമാപിച്ചു. കോഴഞ്ചേരി ​ഗ്രാമപഞ്ചായത്തിലെ പ്രചാരണ പരിപാടി യു.ഡി.എഫ് ജില്ലാ ചെയർമാൻ വിക്ടർ ടി.തോമസ് ഉദ്ഘാടനം ചെയ്തു. കെ.കെ.റോയ്സൺ, ബാബു കൈതവന, തോമസ് ജോൺ.കെ, സ്റ്റെല്ല തോമസ്, ജെറിമാത്യു സാം, പ്രമോദ്കുമാർ, ജോമോൻ പുത്തൻപുരക്കൽ തുടങ്ങിയവർ നേതൃത്വം നൽകി. യൂത്ത് കോൺഗ്രസ് പ്രവർത്തകർ വഞ്ചിപ്പാട്ടോടെയാണ് സ്വീകരിച്ചത്. ആറന്മുളക്കാരനായ ശിവദാസൻ നായർ പ്രവർത്തകർക്കൊപ്പം വഞ്ചിപ്പാട്ട് പാടി. ഇരുചക്ര വാഹന റാലിയോടെ യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർ പ്രചാരണ യാത്രയെ അനു​ഗമിച്ചു. നിയോജക മണ്ഡലം സെക്രട്ടറി ലഞ്ചു മോൻ മണ്ഡലം സെക്രട്ടറിമാരായ ഷിജിൻ വർഗീസ്, ഷിജു അരുവികുഴി,ബ്ലോക് മെമ്പർ അനീഷ് തുടങ്ങിയവർ നേതൃത്വം നൽകി.