പന്തളം: തരിശുകിടന്ന പാടശേഖരം പാട്ടത്തിനെടുത്ത് പൊന്മണികൾ വിളയിച്ച് പന്തളം സർവീസ് സഹകരണ ബാങ്ക് . കരിങ്ങാലി പുഞ്ചയുടെ ഭാഗമായ 20 ഏക്കറിലാണ് സഹകരണ ബാങ്ക് പൊന്നു വിളയിച്ചത്.
ഉമ ഇനത്തിൽപ്പെട്ട നെല്ലാണ് കൃഷി ചെയ്തത്.. 70 ടണ്ണിലേറെ നെല്ലാണ് വിളവു പ്രതീക്ഷിക്കുന്നത്. രണ്ടു കൊയ്ത്തുമെതിയന്ത്രങ്ങളുപയോഗിച്ച് വേനൽമഴ കടുക്കുന്നതിനു മുമ്പ് നെല്ല് കൊയ്‌തെടുക്കുന്ന ശ്രമമാണു നടക്കുന്നത്. മഴ പെയ്തു നഷ്ടപ്പെട്ടില്ലെങ്കിൽ കന്നുകാലി കർഷകർക്കായി ക്ഷീരസംഘങ്ങളിലൂടെ വൈക്കോൽ വിതരണം ചെയ്യാനും പദ്ധതിയുണ്ട്. ഇപ്പോൾത്തന്നെ നൂറു കെട്ടിലേറെയാണ് ആവശ്യക്കാരായിട്ടുള്ളത്.
ഇയ്യങ്കോട്, കരിങ്കുറ്റി, പാടശേഖരങ്ങൾ പൂർണ്ണമായും അമ്മൻകൊല്ലയുടെ ആറ് ഏക്കറോളം ഭാഗവുമാണ് കൃഷിക്കായി ഉപയോഗിച്ചത്.കൃഷി വകുപ്പ്, പന്തളം കൃഷിഭവൻ, സഹകരണ വകുപ്പ് എന്നിവരുടെ മാർഗനിർദ്ദേശങ്ങളും പ്രോത്സാഹനവും പന്തളം നഗരസഭയുടെ സഹകരണവുമാണ് പദ്ധതിയെ വിജയത്തിലെത്തിച്ചത്.
സമീപവാസിയായ ബി. രത്‌നകുമാരിയാണ് കൃഷിക്കായി പാടശേഖരം പാട്ടത്തിനെടുത്തു നൽകിയത്.
കർഷകനും ബാങ്ക് ഡയറക്ടർ ബോർഡംഗവുമായ ടി. രാഘവന്റെ പ്രത്യേക മേൽനോട്ടത്തിലാണു കൃഷി നടത്തിയത്. നെൽകൃഷിയിൽ തങ്ങളുടെ തുടക്കം തന്നെ വിജയമായതിന്റെ സംതൃപ്തിയിലാണ് ബാങ്ക് പ്രസിഡന്റ് കെ.പി. ചന്ദ്രശേഖരക്കുറുപ്പ്, സെക്രട്ടറി എം.എച്ച്. അമീർഖാൻ, ഡയറക്ടർ ബോർഡംഗം പി.വി. ജയൻ എന്നിവരുടെ നേതൃത്വത്തിലുള്ള ഭരണസമിതി.