പത്തനംതിട്ട: ജനാധിപത്യത്തിന്റെ ശംഖ് നാദം മുഴക്കി വോട്ട് വണ്ടി പ്രയാണം തുടങ്ങി. ജില്ലാ ഭരണകൂടവും കിഴക്കുപുറം എസ്.എൻ.ഡി.പി ആർട്‌സ് ആൻഡ് സയൻസ് കോളേജ് എൻ.എസ്.എസ് യൂണിറ്റും സംയുക്തമായി സംഘടിപ്പിച്ച സ്വീപ് 21 വോട്ട് വണ്ടിയും ഫ്‌ളാഷ് മോബും ജനശ്രദ്ധ പിടിച്ചു പറ്റി. വോട്ടർമാർക്ക് വോട്ട് ചെയ്തു പഠിക്കുന്നതിനുള്ള മോഡൽ യന്ത്രങ്ങൾ ഒരുക്കിയിരുന്നു. തഹസീൽദാർ കെ.എസ് നസിയ യാത്ര ഉദ്ഘടനം ചെയ്തു. മൈലപ്ര ടൗണിൽ കോളേജ് പ്രിൻസിപ്പൽ ഡോ.റോയ്‌സ് മല്ലശേരി അദ്ധ്യക്ഷത വഹിച്ചു. മലയാലപ്പുഴ, കോന്നി എലിയറക്കൽ, വകയാർ, കൂടൽ, കലഞ്ഞൂർ, മരുതിമൂട് ചന്ദനപ്പള്ളി, കൈപ്പട്ടൂർ, വള്ളിക്കോട്, പൂങ്കാവ് എന്നിവടങ്ങളിൽ ബോധവത്കരണ പരിപാടി നടത്തി. വൈകിട്ട് 5.30ന് കോന്നിയിൽ നടന്ന സമാപന സമ്മേളനം ഡെപ്യൂട്ടി തഹസീൽദാർ സി.കെ സജ്ജീവ് ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം ഓഫീസർമാരായ സനില സുനിൽ, രഞ്ജിത് രവീന്ദ്രൻ, ആതിര വി.എന്നിവർ നേതൃത്വം നൽകി.