ആലപ്പുഴ മണ്ഡലത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടം
ആലപ്പുഴ: പ്രചാരണം മൂന്നാം ഘട്ടത്തിലേക്ക് കടക്കുമ്പോൾ ആലപ്പുഴ ആരുടെ കരവലയത്തിൽ ഒതുങ്ങുമെന്നത് പ്രവചനാതീതം. തോമസ് ഐസക്ക് നേടിയ ഹാട്രിക് വിജയത്തിന്റെ ശോഭ കെടാതിരിക്കാൻ എൽ.ഡി.എഫും, പഴയ സി.പി.എമ്മുകാരനെ ഉപയോഗിച്ച് മണ്ഡലം തിരിച്ചുപിടിക്കാൻ യു.ഡി.എഫും, ഇന്നോളം കണ്ടിട്ടില്ലാത്ത പുത്തൻ തന്ത്രങ്ങളുമായി ബി.ജെ.പിയും മണ്ഡലത്തിൽ സജീവമാണ്. പുന്നപ്ര വയലാർ രക്തസാക്ഷി മണ്ഡപത്തിൽ ബി.ജെ.പി സ്ഥാനാർത്ഥി പുഷ്പാർച്ചന നടത്തിയതോടെ സംസ്ഥാനതലത്തിൽ തന്നെ ഏറെ വാർത്താ പ്രാധാന്യം നേടിയ മണ്ഡലമായി മാറി ആലപ്പുഴ. യു.ഡി.എഫ്, എൽ.ഡി.എഫ് സ്ഥാനാർത്ഥികൾക്കെതിരെ ആദ്യ ഘട്ടത്തിൽ ഉയർന്ന പാളയത്തിൽ പട അടിയൊഴുക്കുകൾക്ക് വഴിയൊരുക്കുമോ എന്ന് കാത്തിരുന്നു കാണണം.
കഴിഞ്ഞദിവസം ശക്തമായ കാറ്റിലും മഴയിലും വള്ളം തകർന്ന ചെത്തി, ശാസ്ത്രിമുക്ക് കടപ്പുറത്തെ മത്സ്യത്തൊഴിലാളികളെ അശ്വസിപ്പിച്ചുകൊണ്ടാണ് യു.ഡി.എഫ് സ്ഥാനാർഥി ഡോ.കെ.എസ് മനോജ് ഇന്നലെ തിരഞ്ഞെടുപ്പ് പര്യടനം ആരംഭിച്ചത്. കഞ്ഞിക്കുഴിയിലെയും തുമ്പോളിയിലെയും മരണവീടുകൾ സന്ദർശിച്ചു. തുറന്ന ജീപ്പിലുള്ള വൈകിട്ടത്തെ വാഹനപര്യടനത്തിന് മുൻപായി മണ്ണഞ്ചേരിയിലെ കച്ചവട സ്ഥാപനങ്ങളിൽ കയറിയിറങ്ങി. പൂന്തോപ്പ് പട്ടമുക്കിൽ നിന്നാരംഭിച്ച വാഹനപര്യടനം ചത്താനാട്ട് അവസാനിച്ചു. പര്യടനം കടന്നുപോയ കാളാത്ത്, പൂന്തോപ്പ്, തോണ്ടൻകുളങ്ങര, ആശ്രമം, മന്നത്ത്, ചാത്തനാട് വാർഡുകളിൽ ജനങ്ങൾ ആവേശത്തോടെയാണ് ഡോ.കെ.എസ് മനോജിനെ സ്വീകരിച്ചത്.
കടൽക്ഷോഭം സംഭവിച്ച മേഖലകൾ കേന്ദ്രീകരിച്ചാണ് ഇടത് സ്ഥാനാർത്ഥി പി.പി.ചിത്തരഞ്ജനും ഇന്നലെ പര്യടനം ആരംഭിച്ചത്. മത്സ്യത്തൊഴിലാളികളുമായി സംസാരിച്ചു. അവരുടെ നഷ്ടം നികത്താൻ ആവശ്യമായ സഹായങ്ങൾ വാഗ്ദാനം ചെയ്തു. മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് സഹായങ്ങൾ എത്തിക്കുന്നതിൽ കാലതാമസം നേരിടരുതെന്ന് ഉദ്യോഗസ്ഥരോട് അഭ്യർത്ഥിച്ചു. തുടർന്ന് കാഞ്ഞിരംചിറ പ്രദേശത്ത് ഭവന സന്ദർശനം നടത്തി. പിന്നീട് മാളികമുക്ക് ജംഗ്ഷനിലെ വ്യാപാര സ്ഥാപനങ്ങളിലും വീടുകളിലുമായി സന്ദർശനം തുടർന്നു. തുടർന്ന് വിവിധയിടങ്ങളിൽ കുടുംബയോഗങ്ങളിലും പങ്കെടുത്തു.
ബി.ജെ.പി സ്ഥാനാർത്ഥി സന്ദീപ് വാചസ്പതി നയിക്കുന്ന പരിവർത്തന പദയാത്രയ്ക്കു ഇന്നലെ രാവിലെ തുടക്കം കുറിച്ചു. കണിച്ചുകുളങ്ങരയിൽ നിന്നാരംഭിച്ച പദയാത്ര ദേശീയ കൗൺസിൽ അംഗം വെള്ളിയാകുളം പരമേശ്വരൻ ഉദ്ഘാടനം ചെയ്തു. വരും ദിവസങ്ങളിൽ മണ്ഡലത്തിലെ എല്ലാ പ്രദേശങ്ങളിലും പദയാത്ര എത്തും. മാരാരിക്കുളം പ്രദേശത്തെ വീടുകളും വ്യാപാര സ്ഥാപനങ്ങളും കേന്ദ്രീകരിച്ചായിരുന്നു ഇന്നലത്തെ പര്യടനം.