റാന്നി : റിങ്കു ചെറിയാനെ ആദ്യം കണ്ടാൽ പരുക്കനെന്ന് തോന്നുമെങ്കിലും അങ്ങനെയല്ലെന്ന് റാന്നിക്കാർ പറയും. മനസിൽ കരുണയുള്ള ഇൗ യുവനേതാവിനെയും പ്രവർത്തനങ്ങളേയും റാന്നിക്കാർക്ക് നന്നായിട്ടറിയാം. കാണുന്ന പോലെയല്ല, അടുത്തറിഞ്ഞാൽ എന്നാണ് അവരുടെ വിലയിരുത്തൽ.
ഡി.സി.സി പ്രസിഡന്റും രണ്ട് തവണ റാന്നി എം.എൽ.എയും ആയിരുന്ന എം.സി ചെറിയാന്റെയും ജില്ലാ പഞ്ചായത്തംഗമായിരുന്ന മറിയാമ്മ ചെറിയാന്റെയും മകനാണ് റിങ്കു. ബിസിനസും ജോലിയുമൊക്കെയായി നടന്ന റിങ്കു 1995 ൽ എം.സി ചെറിയാന്റെ മരണത്തോടെയാണ് രാഷ്ട്രീയത്തിലേക്കെത്തുന്നത്. പിന്നീടങ്ങോട്ട് റാന്നിയ്ക്കൊപ്പം സജീവമായി.
തിരക്കും ബഹളവും ആസ്വദിച്ച് തുടങ്ങിയ കാലം
മൂഴിക്കൽ കുടുംബത്തിൽ നിന്ന് തികച്ചും വ്യത്യസ്തമായ വീട്ടിൽ നിന്നായിരുന്നു തന്റെ വരവെന്ന് റിങ്കുവിന്റെ ഭാര്യ ജിനു പറയുന്നു. ഇപ്പോൾ പത്തൊമ്പത് വർഷമായി. അച്ഛനും അമ്മയും സഹോദരങ്ങളും മാത്രമായി ജീവിച്ച തനിക്ക് ഇവിടുത്തെ തിരക്ക് തീരെ ഉൾക്കൊള്ളാനായില്ല. എന്നാൽ എന്ത് ആവശ്യത്തിന് ഇറങ്ങിയാലും റാന്നിക്കാർ തരുന്ന പിന്തുണ അത്ഭുതപ്പെടുത്തുന്നതാണ്. അങ്ങനെയാണ് അതെല്ലാം ആസ്വദിക്കാൻ തുടങ്ങിയത്. ഇപ്പോൾ ഇൗ തിരക്കൊന്നുമില്ലെങ്കിൽ ബുദ്ധിമുട്ടാണ്.
ആദ്യം കാണുന്നവർ തെറ്റിദ്ധരിക്കുന്ന വ്യക്തിത്വമാണ് റിങ്കുവിന്റേത്. ഒരുപാട് തുറന്ന് സംസാരിക്കുന്ന ആളല്ല റിങ്കു. സൗഹൃദങ്ങൾക്ക് പ്രാധാന്യം നൽകുന്ന അദ്ദേഹത്തിന്റെ മനസിൽ കരുണയർഹിക്കുന്നവർക്കാണ് മുൻഗണന. ചിലരെ സഹായിക്കണമെന്ന് വീട്ടിൽ വന്ന് പറയാറുണ്ട്. സമ്മർദ്ദങ്ങൾ വീട്ടിനുള്ളിലേക്ക് കൊണ്ടുവരാതിരിക്കാൻ ശ്രമിക്കും. കുട്ടികളോടൊക്കെ നല്ല കമ്പനിയാണ്. മറ്റുള്ളവരെ കാണിക്കാൻ വേണ്ടി ഒന്നും ചെയ്യില്ല. ചിലതൊക്കെ ചെയ്ത് കഴിഞ്ഞ് പിന്നീടാണ് എന്നോട് പോലും പറയുന്നത്.
മൂന്ന് മക്കളാണ് ഞങ്ങൾക്ക്. മരിയ, റബേക്ക, റേയ്ച്ചൽ.
ഞങ്ങൾ എല്ലാവരും പ്രചാരണത്തിന് ഇറങ്ങും. വീടുകൾ സന്ദർശിക്കാൻ പോകുമ്പോൾ നല്ല അഭിപ്രായമാണ്. റിങ്കു റാന്നിയിൽ തന്നെയായത് കൊണ്ട് എന്ത് ആവശ്യത്തിന് വിളിച്ചാലും ആദ്യം എത്താൻ കഴിയുമെന്ന് വോട്ടർമാർ ഇങ്ങോട്ട് പറയുന്നുണ്ട്. റിങ്കുവിന് വിജയം സുനിശ്ചിതമാണ്. അച്ഛൻ ജയിക്കുമെന്ന് നൂറ് ശതമാനം ഉറപ്പാണെന്ന് മൂത്തമകൾ മരിയ പറയുന്നു.
വിജയ പ്രതീക്ഷ കൂടി വരികയാണ്. റാന്നിയിൽ നിന്നൊരു എം.എൽ.എയാകും മണ്ഡലത്തെ പ്രതിനിധീകരിക്കുക. ഒരു വികസനവും എത്താത്ത മേഖലയാണിത്. പ്രൊഫഷണൽ കോളേജുകൾ മണ്ഡലത്തിന് പുറത്ത് മാത്രമാണ് ഉള്ളത്. ശബരിമലയോട് ഇടതുപക്ഷം കാണിച്ച ക്രൂരതയ്ക്ക് മറുപടി നൽകണമെന്ന് റാന്നിയിലെ ജനങ്ങൾ ആഗ്രഹിക്കുന്നുണ്ട്. അത് നടപ്പാകും.
റിങ്കു ചെറിയാൻ