ചെങ്ങന്നൂർ: യു.ഡി.എഫ് ചെങ്ങന്നൂരിൽ വിജയിക്കുകയും സംസ്ഥാനത്ത് യു.ഡി.എഫ് അധികാരത്തിലെത്തുകയും ചെയ്താൽ ചെങ്ങന്നൂർ കേന്ദ്രമായി മദ്ധ്യതിരുവിതാംകൂറിൽ പുതിയൊരു ജില്ല രൂപീകരിക്കുമെന്ന് യു.ഡി.എഫ് സ്ഥാനാർത്ഥി എം.മുരളി പത്രസമ്മേളനത്തിൽ പറഞ്ഞു. തിരഞ്ഞെടുപ്പിൽ പരസ്പര ധാരണയുള്ളവർ തമ്മിലാണ് മത്സരമെന്ന എൻ.ഡി.എ സ്ഥാനാർത്ഥിയുടെ പ്രസ്താവന അപഹാസ്യമാണ്. രഹസ്യധാരണ ബാലശങ്കർ പരസ്യമാക്കിയതോടെ അതിന്റെ ജാള്യതയിൽ നിന്ന് രക്ഷപെടാനാണ് എൻ.ഡി.എ സ്ഥാനാർത്ഥി ശ്രമിക്കുന്നത്. വർഷങ്ങളായുള്ള സി.പി.എം, ബി.ജെ.പി രഹസ്യ ധാരണയാണ് ബാലശങ്കറിന്റെ പ്രസാതാവനയോടെ പുറംലോകം അറിഞ്ഞത്. നിയോജക മണ്ഡലത്തിലെ കുടിവെള്ള പ്രശ്‌നം, കാർഷിക മേഖല, പൊതുവായ വികസനം തുടങ്ങിയവയിൽ എം.എൽ.എ ആയി വിജയിച്ചാൽ ശാശ്വത പരിഹാരം കാണും. ഉത്തരപ്പള്ളിയാറിന്റെ പുനരുജ്ജീവനത്തിന് വേണ്ട നടപടി സ്വീകരിക്കും. മണ്ഡലത്തിലെ 2175 വോട്ട് ഇരട്ടിപ്പിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിട്ടുണ്ട്. യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ പ്രചരണ സാമഗ്രികൾ മണ്ഡലത്തിലുടനീളം നശിപ്പിക്കുകയാണ്.നിയമലംഘനം നടത്തിയാണ് ഇടതുപക്ഷം പ്രചരണം നടത്തുന്നത്. ഓട്ടോറിക്ഷയ്ക്ക് മുകളിൽ നിയമം ലംഘിച്ച് പരസ്യ പ്രചരണം നടത്തിയിട്ടും മോട്ടോർവാഹന വകുപ്പ് നടപടി സ്വീകരിക്കാത്തത് ഇതിന് തെളിവാണ്. തിരഞ്ഞെടുപ്പ് കമ്മിറ്റി ചീഫ് ഏജന്റ് അഡ്വ.ജോർജ്ജ് തോമസ്, ചെയർമാൻ ജൂണി കുതിരവട്ടം, കൺവീനർ അഡ്വ.ഡി.നാഗോഷ് കുമാർ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.