
പന്തളം: തിടപ്പള്ളിയിൽ സൂക്ഷിച്ചിരുന്ന ക്ഷേത്രമേൽശാന്തിയുടെ മാല മോഷ്ടിച്ച കീഴ്ശാന്തി അറസ്റ്റിൽ. കുമളി പത്തുമുറി കാര്യാട്ടു മഠത്തിൽ ശ്രീരാജ് നമ്പൂതിരി (27) ആണ് അറസ്റ്റിലായത്. കഴിഞ്ഞ നവംബറിലാണ് സംഭവം.
തട്ടയിൽ ഒരിപ്പുറം ക്ഷേത്രത്തിൽ ശ്രീരാജ് നാലുവർഷം കീഴ്ശാന്തിയായിരുന്നു. ഇക്കാലത്താണ് മോഷണം നടന്നത്. മേൽശാന്തി മനു നമ്പൂതിരി തിടപ്പള്ളിയിൽ ഊരിവച്ച അഞ്ചു പവൻ സ്വർണമാലയാണ് ഇയാൾ മോഷ്ടിച്ച് കടന്നത്.
കോട്ടയം അയർകുന്നം പൊലീസ് സ്റ്റേഷൻ പരിധിയിൽ വൃദ്ധയെ വീട്ടിൽ കയറി തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി 23 പവൻ സ്വർണാഭരണങ്ങളും ഒരുലക്ഷം രൂപയും കവർന്ന കേസിൽ പാലാ സബ് ജയിലിൽ റിമാൻഡിലാണ് ഇയാളിപ്പോൾ. അവിടെയെത്തിയാണ് പന്തളം പൊലീസ് അറസ്റ്റുചെയ്തത്. തട്ട ക്ഷേത്രത്തിലെത്തിച്ച് തെളിവെടുപ്പു നടത്തി. പന്തളം സി.ഐ എസ്. ശ്രീകുമാർ, എസ്.ഐമാരായ വി. അനീഷ്, സന്തോഷ് കുമാർ, എ.എസ്.ഐ അജിത്കുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.