kannan
എം.ജി​.കണ്ണനും കുടുംബവും

അടൂർ : എട്ട് വയസുകാരൻ ശിവകിരണും ആറ് വയസുകാരൻ ശിവഹർഷനും പരിഭവത്തിലാണ്. ഒപ്പം കളിക്കാൻ അച്ഛനെ കിട്ടാത്തതിൽ. രാവിലെ ഇരുവരും എഴുന്നേൽക്കും മുമ്പ് അച്ഛൻ സ്ഥലം വിടും, രാത്രിയിൽ ഉറങ്ങിയശേഷമാകും തിരിച്ചുവരവ്. അടൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥി എം.ജി.കണ്ണന്റെ മക്കളാണ് പരിഭവപ്പെടുന്നത്. ഒാമലൂർ മാത്തൂരിലെ വസതിയിലിരുന്ന് അമ്മ സജിതമോളും കുട്ടികളുടെ പരാതി തലകുലുക്കി സമ്മതിക്കുന്നു. സജിതമോൾ പോസ്റ്റൽ വകുപ്പിലെ ആർ.എം.എസ് വിഭാഗത്തിലെ സോർട്ടിംഗ് അസിസ്റ്റന്റായി ജോലി ചെയ്യുന്നു.

തികഞ്ഞ ശിവഭക്തനാണ് എം.ജി.കണ്ണൻ. അതിനാലാണ് മക്കളുടെ പേരിന് മുന്നിൽ ശിവ എന്ന് ചേർത്തതെന്ന് സജിത പറഞ്ഞു.

എന്ത് തിരക്കുണ്ടെങ്കിലും എല്ലാ ശനിയാഴ്ചയും തൃപ്പാറ അമ്പലത്തിൽ പോകുന്നത് മുടക്കില്ല. വീട്ടിലും വിളക്ക് കത്തിച്ച് പ്രാർത്ഥിച്ചശേഷമാണ് ഒരു ദിവസത്തിന് തുടക്കമിടുന്നത്. തങ്ങളുടെ വിവാഹം നടക്കുമ്പോൾ ചെന്നീർക്കര ഗ്രാമപഞ്ചായത്തിന്റെ മെമ്പർ ആയിരുന്നു കണ്ണൻ. തന്റേതും കോൺഗ്രസ് കുടുംബമാണ്. അച്ഛന്റെ അച്ഛനും ചെന്നീർക്കര പഞ്ചായത്തിലെ ആദ്യകാല മെമ്പറായിരുന്നു. അതിനാൽ പാർട്ടിപ്രവർത്തകനും ജനപ്രതിനിധിയുമായ ഒരാളെ വിവാഹം കഴിക്കുന്നതിൽ സന്തോഷമേ ഉണ്ടായിരുന്നുള്ളൂ. മെമ്പർ സ്ഥാനം ഒഴിഞ്ഞതിന് തൊട്ടുപിന്നാലെ ഇലന്തൂർ ഡിവിഷനിലും തുടർന്ന് റാന്നി അങ്ങാടി ഡിവിഷനിലും ജില്ലാപഞ്ചായത്ത് അംഗമായി. ഇതോടെ വീട്ടിലെ കാര്യങ്ങൾ പലപ്പോഴും തന്റെ ചുമതലയിലായി. അതിലൊട്ടു പരിഭവവുമില്ലെന്ന് സജിതയുടെ സാക്ഷ്യം.

ഇവരുടെ ജീവിതത്തിൽ നീറിപുകയുന്ന ഒരുവേദനയുണ്ട്. മൂത്തമകന്റെ രോഗം. മൂന്ന് വർഷമായി തിരുവനന്തപുരം ആർ.സി.സിയിൽ ചികിത്സയിലാണ്. പതിവ് ചെക്കപ്പിനായി വരുന്ന ഒന്നിന് വീണ്ടും പോകണം. കണ്ണൻ തിരക്കിട്ട തിരഞ്ഞെടുപ്പ് പര്യടനത്തിലായതിനാൽ എന്തുചെയ്യുമെന്ന ചിന്തയിലാണ് സജിതയിപ്പോൾ.

ഭർത്താവിനെ കുറിച്ച് പറയുമ്പോൾ സജിതയ്ക്ക് നൂറ് നാവാണ്. തിരക്കുകൾ കാരണം പലപ്പോഴും വീട്ടിലുണ്ടാകില്ല. വന്നാൽ തന്നെയും മൊബൈൽ ഫോണിലായിരിക്കും. മക്കളുമായി ഒത്തുകൂടിയാൽ പിന്നെ ബഹളമാണ്. അവരുടെ ഇഷ്ടങ്ങൾ എല്ലാം സാധിച്ചുകൊടുക്കാറുണ്ട്. സമയം കിട്ടിയിൽ അയൽപക്കത്തെ ബന്ധുക്കളായ കുട്ടികളുമൊത്ത് ക്രിക്കറ്റ് കളിക്കാനിറങ്ങും. കപ്പയും അയലക്കറിയുമാണ് ഇഷ്ടഭക്ഷണം. മക്കളുമായി ഉല്ലാസയാത്രയ്ക്ക് പോാകാൻ സമയം കണ്ടെത്താറുണ്ട്. നിനച്ചിരിക്കാതെയാണ് അടൂരിൽ മത്സരിക്കാൻ അവസരം ലഭിച്ചത്. മത്സരിച്ച മൂന്ന് തിരഞ്ഞെടുപ്പിലും വിജയിച്ചു. അടൂരിലും വിജയം ഉറപ്പാണെന്നതിൽ സജിതയ്ക്ക് സംശയമേയില്ല. അടുത്ത ദിവസങ്ങളിൽ വോട്ടുതേടാനായി മണ്ഡലത്തിലിറങ്ങാൻ തയ്യാറെടുക്കുകയാണ് സജിത.