ആളാരവങ്ങൾ കടൽത്തിര പോലെ ഇരമ്പിയെത്തി. രാഹുൽ... രാഹുൽ... രാഹുൽ... എന്ന് വിളിച്ച് ത്രിവർണ പതാകയുമായി തീവെയിലിൽ തളരാതെ നിന്ന ജനക്കൂട്ടത്തിന് നടുവിലൂടെ കൈ വീശിയും തൊഴുതും കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി തുറന്ന വാഹനത്തിൽ നീങ്ങി. കോന്നിയിൽ നിന്ന് തുടങ്ങി പത്തനംതിട്ട വഴി റാന്നിയിലേക്ക് ഒരു നദിപോലെയായിരുന്നു ജനപ്രവാഹം.
മൂന്ന് മണിക്കൂറോളം നീണ്ട റോഡ് ഷോ പ്രചാരണങ്ങൾക്ക് വേഗത പകർന്നു.
ഇന്നലെ രാവിലെ 11.15ന് പ്രമാടം ഇൻഡോർ സ്റ്റേഡിയം ഗ്രൗണ്ടിൽ ഹെലികോപ്ടറിൽ ഇറങ്ങിയ രാഹുൽ വെള്ള ഖദർ ഷർട്ടും ചന്ദന നിറത്തിലെ പാന്റുമാണ് ധരിച്ചിരുന്നത്. കോൺഗ്രസ് പ്രവർത്തക സമിതിയംഗം കെ.സി.വേണുഗോപാൽ, മുതിർന്ന നേതാവ് പ്രൊഫ.പി.ജെ.കുര്യൻ, എം.പിമാരായ അടൂർ പ്രകാശ്, ആന്റോ ആന്റണി, കെ.പി.സി.സി സെക്രട്ടറി പഴകുളം മധു, ഡി.സി.സി പ്രസിഡന്റ് ബാബുജോർജ്, കോന്നിയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി റോബിൻ പീറ്റർ, എ. സുരേഷ്കുമാർ, വെട്ടൂർ ജ്യോതി പ്രസാദ് തുടങ്ങിയവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു.
കോന്നിയിൽ
തെങ്ങുംകാവ് ഇളകൊള്ളൂർ ക്ഷേത്രം, മരങ്ങാട്ടുപടി, ആനക്കൂട് വഴി കോന്നി ടൗണിലേക്കുള്ള യാത്രക്കിടെ വഴിയരികിൽ കാത്തു നിന്നവരെ രാഹുൽ കൈ വീശി അഭിവാദ്യം ചെയ്തു. രാഹുലിനെ കൗതുകത്തോടെ കണ്ട നാട്ടുകാർ മൊബൈലിൽ ചിത്രങ്ങൾ പകർത്തി സോഷ്യൽ മീഡിയയിൽ ലൈവ് നൽകി. കോന്നി സെൻട്രലിൽ വാഹന വ്യൂഹം എത്തിയപ്പോൾ വാദ്യഘോഷങ്ങളും മുദ്രാവാക്യം വിളികളും ഉച്ചത്തിലായി. കാറിന്റെ റൂഫ് മാറ്റി രാഹുൽ ജനക്കൂട്ടത്തെ അഭിവാദ്യം ചെയ്തു. 11.45മുതൽ 12 വരെ ഹ്രസ്വമായ പ്രസംഗത്തിൽ കോൺഗ്രസ് വാഗ്ദാനമായ ന്യായ് പദ്ധതി വിശദീകരിച്ചു. സർക്കാരുകൾക്കെതിരെ മൂർച്ചയുള്ള വാക്കുകൾ പ്രയോഗിച്ചപ്പോൾ കൈയടികളുയർന്നു.
ഒപ്പമിരുന്ന സ്ഥാനാർത്ഥി റോബിൻ പീറ്ററെ പരിചയപ്പെടുത്തി വോട്ടഭ്യർത്ഥിച്ചു. കെ.സി.വേണുഗോപാൽ പ്രസംഗം പരിഭാഷപ്പെടുത്തി. പ്രവീൺ പ്ളാവിള, എസ്.വി.പ്രസന്നകുമാർ, മാത്യുകുളത്തുങ്കൽ, എസ്.സന്തോഷ് കുമാർ, മുണ്ടപ്പള്ളി അനിൽ, പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ, ഷൈലാജ് തുടങ്ങിയവർ അനുഗമിച്ചു.
ചാങ്കൂർ ജംഗ്ഷനിൽ പൂച്ചെണ്ടുകളുമായി മുദ്രാവാക്യം വിളിച്ചു നിന്ന പ്രവർത്തകരെ കണ്ട് രാഹുൽ വാഹനം നിറുത്തിച്ച് അവരുടെ അടുത്തേക്ക് എത്തി. ഒാട്ടോ ഡ്രൈവറെ ചേർത്തുപിടിച്ച് സെൽഫിയെടുപ്പിച്ച് തോളിൽ തട്ടി സ്നേഹം പ്രകടിപ്പിച്ചു. വെട്ടൂരിൽ വമ്പിച്ച സ്വീകരണമൊരുക്കി. റോബിൻ പീറ്ററും അടൂർ പ്രകാശും രാഹുലിനെ പത്തനംതിട്ടയിലേക്ക് യാത്രയാക്കി.
പത്തനംതിട്ടയിൽ
ത്രിവർണ പതാക വീശിയും വാദ്യഘോഷങ്ങളുമായി കുമ്പഴ ജംഗ്ഷൻ നിറഞ്ഞുനിന്ന കോൺഗ്രസ് പ്രവർത്തകർ രാഹുൽഗാന്ധിയ്ക്ക് പത്തനംതിട്ടയിലേക്ക് വരവേൽപ്പ് നൽകി. അബാൻ വഴി സെൻട്രൽ ജംഗ്ഷനിലേക്ക് 12.50ന് എത്തിയ രാഹുലിനെ സ്ഥാനാർത്ഥി കെ.ശിവദാസൻനായരുടെ നേതൃത്വത്തിൽ സ്വീകരിച്ചു. ഗാന്ധിസ്ക്വയറിന് സമീപത്തെ വേദിയിൽ പ്രസംഗത്തിനൊടുവിൽ മുതിർന്ന നേതാവായ കെ.ശിവദാസൻ നായരെ വിജയിപ്പിക്കണമെന്ന് രാഹുൽ അഭ്യർത്ഥിച്ചപ്പോൾ നീണ്ട കരഘോഷം. പി.ജെ.കുര്യൻ, പി.മോഹൻരാജ്, കെ.കെ.റോയ്സൺ, അജീബ, എ.ഷംസുദ്ദീൻ, എം.എസ്.സിജു, കെ.കെ റോയ്സൺ, ജോർജ് വർഗീസ്, അന്നപൂർണ ദേവി തുടങ്ങിയവർ വേദിയിലുണ്ടായിരുന്നു. ശിവദാസൻ നായർക്കൊപ്പം തുറന്ന വാഹനത്തിൽ സ്റ്റേഡിയം ജംഗ്ഷൻ വഴി സെന്റ് പീറ്റേഴ്സ് ജംഗ്ഷനിൽ. ഗതാഗത നിയന്ത്രണത്തിന് പൊലീസും സുരാക്ഷാ ഉദ്യോഗസ്ഥരും ഇടപെട്ടു. റാന്നിയിലേക്കുള്ള യാത്ര മൈലപ്രയിൽ എത്തിയപ്പോൾ വീണ്ടും കോന്നി മണ്ഡലമായി. അടൂർ പ്രകാശ് എം.പിയും സ്ഥാനാർത്ഥി റോബിൻ പീറ്ററും അവിടെ കാത്തു നിൽപ്പുണ്ടായിരുന്നു. ഇരുവരെയും രാഹുൽ അഭിവാദ്യം ചെയ്തു.
റാന്നിയിൽ
ഉച്ചയ്ക്ക് ഒന്നരയോടെ റോഡ് ഷോ ഉതിമൂട്ടിലൂടെ റാന്നി മണ്ഡലത്തിൽ പ്രവേശിച്ചു. ചെണ്ടമേളവും മുദ്രാവാക്യങ്ങളും അനൗൺസ്മെന്റ് വാഹനങ്ങളുമായി സ്വീകരണത്തിന് നൂറ് കണക്കിന് പ്രവർത്തകർ കാത്തുനിൽപ്പുണ്ടായിരുന്നു. വാഹനത്തിൽ നിന്ന് എല്ലാവരെയും രാഹുൽ അഭിവാദ്യം ചെയ്തു. 1.50ന് പെരുമ്പുഴയിൽ യു.ഡി.എഫ് സ്ഥാനാർത്ഥി റിങ്കു ചെറിയാൻ, രാഹുൽ ഗാന്ധിക്കൊപ്പമെത്തിയപ്പോൾ പ്രവർത്തകരുടെ ആവേശമുയർന്നു. ഇട്ടിയപ്പാറയിൽ മാലേത്ത് സരളാദേവിയുടെ നേതൃത്വത്തിൽ ആയിരങ്ങൾ രാഹുലിനെ കാണാൻ കാത്തു നിന്നു. കൈപിടിച്ചും മാലയിട്ടും ഫോട്ടോ പകർത്തിയും സ്നേഹം പകർന്ന് രണ്ട് മണിയോടെ എരുമേലിയിലേക്ക് യാത്രയാക്കി.
കേരള വികസനത്തിന് ന്യായ് പദ്ധതി
നടപ്പാക്കും: രാഹുൽ ഗാന്ധി
കേരള വികസനത്തിന് സുപ്രധാന നാഴികക്കല്ലായി യു.ഡി.എഫ് മുന്നോട്ടു വയ്ക്കുന്ന ന്യായ് പദ്ധതി മാറുമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ആറായിരം രൂപ ഒരു മാസം പാവപ്പെട്ടവർക്ക് നൽകുകയും ഈ പണം കേരളത്തിന്റെ സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുകയും ചെയ്യും. ലഭിക്കുന്ന പണം ഓരോരുത്തരും ചെലവഴിക്കുമ്പോൾ സാമ്പത്തിക, ഉത്പാദന മേഖലയിൽ ചലനമുണ്ടാകും.
ഇന്ധനമില്ലാത്ത കാറിലെ ഡ്രൈവറെപ്പോലെയാണ് കേരളത്തിന്റെ ഇപ്പോഴത്തെ മുഖ്യമന്ത്രിയെന്ന് രാഹുൽ പറഞ്ഞു. ഇന്ധനമില്ലാത്ത കാറിന്റെ താക്കോൽ തിരിക്കുകയും ആക്സിലേറ്ററിൽ ചവിട്ടുകയും ചെയ്താൽ വാഹനം ഓടില്ല. യു.ഡി.എഫ് മുഖ്യമന്ത്രി അധികാരത്തിലെത്തിയാൽ കാറ് സ്റ്റാർട്ടാവും.
കാർഷിക വിഭവങ്ങൾക്ക് മിനിമം താങ്ങുവില നൽകും. 55 ശതമാനം യുവാക്കളും 45 ശതമാനം പരിചയസമ്പന്നരായ ആളുകളുമാണ് കേരളത്തിലുള്ളത്.
സമ്പദ് വ്യവസ്ഥക്ക് ഉത്തേജനം നൽകാൻ എന്ത് പദ്ധതിയാണുള്ളതെന്ന് ഇടതുപക്ഷത്തോടും ബി.ജെ.പിയോടും ചോദിക്കണം. അവർ ജനങ്ങളെ ഭിന്നിപ്പിക്കുന്നു. യു.ഡി.എഫ് ജനങ്ങളെ ആക്ഷേപിക്കില്ല. ആരെയും കൊല്ലുകയും ഇല്ലെന്ന് രാഹുൽ പറഞ്ഞു.