തിരുവല്ല: ശ്രീവല്ലഭ മഹാക്ഷേത്രത്തിലെ ഉത്രശിവേലി മഹോത്സവം ഐതീഹ്യപെരുമയോടെ ഇന്നും നാളെയും ആഘോഷിക്കും. വർഷത്തിൽ ഒരിക്കൽമാത്രം തുറക്കുന്ന വടക്കേഗോപുരം ദേവിമാരുടെ ക്ഷേത്രത്തിലേക്കുള്ള പ്രവേശനത്തിനായി ഒരുങ്ങി. ഇന്ന് വൈകിട്ട് 6.30ന് പെരുമ്പാലത്തിങ്കൽ കരുനാട്ടുകാവ്,പടപ്പാട്,ആലുംതുരുത്തി ദേവിമാർ എത്തിച്ചേർന്ന് ശംഖ് വിളിച്ച് ആചാരപ്രകാരം ക്ഷേത്ര മണ്ണിലേയ്ക്ക് പ്രവേശിക്കും. തുടർന്ന് ദേവിമാർ വൈകിട്ട് 7ന് പൈനുംമൂട്ടിൽ ജീവിതനൃത്തം ചെയ്യും. ആലുംതുരുത്തി ഭഗവതി നാലുദിക്കും ചടങ്ങുകൾ പൂർത്തിയാക്കി രാത്രി 8ന് മറ്റ് ദേവിമാർക്കൊപ്പം ശ്രീവല്ലഭ ക്ഷേത്രത്തിൻ്റെ വടക്കേ ഗോപുരനടയിൽ എത്തിചേരും. ആചാരപ്രകാരം വടക്കേനട തുറന്ന് ദേവിമാർ ക്ഷേത്രത്തിൽ പ്രവേശിക്കുന്നു. അസി.ദേവസ്വം കമ്മിഷണർ കെ.എസ് ഗോപിനാഥൻപിള്ള. ക്ഷേത്രം സബ്ഗ്രൂപ്പ് ഓഫീസർ ടി.പി.നാരായണൻ നമ്പൂതിരി എന്നിവരുടെ നേതൃത്വത്തിൽ ദേവിമാരെ ക്ഷേത്രത്തിലേക്ക് സ്വീകരിക്കും. ബലിക്കൽപുരയിൽ എഴുന്നള്ളിയെത്തുന്ന ആലുംതുരുത്തി ഭഗവതി ഇരുദേവൻമാരെയും പുറത്തേക്ക് ആനയിക്കും. തുടർന്നാണ് ഗരുഡവാഹനത്തിൽ പുറത്തെഴുന്നെള്ളിക്കുന്ന ഭഗവാൻമാരുമൊത്ത് അത്യപൂർവമായ അഞ്ചീശ്വര സംഗമം. ആലുംതുരുത്തി ഭഗവതിയുടെ അഷ്ടപദി നൃത്തവും നടക്കും. ശിവേലി പൂർത്തിയാക്കി അകത്തെഴുന്നെള്ളുന്ന ശ്രീവല്ലഭ സ്വാമിയോടൊപ്പം ആലുംതുരുത്തി ഭഗവതിയ്ക്ക് നെൽപ്പറയും നൽകും. ആലുംതുരുത്തി ഭഗവതിയെ ക്ഷേത്ര ശ്രീകോവിലിലേക്ക് എഴുന്നെള്ളിക്കുന്നതോടെ ഒന്നാംദിവസത്തെ ചടങ്ങുകൾ പൂർത്തിയാകും. നാളെ രാവിലെ മൂന്നുദേവിമാരും പുറത്തേക്കെഴുന്നെള്ളിച്ച് രാവിലെ 7.30ന് ഗോവിന്ദൻകുളങ്ങര ക്ഷേത്രത്തിലെ ജിവതകളിക്കുശേഷം ആറാട്ടിനായി തുകലശേരിയിലേക്കു പുറപ്പെടും. ആറാട്ടിനുശേഷം തിരികെയെത്തുന്ന പടപ്പാട്,കരുനാട്ടുകാവ് ഭഗവതിമാർ വടക്കേ ഗോപുരവാതിൽ കടന്ന് അതാതു ക്ഷേത്രങ്ങളിലേക്ക് മടങ്ങും. ആലുംതുരുത്തി ദേവി തുകലശേരിയിലെ ആറാട്ടിനുശേഷം ശ്രീവല്ലഭസ്വാമിയുടെ ഉച്ചശിവേലി സമയത്ത് പ്രദക്ഷിണവഴിയിലേക്ക് ഓടിയെത്തും. ഭഗവാനുമായി മുഖാമുഖം കണ്ടുമുട്ടുന്ന ആലുംതുരുത്തി ഭഗവതിക്ക്, ശ്രീവല്ലഭസ്വാമിയേ എഴുന്നെള്ളിക്കുന്ന വിഗ്രഹവാഹകൻ ശിവേലി ബിബത്തിൽനിന്നും ഇരുകൈകളുംവിട്ട് ഭക്തരുടെ കാണിക്കകൾ കൈനീട്ടമായി ദേവിക്ക് അർപ്പിക്കുന്നു. ഉച്ചശിവേലി പൂർത്തിയാക്കി ദേവൻമാർ ശ്രീകോവിലിലേക്ക് എഴുന്നെള്ളും. ഈസമയം ആലുംതുരുത്തി ഭഗവതിയെ ബലിക്കൽപുരയിൽ എഴുന്നെള്ളിച്ചിരുത്തും. തുടർന്ന് വടക്കേനടയിലൂടെ ആലുംതുരുത്തി ഭഗവതി മടങ്ങുമ്പോൾ വടക്കേഗോപുരവാതിൽ അടയ്ക്കുന്നതോടെ ഉത്രശിവേലി ഉത്സവത്തിനു പരിസമാപ്തിയാകും.