കോന്നി: യുവാക്കൾക്ക് ജോലി നൽകും, എല്ലാവർക്കും പട്ടയം നൽകും തുടങ്ങിയ വാഗ്ദാനം നൽകി ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച ഇടതുപക്ഷം കോന്നിയിലെ ജനങ്ങളെ വഞ്ചിച്ചെന്ന് എൻ.ഡി.എ സ്ഥാനാർത്ഥി കെ.സുരേന്ദ്രൻ. മുഖ്യമന്ത്രിയും മന്ത്രിമാരും ഓരോ വീട്ടിലുമെത്തി നൽകിയ ഒരു വാഗ്ദാനം പോലും പാലിക്കപ്പെട്ടില്ല. തിരഞ്ഞെടുക്കപ്പെടുമ്പോൾ വ്യാജപട്ടയം നൽകി ജനങ്ങളെ കബളിപ്പിക്കുക മാത്രമാണ് എൽ.ഡി.എഫ് ചെയ്തതെന്നും തിരഞ്ഞെടുപ്പ് പര്യടനത്തിനിടെ വിവിധ യോഗങ്ങളിൽ അദ്ദേഹം പറഞ്ഞു. വന്യമൃഗങ്ങളിൽ നിന്നും മനുഷ്യനെ രക്ഷിക്കാൻ പോലും കഴിയാത്തവരുടെ ഉറപ്പിന് ഒരു വിലയും വോട്ടർമാർ കൽപ്പിക്കില്ല. 23 വർഷം കോന്നിയെ പ്രതിനിധീകരിച്ച യു.ഡി.എഫ് പ്രതിനിധിയും പൂർണമായും പരാജയപ്പെട്ടു. ഓലപ്പാമ്പ് കാണിച്ച് കേന്ദ്ര ഏജൻസികളെ ഓടിക്കാമെന്നത് പിണറായി വിജയന്റെ വ്യാമോഹം മാത്രമാണ്. കുറ്റക്കാരെ മുഴുവൻ അകത്താക്കും വരെ കേന്ദ്ര ഏജൻസികൾ കേരളത്തിൽ തന്നെ ഉണ്ടാകുമെന്നും സുരേന്ദ്രൻ പറഞ്ഞു. മഠത്തിൽകാവ് ഭഗവതി ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷമാണ് സുരേന്ദ്രൻ പര്യടനം ആരംഭിച്ചത്. കല്ലേലി അപ്പൂപ്പൻകാവിലെത്തി തൊഴുത് അരുവാപ്പുലം, പ്രമാടം, ഏനാദിമംഗലം തുടങ്ങിയ പഞ്ചായത്തുകളിൽ പര്യടനം നടത്തി. ബി ജെ പി സംസ്ഥാന ഉപാദ്ധ്യക്ഷ വി.ടി രമ, സംസ്ഥാന വക്താവ് അഡ്വ.നാരായണൻ നമ്പൂതിരി, ദേശീയ സമിതി അംഗം കെ.എസ് രാജൻ, ദക്ഷിണ മേഖല സെക്രട്ടറി ഷാജി.ആർ നായർ, ജില്ലാ സെക്രട്ടറി മാരായ വി.എ സൂരജ്, മിനി ഹരികുമാർ, മണ്ഡലം പ്രസിഡണ്ട് ജി.മനോജ്, ജില്ലാ സെക്രട്ടറി വിഷ്ണു മോഹൻ, സംസ്ഥാന സമിതി അംഗം വി.എസ് ഹരീഷ് ചന്ദ്രൻ തുടങ്ങിയവർ വിവിധ സ്വീകരണ യോഗങ്ങളിൽ പങ്കെടുത്തു.