
പത്തനംതിട്ട : ആറൻമുള ഗ്രാമപഞ്ചായത്തിലെ വള്ളപ്പുര ബാലാശ്രമം റോഡിലെ വെള്ളക്കെട്ട് ഒരു മാസത്തിനകം ഒഴിവാക്കാൻ പഞ്ചായത്ത് നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശകമ്മിഷൻ അംഗം വി.കെ. ബീനാകുമാരി ആവശ്യപ്പെട്ടു. ഇതിന്റെ മേൽനോട്ടം പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടറെ കമ്മിഷൻ ഏൽപ്പിച്ചു. സ്വീകരിച്ച നടപടികൾ രണ്ട് മാസത്തിനകം കമ്മിഷനിൽ സമർപ്പിക്കണമെന്നും
ഉത്തരവിൽ പറയുന്നു. ഭോപ്പാൽ ദുരന്തത്തിന്റെ ഇരയായ എടശേരിമല സ്വദേശി ടി.കെ.എസ് കുറുപ്പ് സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടറിൽ നിന്ന് കമ്മിഷൻ
റിപ്പോർട്ട് വാങ്ങി. കോഴഞ്ചേരി – ചെങ്ങന്നൂർ, കോഴഞ്ചേരി - പന്തളം റോഡുകളെ ബന്ധിപ്പിക്കുന്ന ലിങ്ക് റോഡിലാണ് വെള്ളക്കെട്ട് അനുഭവപ്പെടുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. ഓടയില്ലാത്ത സ്ഥലത്താണ് വെള്ളക്കെട്ട് ഉണ്ടാകുന്നതെന്നും പരാതി പരിഹരിക്കാൻ 6 ലക്ഷം രൂപ ആവശ്യമാണെന്നും റിപ്പോർട്ടിലുണ്ട്. എന്നാൽ താൻ പരാതി നൽകിയത് 2017 ലാണെന്ന് പരാതിക്കാരൻ കമ്മിഷനെ അറിയിച്ചു. ഉദ്യോഗസ്ഥരുടെ കൃത്യവിലോപം കാരണമാണ് ഇത്തരമൊരു അവസ്ഥയുണ്ടായതെന്നും പരാതിക്കാരൻ കമ്മിഷനെ അറിയിച്ചു. പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടറുടെ റിപ്പോർട്ട് സ്ഥിരം റിപ്പോർട്ട് മാത്രമാണെന്നും കമ്മിഷൻ ചൂണ്ടിക്കാണിച്ചു.