rahul-gandhi

റോഡ് ഷോയുമായി പത്തനംതിട്ടയിലെത്തിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയിൽ നിന്ന് പ്രവർത്തകർ പ്രതീക്ഷിച്ചത് എതിരാളികളായ എൽ.ഡി.എഫിനും എൻ.ഡി.എയ്ക്കും എതിരായ കടന്നാക്രമണമായിരുന്നു. എന്നാൽ, റോഡ് ഷോയിൽ ആവേശത്തോടെ പങ്കെടുത്തവർ രാഹുലിന്റെ പ്രസംഗത്തിന് കുറച്ചു കൂടി മൂർച്ച വേണ്ടിയിരുന്നു എന്ന അഭിപ്രായക്കാരാണ്. പാണൻ പഠിപ്പിച്ച് വിട്ടത് പാടിയെന്ന പോലെ മൂന്ന് പ്രസംഗ വേദികളിലും ആദ്യന്തം ഒരേ വാക്കുകൾ പറഞ്ഞ് മടങ്ങി.

'നിങ്ങളുടെ മുഖ്യമന്ത്രി ഒരു കാറിൽ ഇരിക്കുന്നുവെന്ന് വിചാരിക്കുക. ഡ്രൈവർ താക്കോൽ തിരിച്ചിട്ടും ആക്സിലറേറ്ററിൽ ചവിട്ടിയിട്ടും കാർ മുന്നോട്ടു നീങ്ങുന്നില്ല. ഇന്ധനമില്ലാത്തതാണ് കാരണം. ഇന്ധനമുണ്ടെങ്കിൽ അല്ലേ കാർ ഒാടൂ. ഇന്ധനം വേണമെങ്കിൽ പണം വേണം. അതിന് കേരളത്തിൽ യു.ഡി.എഫ് അധികാരത്തിൽ വരണം.' ഇതായിരുന്നു രാഹുൽഗാന്ധി കോന്നിയിലും പത്തനംതിട്ടയിലും റാന്നിയിലും പ്രസംഗത്തിൽ ചൂണ്ടിക്കാട്ടിയത്.

ഇന്ധനത്തേക്കുറിച്ച് ആദ്യം പറഞ്ഞു തുടങ്ങിയപ്പോൾ, ഇന്ധന വില കുതിച്ചു കയറുന്നതിന്റെ പേരിൽ പ്രധാനമന്ത്രി മോദിയെ കുടയുമെന്നാണ് കേട്ടവർ കരുതിയത്. മുഖ്യമന്ത്രിയെക്കുറിച്ച് പറഞ്ഞപ്പോൾ പിണറായിക്കിട്ട് രണ്ട് കൊടുക്കുമെന്ന് വിചാരിച്ചവർക്കും തെറ്റി. ദൽഹിയിലെ എതിരാളി മോദിയെയും കേരളത്തിലെ എതിരാളി പിണറായിയെയും തുറന്നെതിർക്കാതിരുന്ന രാഹുൽ, തങ്ങൾക്ക് അധികാരം കിട്ടിയാൽ യു.ഡി.എഫിന്റെ പ്രകടനപത്രികയിലെ ന്യായ് പദ്ധതി പ്രകാരം സംസ്ഥാനത്ത് പണം എത്തിക്കുമെന്ന പ്രഖ്യാപനം മാത്രം നടത്തി മടങ്ങിയതിലാണ് അണികളുടെ നിരാശ.

വലിയ കല്ലുകടികളില്ലാതെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് തരക്കേടില്ലാത്ത പ്രചരണവുമായി മുന്നോട്ടു പോവുകയാണ് യു.ഡി.എഫ്. ജില്ലയിലെ അഞ്ച് മണ്ഡലങ്ങളും തിരിച്ചു പിടിക്കണമെന്ന വലിയ ടാസ്ക് ഏറ്റെടുത്ത് പൊരുതുമ്പോൾ രാഹുൽ ഗാന്ധിയുടെ വരവ് നേതാക്കളിലും പ്രവർത്തകരിലും ആശ്വാസം പകർന്നു. പ്രചാരണങ്ങൾക്ക് ഗതിവേഗമായി.

കേട്ടതും കണ്ടതും

റോഡ് ഷോയിൽ രാഹുലിന്റെ പതിവ് ഷോകൾ പ്രതീക്ഷിച്ചവർ ഏറെയുണ്ടായിരുന്നു. കൊല്ലത്ത് കടലിൽ ചാടി, കോട്ടയത്ത് കടയിൽ കയറി, ചോറുണ്ടു, ചായ കുടിച്ചു. ഇതൊക്കെ കണ്ട പത്തനംതിട്ടക്കാർ എന്തെങ്കിലുമൊക്കെ പ്രതീക്ഷിച്ചു. നീന്തറിയുന്ന ആളായതുകൊണ്ട് ആറ്റിൽ ചാടും, പാലത്തിൽ കയറും, ആനക്കൂട് വഴിയായതുകൊണ്ട് ആനപ്പുറത്ത് കയറും എന്നൊക്കെ തമാശക്കഥകളും കേട്ടു. ഒരു നിമിഷം പോലും കളയാതെ ഒപ്പിയെടുക്കാൻ കാമറകൾ റോഡ്ഷോയുടെ റൂട്ടുകളിൽ മിഴികൾ തുറന്നിട്ടുണ്ടായിരുന്നു.

പക്ഷേ, വഴിവക്കുകളിൽ കടലിരമ്പമായി നിന്ന ആളാരവങ്ങൾ കണ്ട് കൈവീശിയും തൊഴുതും മുന്നോട്ടു നീങ്ങിയ നേതാവ് സ്നേഹത്തിന്റെയും ആർദ്രതയുട‌െയും മനസാണ് പുറത്തെടുത്തത്. പൂച്ചെണ്ടുമായി നിൽക്കുന്നവരെ കണ്ട് വാഹനം നിറുത്തിച്ചു കടന്നു ചെന്ന് കെട്ടിപ്പിട‌ിച്ചു. സെൽഫിയെടുപ്പിച്ച് അടുത്ത സ്വീകരണ പോയിന്റിലേക്ക് എത്തിയപ്പോൾ മുഷ്ടിചുരുട്ടി സിന്ദാബാദ് വിളിച്ച കുട്ടിയെ എടുത്തുയർത്തി വാഹനത്തിൽ കൂടെയിരുത്തി. വീൽചെയറിലിരുന്ന അമ്മൂമ്മയുടെ അടുത്തേക്ക് എത്തി കഴുത്തിൽ ഷാളണിയിച്ചു. കോന്നിയിൽ തുടങ്ങി പത്തനംതിട്ടയിലൂടെ റാന്നിയിലെത്തി നാല് മണിക്കൂർ നേരത്തെ ആവേശപ്പൂരം കണ്ട് മനസ് നിറഞ്ഞാണ് രാഹുൽ ഗാന്ധി മടങ്ങിയത്. പത്തനംതിട്ടയെ നിസാരമായി കാണുന്നില്ല എന്ന സന്ദേശം നൽകാനായിരിക്കണം പതിവ് ശൈലിയിലെ അപ്രതീക്ഷിത പരിപാടികൾ ഉപേക്ഷിച്ച് അദ്ദേഹം ആൾക്കൂട്ടത്തെ അഭിവാദ്യം ചെയ്തു നീങ്ങിയത്.

ചെങ്കോട്ട പൊളിക്കണം

ജില്ലയിലെ അഞ്ച് മണ്ഡലങ്ങളും ചെങ്കോട്ടകളാണ്. അത് പൊളിച്ച് ചുവപ്പ് മാറ്റിയടിക്കാൻ ഏറെ പണിപ്പെടുകയാണ് യു.ഡി.എഫുകാർ. സാക്ഷാൽ രാഹുൽ അല്ലാതെ മറ്റൊരാളും ഇനി യു.ഡി.എഫിന് ശക്തി പകരാനില്ല. ആ ജോലി കൃത്യമായി ഏറ്റടുത്താണ് രാഹുൽ വന്നുപോയത്. എന്നെക്കൊണ്ട് ചെയ്യാവുന്നത് ചെയ്തു എന്നൊരു സന്ദേശം കൂടിയുണ്ട് രാഹുലിന്റെ സന്ദർശനത്തിൽ. ജില്ല വീണ്ടും ചുവന്നാൽ, കോൺഗ്രസിൽ തദ്ദേശതിരഞ്ഞെടുപ്പിന് ശേഷം വീശാനിരുന്ന നടപടിയുടെ വാൾ അടങ്ങിയിരിക്കില്ല. ചിലരെയൊക്കെ നോട്ടമിട്ടാണ് ഹൈക്കൻണ്ട് ഇപ്പോൾ മിണ്ടാതിരിക്കുന്നത്. തദ്ദേശത്തിലെ സീറ്റ് വിൽക്കലിന്റെയും പിരിവുകളുട‌െയും കണക്കുകൾ ഹൈക്കമാൻഡിന്റെ മേശപ്പുറത്തുണ്ട്. നിയമസഭ കൂടി കഴിഞ്ഞോട്ടെ എന്നൊരു തീരുമാനത്തിൽ ആനുകൂല്യം പറ്റി കസേരകളിൽ ഇരിക്കുന്നവരാണ് ജില്ലയിലെ പല നേതാക്കളും. നടപടിയുടെ അറ്റകൈ പ്രയോഗത്തിലേക്ക് പോകാതിരിക്കാൻ അച്ചടക്കത്തോടെ തിരഞ്ഞെടുപ്പ് പ്രവർത്തനത്തിലാണ് അവർ. വീണ്ടും കൂട്ടത്തോൽവിയുട‌െ കയ്പറിഞ്ഞാൽ തലകളുരുളും. കോൺഗ്രസ് തകരാൻ കാത്തിരിക്കുന്ന കാവിപ്പട പട‌ക്കളം കയ്യടക്കി 'ചെങ്കോട്ട' ലക്ഷ്യമാക്കി നീങ്ങും. പിന്നെയൊരു തിരിച്ചുവരവ് പ്രതീക്ഷിക്കേണ്ടതില്ല. കോൺഗ്രസിന് ജില്ലയിൽ നിയമസഭാ തിരഞ്ഞെടുപ്പ് ജീവന്മരണ പോരാട്ടമാണ്. കൈയിൽ നിന്ന് പോകാൻ പാർലമെന്റ് മണ്ഡലം കൂടിയേ ബാക്കിയുള്ളൂ. അവിടെയും ഭൂരിപക്ഷം കുറഞ്ഞു കൊണ്ടിരിക്കുന്നു.