ldf

പത്തനംതിട്ട: തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ പ്രചാരണത്തിൽ മേൽക്കൈ നേടാൻ ഇടതുനേതാക്കളെത്തുന്നു. സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചുരി, മുഖ്യമന്ത്രി പിണറായി വിജയൻ, പോളിറ്റ് ബ്യൂറോ അംഗങ്ങളായ എസ്. രാമചന്ദ്രൻപിള്ള, എം.എ.ബേബി എന്നിവർ ജില്ലയിൽ പര്യടനം നടത്തി. മുഖ്യമന്ത്രി പിണറായി വിജയൻ അഞ്ചു മണ്ഡലങ്ങളിലും വൻ ജനപങ്കാളിത്തത്തോടെ സംഘടിപ്പിച്ച പൊയുയോഗങ്ങളിൽ സംസാരിച്ചു. സി.പി.ഐ കേന്ദ്ര എക്‌സിക്യുട്ടീവംഗം പന്ന്യൻ രവീന്ദ്രൻ, മന്ത്രി ജി.സുധാകരൻ എന്നിവരും വിവിധ യോഗങ്ങളിൽ പങ്കെടുത്തു.
തുടർന്നുള്ള ദിവസങ്ങളിൽ നിരവധി നേതാക്കൾ ജില്ലയിലെത്തും. സി.പി.എം പി.ബി.അംഗം വൃന്ദാ കാരാട്ട് ഇന്ന് വിവിധ യോഗങ്ങളിൽ സംസാരിക്കും. രാവിലെ 10ന് കടമ്പനാട് മാർക്കറ്റ്, പകൽ മൂന്നിന് മലയാലപ്പുഴ, വൈകിട്ട് നാലിന് ഇരവിപേരൂർ, അഞ്ചിന് റാന്നി എന്നിവിടങ്ങളിലെ യോഗങ്ങളിൽ വൃന്ദാ കാരാട്ട് സംസാരിക്കും.
സി.പി.ഐ ദേശീയ കൗൺസിലംഗം കെ.ഇ.ഇസ്മയിൽ ഇന്ന് ജില്ലയിൽ രണ്ടു പൊതുസമ്മേളനങ്ങളിൽ സംസാരിക്കും. വൈകിട്ട് അഞ്ചിന് പെരിങ്ങനാട്ടും വൈകിട്ട് ആറിന് കുമ്പഴയിലുമാണ് യോഗങ്ങൾ.
സി.പി.എം പി.ബി അംഗം സുഭാഷിണി അലി 31ന് ജില്ലയിലെത്തും. രാവിലെ 10ന് തിരുവല്ല, പകൽ 11ന് പത്തനംതിട്ട, മൂന്നിന് റാന്നി, നാലിന് കോന്നി, വൈകിട്ട് അഞ്ചിന് അടൂർ എന്നിവിടങ്ങളിലെ പൊതുയോഗങ്ങളിലാണ് സംസാരിക്കുക.
സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം ഡോ. തോമസ് ഐസക് ഏപ്രിൽ മൂന്നിന് ജില്ലയിലെത്തും. രാവിലെ 10ന് കൈപ്പട്ടൂർ, പകൽ മൂന്നിന് ഇലന്തൂർ, വൈകിട്ട് നാലിന് തടിയൂർ, വൈകിട്ട് അഞ്ചിന് തിരുവല്ല എന്നിവിടങ്ങളിലെ യോഗങ്ങളിൽ സംസാരിക്കും.
സി.പി.ഐ കേന്ദ്ര സെക്രട്ടറിയേറ്റംഗം ബിനോയ് വിശ്വം മൂന്നിന് യോഗങ്ങളിൽ പങ്കെടുക്കും. വൈകിട്ട് നാലിന് ഏഴംകുളം, അഞ്ചിന് ഓമല്ലൂർ, വൈകിട്ട് 6.30ന് കോട്ട എന്നിവിടങ്ങിലാണ് യോഗങ്ങൾ.