കോന്നി: 80 വയസ് കഴിഞ്ഞ വോട്ടർമാരുടെ പോസ്റ്റൽ ബാലറ്റുകൾ വീട്ടിലെത്തിച്ചു കൊടുത്ത് വോട്ടു ചെയ്യിക്കുന്നതിൽ ക്രമക്കേട് നടക്കുന്നുവെന്നാരോപിച്ച് ബി.ജെ.പി റിട്ടേർണിംഗ് ഓഫീസർക്ക് പരാതി നൽകി. എൻ.ഡി.എ സ്ഥാനാർഥി കെ.സുരേന്ദ്രന്റെ ചീഫ് ഇലക്ഷൻ ഏജന്റും, ഒ. ബി.സി മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറിയുമായ അഡ്വ.അരുൺ പ്രകാശാണ് പരാതി സമർപ്പിച്ചത്. ബൂത്ത് ലെവൽ ഓഫീസർമാർ പോസ്റ്റൽ ബാലറ്റ് ഉദ്യോഗസ്ഥരോടൊപ്പം വോട്ടർമാരെ സന്ദർശിച്ച് വോട്ടു ചെയ്യിപ്പിക്കുന്നത് ഗൂഢ ലക്ഷ്യത്തോടെയാണെന്നും ബി.എൽ.ഒ മാരെ രാഷ്ട്രീയ പ്രേരിതമായി നിയമിച്ചിരിക്കുകയാണെന്നുമാണ് പരാതി. പോസ്റ്റൽ ബാലറ്റ് ഉദ്യോഗസ്ഥരോടൊപ്പം രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളെ ഉൾപ്പെടുത്തുന്നില്ല. പ്രായമായ വോട്ടർമാർക്ക് വോട്ടു ചെയ്യാൻ കുടുംബാംഗങ്ങളെ അനുവദിക്കുന്നില്ല. ഇത് ഗുരുതരമായ സാഹചര്യമാണെന്നും പരാതിയിൽ പറയുന്നു.