
പത്തനംതിട്ട : നാട് ഇളക്കിയുള്ള പ്രചാരണം അഞ്ച് ദിനംകൂടി. ഏപ്രിൽ നാലിന് കലാശക്കൊട്ടോടുകൂടി പ്രചാരണപരിപാടികൾ അവസാനിക്കും. അഞ്ചിന് മൗന പ്രചാരണം ആണ്. ആറിന് പോളിംഗ് ബൂത്തിലേക്ക്. സ്ഥാനാർത്ഥികളും നേതാക്കൻമാരും അവസാനലാപ്പ് ഓടി തീർക്കാനുള്ള ശ്രമത്തിലാണ്. മുതിർന്ന നേതാക്കളെ ജില്ലയിലെത്തിച്ച് പ്രചാരണം കൊഴുപ്പിക്കുകയാണ് മുന്നണികൾ. പ്രധാനമന്ത്രി നരേന്ദ്രമോദി, രാഹുൽഗാന്ധി, സീതാറാം യെച്ചൂരി തുടങ്ങിയ ദേശീയ നേതാക്കളെല്ലാം ജില്ലയുടെ പ്രചാരണത്തിൽ സജീവമാകുന്നു. സോഷ്യൽ മീഡിയ അടക്കമുള്ള പ്ലാറ്റ് ഫോമുകളടക്കം ഉപയോഗിച്ച് വലിയ രീതിയിലുള്ള പ്രചാരണ പരിപാടികളാണ് മുന്നണികൾ നടത്തുന്നത്. ആരോഗ്യപരമായ പ്രചാരണ പ്രവർത്തനങ്ങളാണ് ഇതുവരെ മുന്നണികളിൽ നിന്നുണ്ടായത്. ബഹളമോ അടിയോ സ്ഥാനാർത്ഥിക്ക് നേരെ വ്യക്തി അധിക്ഷേപങ്ങളോ ജില്ലയിൽ ആർക്കും നേരിടേണ്ടി വന്നില്ല.
" പ്രചാരണം അവസാനഘട്ടത്തിലാണ്. ജില്ലയിലെ അഞ്ച് മണ്ഡലവും നിലനിറുത്തി തുടർഭരണത്തിൽ പങ്കാളികളാകും, നേതാക്കളുടെ യോഗം നടന്നു കൊണ്ടിരിക്കുകയാണ്. പ്രധാന നേതാക്കളെല്ലാം ജില്ലയിൽ എത്തിയിട്ടുണ്ട്. മുൻ വർഷങ്ങളേക്കാൾ ആത്മവിശ്വാസമുണ്ട് ഇത്തവണ. സർക്കാരിന്റെ ക്ഷേമ പ്രവർത്തനങ്ങളും നടപടികളും ജനങ്ങളിൽ സ്വാധീനം ചെലുത്തിയിട്ടുണ്ട്."
കെ.പി ഉദയഭാനു
സി.പി.എം ജില്ലാ സെക്രട്ടറി
"വൻ ഭൂരിപക്ഷത്തോടെ ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലും കോൺഗ്രസ് വിജയിക്കും. പ്രചാരണം അവസാന ഘട്ടത്തിലാണ്. കൃത്യമായി പ്രചാരണത്തിനുള്ള സമയം പൂർത്തീകരിച്ചിട്ടുണ്ട്. വെല്ലുവിളികളൊന്നും ഉണ്ടായിട്ടില്ല. വിജയിക്കുമെന്നുള്ള വിശ്വാസം ഉണ്ട്. കമ്മിറ്റികളും യോഗങ്ങളുമെല്ലാം കഴിഞ്ഞു. കോൺഗ്രസിന് അനൂകൂലമായ സാഹചര്യമാണിപ്പോൾ."
ബാബു ജോർജ്
ഡി.സി.സി പ്രസിഡന്റ്
"ഓരോ ബൂത്തിലേയും നേതാക്കൻമാർ ജനങ്ങളുമായി നേരിട്ടു ഇടപെടുന്ന മഹാസമ്പർക്കപരിപാടി പൂർത്തിയായി. ജില്ലയിൽ ഏറ്റവും കൂടുതൽ പ്രതീക്ഷയുള്ള മണ്ഡലം കോന്നിയാണ്. എല്ലാ മണ്ഡലത്തിലും ലീഡ് നിലയുണ്ടാകും. പ്രധാനമന്ത്രി കൂടി എത്തുന്നതോടെ വൻ മുന്നേറ്റം ഉണ്ടാകും. മുൻ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് മുപ്പത് ശതമാനം വോട്ട് വർദ്ധനവ് ഇത്തവണയുണ്ടാകും."
വി.എ.സൂരജ്
ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി