റാന്നി: വടശേരിക്കര പഞ്ചായത്തിനെ ഉയർത്തുമെന്ന് ഉറപ്പു നൽകി ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി പ്രമോദ് നാരായൺ വടശേരിക്കര പഞ്ചായത്തിലെ പര്യടനം പൂർത്തിയാക്കി. ശബരിമലയിലേക്കും ഗവി ഇക്കോ ടൂറിസത്തിലേക്കും പുതിയതായി പദ്ധതി സമർപ്പിച്ചിട്ടുള്ള മണിയാർ ടൂറിസം പദ്ധതിയിലേക്കുമുള്ള ഗേറ്റ് വേ എന്ന നിലയിൽ വടശേരിക്കരയ്ക്ക് സാദ്ധ്യതകളേറെയാണെന്നും അദ്ദേഹം പറഞ്ഞു. രാവിലെ പുളിന്തോട്ടത്തിൽ കടവിൽ നിന്ന് ആരംഭിച്ച പര്യടനം വൈകിട്ട് ഇടക്കുളത്ത് സമാപിച്ചു. സി.പി.എം ജില്ലാ കമ്മിറ്റി അംഗം എസ്. ഹരിദാസ് ഉദ്ഘാടനം ചെയ്തു. എൻ.പ്രകാശ് കുമാർ അദ്ധ്യഷനായി. എം.വി വിദ്യാധരൻ, ആലിച്ചൻ ആറൊന്നിൽ,പി.ആർ പ്രസാദ്, കോമളം അനിരുദ്ധൻ, കെ.കെ സുരേന്ദ്രൻ , ജോർജ് ഫിലിപ്പ് ,അമൽ ഏബ്രഹാം, ബെഞ്ചമിൻ ജോസ് ജേക്കബ്, ആർ.ശ്യാമ, കെ സതീഷ്, ലീലാ ഗംഗാധരൻ, എൻ പ്രകാശ് കുമാർ, വിപിൻ കല്ലും പുറത്ത് എന്നിവർ സംസാരിച്ചു.