അടൂർ : യു.ഡിഎഫ് ഭരണത്തിലെത്തില്ലെന്ന കാര്യം ഉറപ്പായതോടെ മോഹഭംഗം ബാധിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നുണ പ്രചാരണം നടത്തുകയാണെന്ന് സി.പി.ഐ ദേശീയ കൗൺസിൽ അംഗം കെ. ഇ ഇസ്മയിൽ പറഞ്ഞു. എൽ.ഡി.എഫ് പെരിങ്ങനാട് വടക്ക് മേഖല കമ്മിറ്റി നടത്തിയ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയപരമായി എൽ.ഡി.എഫിനെ നേരിടാൻ കഴിയില്ലെന്ന് ബോദ്ധ്യപ്പെട്ടതോടെയാണ് യു.ഡി.എഫ് നേതാക്കൾ കള്ളപ്രചാരണത്തിലൂടെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നത്. ഒടുവിൽ പാവപ്പെട്ടവർക്ക് വിതരണം ചെയ്യുന്ന ഭക്ഷ്യക്കിറ്റ് വിതരണം നിറുത്തിവെക്കണമെന്നായിരുന്നു ആവശ്യം. ഇത് കോടതി തള്ളിയതോടെ ജനങ്ങൾക്ക് മുമ്പിൽ പ്രതിപക്ഷ നേതാവ് ഇളിഭ്യനായി. അടുത്ത ആരോപണം എൽ.ഡി.എഫ് വിജയിക്കുന്നത് കള്ളവോട്ടിലൂടെ എന്നായിരുന്നു. അന്വേഷണം വന്നപ്പോൾ കോൺഗ്രസ് നേതാക്കളുടെ കുടുംബാംഗങ്ങളുടെ ഇരട്ട വോട്ടുകൾ കൂട്ടത്തോടെ പുറത്തു വന്ന സ്ഥിതിയായി. ഇപ്പോൾ അതേക്കുറിച്ച് മിണ്ടാട്ടമില്ലെന്നും കെ. ഇ. ഇസ്മയിൽ കുറ്റപ്പെടുത്തി. ബി.നിസാം അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ ജില്ലാ സെകട്ടറി എ.പി ജയൻ, സി.പി.എം ഏരിയ സെക്രട്ടറി അഡ്വ എസ്.മനോജ്, എ. .പി സന്തോഷ്, എം. വി വിദ്യാധരൻ, സന്തോഷ് പാപ്പച്ചൻ, ബൈജു മുണ്ടപ്പള്ളി, അഖിൽ പെരിങ്ങനാട്, രാജൻ സുലൈമാൻ എന്നിവർ പ്രസംഗിച്ചു.