തിരുവല്ല: വിഭവ സമ്പത്ത് നിറഞ്ഞ കേരളത്തിലെ ജനങ്ങൾ ഏറെയും കഴിവുള്ളവരാണെന്നും എന്നാൽ അവ വേണ്ടരീതിയിൽ ഉപയോഗിക്കുന്നതിൽ ഇടതുവലത് ഭരണാധികാരികളും ജനപ്രതിനിധികളും പരാജയപ്പെട്ടിരിക്കുകയാണെന്നും കർണാടക ഉപമുഖ്യമന്ത്രി ഡോ. അശ്വിൻ നാരായൺ പറഞ്ഞു. നരേന്ദ്രമോദിയുടെ വിജയ് റാലിയുടെ ഒരുക്കങ്ങൾ വിലയിരുത്തുന്ന നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തെ ആദ്യത്തെ ഐ.ടി പാർക്ക് തുടങ്ങാൻ കേരളത്തിനു സാധിച്ചെങ്കിലും പിന്നീട് ഐ.ടി മേഖലയിൽ കുതിച്ചുചാട്ടം നടത്താനായില്ല. കേരളത്തിലെ വിഭവശേഷിയുടെ പ്രയോജനം ഉപയോഗപ്പെടുത്തുന്നത് അന്യ സംസ്ഥാനങ്ങളും വിദേശ രാജ്യങ്ങളുമാണ്. കാലോചിതമായി ചിന്തിച്ച് വികസന പദ്ധതികൾ നടപ്പാക്കാൻ ഇടതു വലത് മുന്നണികളുടെ ജനപ്രതിനിധികൾക്ക് സാധിക്കുന്നില്ല. സംസ്ഥാനത്തിന്റെ വിഭവശേഷി പാഴാക്കി കളയുന്ന കേരളത്തിന് നരേന്ദ്രമോദി ഏഴ് വർഷമായി രാജ്യത്ത് നടപ്പാക്കിയ വികസനത്തിന്റെ പത്ത് ശതമാനം പോലും വികസനം കഴിഞ്ഞ 65 വർഷങ്ങളായി കേരളം ഭരിക്കുന്ന ഇടതുവലതു സർക്കാരുകൾക്ക് സാധിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനാർത്ഥി അശോകൻ കുളനട, ബി.ജെ.പി ജില്ല ജന.സെക്രട്ടറി വിജയകുമാർ മണിപ്പുഴ, വൈസ് പ്രസിഡണ്ട് പി ആർ ഷാജി, സെക്രട്ടറി പ്രസന്നകുമാർ കുറ്റൂർ, സെൽ കോഡിനേറ്റർ വിനോദ് തിരുമൂലപുരം, മണ്ഡലം പ്രസിഡണ്ട് അഡ്വ മണിപ്പുഴ, വൈസ് പ്രസിഡണ്ട് പ്രകാശ് വടക്കേമുറി എന്നിവർ പ്രസംഗിച്ചു.