പത്തനംതിട്ട: കോന്നിയിൽ വിജയം ഉറപ്പെന്ന് എൻ.ഡി.എ സ്ഥാനാർത്ഥി കെ.സുരേന്ദ്രൻ. ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന്റെ സർവേയിൽ ഇക്കാര്യം വ്യക്തമായിട്ടുണ്ട്. ഹൈദരാബാദ് ആസ്ഥാനമായ സ്വകാര്യ ഏജൻസിയാണ് ഫെബ്രുവരി, മാർച്ച് മാസങ്ങളിലായി രണ്ട് സർവേകൾ നടത്തിയത്. 53,000 നും 58,000 നും ഇടയിൽ വോട്ടു ലഭിക്കും. ഏപ്രിൽ ആദ്യം ഒരു സർവേ കൂടി നടത്തും.

വിശ്വാസ സംരക്ഷണം, മോദി സർക്കാരിന്റെ വികസന പദ്ധതികൾ, മണ്ഡലം വികസനം എന്നീ ഘടകങ്ങളെ അടിസ്ഥാനമാക്കിയുള്ള പ്രചാരണത്തിൽ ഏറെ മുന്നിലാണെന്ന് സുരേന്ദ്രൻ പറഞ്ഞു.കെ.സുരേന്ദ്രന്റെ മൂന്നാംഘട്ട തിരഞ്ഞെടുപ്പ് പര്യടനം തുടങ്ങി. മണ്ണീറ,കോന്നി, വള്ളിക്കോട്, കൂടൽ, തണ്ണിത്തോട് പഞ്ചായത്തുകളിലാണ് പര്യടനം നടത്തിയത്. സ്ഥാനാർത്ഥിയുടെ പര്യടനത്തിന് ഒപ്പംതന്നെ വനിതാ സ്ക്വാഡുകളുടെ പ്രവർത്തനവും സജീവമാണ്. സ്ഥാനാർത്ഥിയുടെ അഭ്യർത്ഥനയും പ്രകടന പത്രികയുമായി സ്ത്രീകളുടെയും യുവാക്കളുടെയും നിരവധി സ്ക്വാഡുകളാണ് പ്രവർത്തിക്കുന്നത്. പ്രധാനമന്ത്രി എത്തുന്നതിന്റെ ആവേശത്തിലാണ് എൻ.ഡി.എ ക്യാമ്പ് . കോന്നിയുടെ വികസന സാദ്ധ്യതകൾ ഉയർത്തിക്കാട്ടിയാണ് എൻ.ഡി.എ പര്യടനം പുരോഗമിക്കുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ കേന്ദ്ര, സംസ്ഥാന നേതാക്കൾ കോന്നിയിൽ എത്തും.

കോന്നിയിൽ പോര് മുറുകി

പ്രചാരണം അവസാന ലാപ്പിലേക്ക് എത്തിയതോടെ കോന്നിയിൽ ത്രികോണപ്പോര് മുറുകി. പ്രചാരണത്തിൽ മുന്നിലെത്താൻ മൂന്ന് മുന്നണികളും ഇഞ്ചോടിഞ്ച് മത്സരത്തിലാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വരവോടെ മറ്റ് രണ്ട് മുന്നണികളേക്കാളും മേൽക്കൈ നേടാമെന്ന പ്രതീക്ഷയിലാണ് എൻ.ഡി.എ. ഏപ്രിൽ രണ്ടിന് രാവിലെ 11.30ന് പ്രമാടം ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന വിജയ് റാലിയിൽ ഒരു ലക്ഷം പേർ പങ്കെടുക്കുമെന്ന് ബി.ജെ.പി നേതാക്കൾ പറഞ്ഞു. കർണാടക ഉപമുഖ്യമന്ത്രി അശ്വത് നാരായണിന്റെ നേതൃത്വത്തിൽ ഒരുക്കങ്ങൾ വിലയിരുത്തുന്നുണ്ട്. സ്ഥാനാർത്ഥി പര്യടനങ്ങളിൽ കാണുന്ന ജനങ്ങളുടെ ആവേശം സുരേന്ദ്രന്റെ വിജയം ഉറപ്പിക്കുന്നതാണെന്ന് എൻ.ഡി.എ നേതാക്കൾ അവകാശപ്പെടുന്നു.

അതേസമയം, മണ്ഡലം നിലനിറുത്താൻ എൽ.ഡി.എഫ് പ്രചാരണം ശക്തിപ്പെടുത്തി. ഡി.വൈ.എഫ്.ഐ നേതാവ് കെ.യു. ജനീഷ് കുമാറാണ് സ്ഥാനാർത്ഥി. ഡി.വൈ.എഫ്.ഐയുട‌െ സ്ക്വാഡ് പ്രവർത്തനം ശക്തമാക്കി. വനിതാ വിഭാഗവും രംഗത്തുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്റെ കേരള പര്യടനവും സി.പിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ സന്ദർശനവും അണികളിൽ ഉണർവുണ്ടാക്കി.

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ റോഡ്ഷോയു‌ടെ ആവേശത്തിൽ യു.ഡി.എഫ് പ്രവർത്തനം ശക്തമായി. സ്ഥാനാർത്ഥി റോബിൻ പീറ്ററിന്റെ സ്വീകാര്യത വിജയം ഉറപ്പിക്കുമെന്നാണ് കണക്കുകൂട്ടൽ.