stadiom

കോന്നി : പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന വിജയ് റാലിയുടെ ഒരുക്കങ്ങൾ പ്രമാടം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ പുരോഗമിക്കുന്നു. ഒരുലക്ഷം പ്രവർത്തകരാണ് പരിപാടിയിൽ പങ്കെടുക്കുന്നത്. സ്റ്റേജിന്റെ നിർമാണം പുരോഗമിക്കുകയാണ്. എൻ.എസ്.ജിയുടെ നിർദ്ദേശ പ്രകാരമാണ് സ്റ്റേജ് നിർമിക്കുന്നത്. കേന്ദ്ര , സംസ്ഥാന സേനകൾ ഒരുക്കങ്ങൾ നിരീക്ഷിക്കുന്നുണ്ട്. സ്റ്റേഡിയത്തിന് ചുറ്റും സുരക്ഷാ വേലികളും ക്രമീകരണങ്ങളും ഒരുക്കുന്നുണ്ട്. ഏപ്രിൽ രണ്ടിനാണ് പ്രധാനമന്ത്രി പ്രമാടത്ത് എത്തുന്നത്. എൻ.ഡി.എ സ്ഥാനാർത്ഥികൾ റാലിയിൽ പങ്കെടുക്കും. ഇൻഡോർ സ്റ്റേഡിയം എൻ.എസ്.ജി നിരീക്ഷണത്തിലാണ്. അനാവശ്യമായി ആരെയും സ്റ്റേഡിയത്തിലേക്ക് കടത്തി വിടില്ല. സുരക്ഷാ പരിശോധന കർശനമാക്കിയിട്ടുണ്ട്.

പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിൽ ഹെലിപ്പാഡ് തയ്യാറാകുന്നുണ്ട്. സ്റ്റേഡിയത്തിൽ മണ്ണിട്ട് നികത്തി കോൺക്രീറ്റ് ചെയ്താണ് പ്രധാനമന്ത്രി വരുന്ന ഹെലികോപ്ടറിന് ഇറങ്ങാൻ ഹെലിപാഡ് നിർമിക്കുന്നത്. ജില്ലാ സ്റ്റേഡിയത്തിൽ രാവിലെ 1നാണ് പ്രധാനമന്ത്രി ഹെലികോപ്ടറിൽ ഇറങ്ങുക. അവിടെനിന്ന് പ്രമാടം ഇൻഡോർ സ്റ്റേഡിയത്തിലേക്ക് പോകും.

റോഡ് ഷോയുമായി യോഗി ആദിത്യനാഥ്

അടൂർ : നിയോജക മണ്ഡലത്തിലെ എൻ. ഡി. എ സ്ഥാനാർത്ഥി അഡ്വ. പന്തളം പ്രതാപന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ റോഡ് ഷോ ഏപ്രിൽ 1 ന് രാവിലെ 11 ന് അടൂരിൽ നടക്കും.അയ്യായിരത്തോളം എൻ. ഡി. എ പ്രവർത്തകർ പങ്കെടുക്കും. ഇതിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ബി. ജെ. പി നിയോജകമണ്ഡലം പ്രസിഡന്റ് അനിൽ നെടുമ്പള്ളിൽ, ജനറൽ സെക്രട്ടറി രാജേഷ് തെങ്ങമം, ട്രേഡേഴ്സ് സെൽ ജില്ലാ കൺവീനർ രൂപേഷ് അടൂർ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മൗണ്ട്സിയോൺ മെഡിക്കൽ കോളേജ് ഗ്രൗണ്ടിലെ ഹെലിപ്പാഡിൽ ഇറങ്ങുന്ന അദ്ദേഹം കാർമാർഗം അടൂർ സെൻട്രൽ മൈതാനിയിൽ എത്തിച്ചേരും. ഇവിടെനിന്ന് ആരംഭിക്കുന്ന റോഡ്ഷോ ജനറൽ ആശുപത്രി ജംഗ്ഷനിലെ പഴയ പ്രൈവറ്റ് ബസ്റ്റാൻഡിൽ സമാപിക്കും. സമ്മേളനം ഉണ്ടാകില്ല. ഏപ്രിൽ 2 ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രമാടം ഇൻഡോർ സ്റ്റേഡിയത്തിൽ പങ്കെടുക്കുന്ന സമ്മേളനത്തിൽ നിയോജകമണ്ഡലത്തിൽ നിന്നും പതിനയ്യായിരം പ്രവർത്തകരെ പങ്കെടുപ്പിക്കും.

----------

പ്രമാടം ഇൻഡോർ സ്റ്റേഡിയത്തിൽ സമ്മേളനം

ജില്ലാ സ്റ്റേഡിയത്തിൽ ഹെലിപാഡ്