വോട്ട് ഉറപ്പിച്ച് ചിറ്റയം
അടൂർ: അടൂരിൽ കച്ചേരിചന്തയുടെ ഭാഗത്ത് ഇന്നലെ രാവിലെ ഇടത് സ്ഥാനാർത്ഥി ചിറ്റയം ഗോപകുമാറിന് ചുറ്റും ജനക്കൂട്ടം. . പ്രായമായവരും സ്ത്രീകളും അക്കൂട്ടത്തിലുണ്ട്. എല്ലാവരോടും കുശലാന്വേഷണം നടത്തിയും കരംഗ്രഹിച്ചും തലോടിയും ചിറ്റയം നാട്ടുകാരനായി. വോട്ട് ചെയ്യണമെന്ന് പ്രത്യേകം പറയണോ.. ? - ചിറ്റയത്തിന്റെ ചോദ്യം കേട്ടപ്പോൾ അറുപതുകാരനായ ഗോപിനാഥൻ ചോദിച്ചു. ഞങ്ങൾ അറിഞ്ഞ് തരില്ലേ... ന് നിറസന്തോഷത്തോടെ സ്ഥാനാർത്ഥി. ബൂത്ത്തല പര്യടനം അവസാനിച്ച ശേഷം രണ്ട് ദിവസമായി പരമാവധി വ്യക്തികളെ നേരിട്ട് കാണുന്നതിലും കോളനികളിലും തൊഴിലുറപ്പ് തൊഴിൽ സ്ഥലങ്ങളിലും വ്യാപാരസ്ഥാപനങ്ങളിലുമായി രുന്നു വോട്ടഭ്യർത്ഥന. തുടർന്ന് തെങ്ങമം, മണക്കാല, കടമ്പനാട് തുടങ്ങിയ പ്രദേശങ്ങൾ സന്ദർശിച്ചു. ഏഴംകുളം പഞ്ചായത്തിലെ പഞ്ചായത്ത്തല തൊഴിലുറപ്പ് തൊഴിലാളികളുടെ കൺവെൻഷനിലും എത്തി..വൈകുന്നേരം കടമ്പനാട് പഞ്ചായത്തിലെ പറമല, കോളൂർകുഴി, മലങ്കാവ്, പാണ്ടിമലപ്പുറം, മണ്ണടി എന്നിവിടങ്ങളിലെ കോളനികളിൽ ചിറ്റയം എത്തി
സ്നേഹം കൈമാറി എം.ജി കണ്ണൻ
ഇന്നലെ അടൂർ മുനിസിപ്പാലിറ്റിയിലായിരുന്നു യു.ഡി.എഫ് സ്ഥാനാർത്ഥി എം ജി കണ്ണന്റെ സ്വീകരണ പര്യടനം . രാവിലെ മൂന്നാളത്തു നിന്ന് വലിയ ജനാവലിയുടെ ആശീർവാദത്തോടെ ആരംഭിച്ച പര്യടനത്തിന് നഗരത്തിൽ ഉടനീളം വലിയ സ്വീകരണമാണ് ലഭിച്ചത് . കുടിവെള്ളക്ഷാമവും മാലിന്യവുമാണ് അടൂർ നഗരസഭാ പ്രദേശം നേരിടുന്ന ഏറ്റവും വലിയ പ്രശ്നമെന്ന് കണ്ണൻ യോഗങ്ങളിൽ പറഞ്ഞു. തിരുവഞ്ചൂർ രാധാകൃഷ്ണൻ കൊണ്ടുവന്നതല്ലാതെ അടൂരിന്റെ മുഖച്ഛായ മാറ്റുന്ന ഒന്നും കൊണ്ടുവരാൻ നിലവിലെ എം.എൽ.എ ക്ക് കഴിഞ്ഞില്ലെന്നും ,താൻ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ വികസന തുടർച്ചയ്ക്കായാണ് വോട്ട് അഭ്യർത്ഥിക്കുന്നതെന്നും കണ്ണൻ പറഞ്ഞു. കേരളാ കോൺഗ്രസ് ഉന്നതാധികാര സമിതി അംഗം പ്രൊഫ . ഡി.കെ.ജോൺ പര്യടനം ഉദ്‌ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഷിബു ചിറക്കരോട്ട് അദ്ധ്യക്ഷത വഹിച്ചു. തേരകത്തു മണി, പഴകുളം ശിവദാസൻ, മാത്യു വീരപ്പള്ളി, ഷൈജു ഇസ്മയിൽ, അഡ്വ. ബിജു വർഗീസ്, എസ് ബിനു, ഏഴംകുളം അജു, ആനന്ദപ്പള്ളി സുരേന്ദ്രൻ, ഉമ്മൻതോമസ്, നിസാർ കാവിള, ഡി. ശശികുമാർ എന്നിവർ പ്രസംഗിച്ചു . പറക്കോടായിരുന്നു സമാപനം.
ജനഹൃദയങ്ങളിൽ പന്തളം പ്രതാപൻ
എൻ. ഡി. എ സ്ഥാനാർത്ഥി അഡ്വ. പന്തളം പ്രതാപൻ ഇന്നലെ വോട്ടർമാരെ നേരിൽകണ്ട് വോട്ട് ഉറപ്പിക്കുന്ന തിരക്കിലായിരുന്നു. ഇന്ന് യു. പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അടൂരിൽ റോഡ്ഷോയ്ക്ക് എത്തുന്നത് വിജയിപ്പിക്കുന്നതിനുള്ള ഒരുക്കങ്ങളിലമർന്ന് എൻ. ഡി. എ പ്രവർത്തകരും. സ്ഥാനാർത്ഥി ഇന്നലെ രാവിലെ പന്തളം തെക്കേക്കര പഞ്ചായത്തിലെ അയണിക്കൂട്ടം കോളനിസന്ദർശിച്ചു. വീടുകൾ തോറും കയറിയിറങ്ങി വോട്ട് അഭ്യർത്ഥിക്കുകയും കോളനിയിലെ ഇല്ലായ്മകൾ ചോദിച്ച് മനസ്സിലാക്കുകയും ചെയ്തു. നിറഞ്ഞ സന്തോഷത്തോടെയാണ് കോളനി നിവാസികൾ സ്ഥാനാർത്ഥിയെ വരവേറ്റത്. കോളനിയുമായി ഏറെ ഹൃദയബന്ധമുണ്ടായിരുന്നതിനാൽ പരിചയപ്പെടുത്തലിന്റെ ആവശ്യം വേണ്ടിവന്നില്ല. തുടർന്ന് പന്തളം നഗരസഭയിലെ 25-ാം വാർഡിലെ തൊഴിലുറപ്പ് കേന്ദ്രങ്ങൾ സന്ദർശിച്ച ശേഷം പന്തളത്തെ സാമുദായിക നേതാക്കളെയും പൗരപ്രമുഖരേയും കണ്ട് വോട്ട് അഭ്യർത്ഥിച്ചു. വൈകുന്നേരത്തോടെ ഏറത്ത് പഞ്ചായത്തിലെ മുരുകൻകുന്ന് കോളനി സന്ദർശിച്ചു . ഇതിനിടെ കോളനി നിവാസിയായ വിഷ്ണുഭവനിൽ ഭാരതി, സ്ഥാനാർത്ഥിയും പ്രവർത്തകരും എത്തിയപ്പോഴേക്കും കപ്പപുഴുക്കും മുളക്ചമ്മന്തിയും കട്ടൻകാപ്പിയും തയ്യാറാക്കിയിരുന്നു. എല്ലാവരും ഭക്ഷണം കഴിച്ചായിരുന്നു മടക്കം.