തിരുവല്ല: എൻ.ഡി.എ സ്ഥാനാർത്ഥി അശോകൻ കുളനട ഇന്നലെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പര്യടനം നടത്തി. തിരഞ്ഞെടുപ്പ് പ്രചാരണം രാവിലെ റവന്യൂ ടവറിൽ നിന്ന് ആരംഭിച്ചു. അഭിഭാഷക പരിഷത്ത് തിരുവല്ല യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സ്ഥാനാർത്ഥിക്ക് റവന്യൂ ടവറിൽ സ്വീകരണം നൽകി. തുടർന്ന് കുരിശുകവല മുതൽ ദീപാ ജംഗ്ഷൻ വരെയുള്ള വ്യാപാര സ്ഥാപനങ്ങളിൽ പര്യടനം നടത്തി. ഉച്ചയ്ക്കുശേഷം കടപ്ര പഞ്ചായത്തിലെ തിക്കപ്പുഴ, സൈക്കിൾമുക്ക്, പുളിക്കീഴ് ജംഗ്ഷൻ എന്നിവിടങ്ങളിലായിരുന്നു സ്ഥാനാർത്ഥിയുടെ പ്രചരണ പരിപാടി. അശോകൻ കുളനടയുടെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം നാലിന് രാവിലെ 9 30ന് കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രി നിർമ്മല സീതാരാമൻ തിരുവല്ലയിൽ എത്തും. തിരുവല്ല ഹെഡ് പോസ്റ്റ് ഓഫീസ് പരിസരത്തുനിന്ന് ആരംഭിക്കുന്ന റോഡ് ഷോ തിരുവല്ല മുനിസിപ്പൽ സ്റ്റേഡിയത്തിൽ സമാപിക്കും. വിവിധ കേന്ദ്ര സംസ്ഥാന നേതാക്കൾ റോഡ് ഷോയിൽ പങ്കെടുക്കുമെന്ന് ബി.ജെ.പി നിയോജകമണ്ഡലം പ്രസിഡന്റ് അഡ്വ.ശ്യാം മണിപ്പുഴ അറിയിച്ചു.