murala
കോന്നിയി​ലെ എൻ.ഡി.എ സ്ഥാനാർത്ഥി കെ.സുരേന്ദ്രന്റെ തി​രഞ്ഞടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സീതത്തോട്ടിൽ നടന്ന പൊതുയോഗം കേന്ദ്ര മന്ത്രി വി.മുരളീധരൻ ഉദ്ഘാടനം ചെയ്യുന്നു

സീതത്തോട്: : മുസ്ലീം ലീഗിന്റെ സ്വാധീനം ഒരു മുന്നണിയിൽ മാത്രം ഒതുങ്ങി നിൽക്കുന്നതല്ലെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ. എൻ.ഡി.എ സ്ഥാനാർത്ഥി കെ.സുരേന്ദ്രന്റെ തിരഞ്ഞെടുപ്പു യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലൗ ജിഹാദിന് ഉത്തരം കണ്ടെത്താൻ കേരളത്തിലെ പ്രബല രാഷ്ട്രീയക്കാർക്ക് ബാദ്ധ്യതയുണ്ടെന്ന് പറഞ്ഞതിന്റെ അടുത്ത മണിക്കൂറിൽ ഈ വിഷയത്തിൽ ഇടതുമുന്നണിയുടെ നയമാണ് തങ്ങൾക്കും എന്ന് പറഞ്ഞ് ജോസ് കെ.മാണി മലക്കം മറിഞ്ഞത് മുസ്ലീം ലീഗിന് ഇടതുമുന്നണിയിൽ സ്വാധീനമുണ്ടെന്നതിന് തെളിവാണ്. ഈ വിഷയത്തിൽ ബി.ജെ.പി മാത്രമേ തുറന്ന അഭിപ്രായം പറഞ്ഞിട്ടുള്ളൂ. എല്ലാ പാർട്ടികളും അഭിപ്രായം പറയണമെന്നതാണ് ക്രൈസ്തവ സമൂഹത്തിന്റെ ആവശ്യം. വേണ്ടിവന്നാൽ ലൗ ജിഹാദിനെതിരെ നിയമം കൊണ്ടുവരുന്നത് കേന്ദ്രസർക്കാർ ആലോചിക്കും.

മുസ്ലീം ലീഗ് ഭീകരവാദവും അഴിമതിയും ഒരുപോലെ പ്രോത്സാഹിപ്പിക്കുകയാണ്. ഇവ രണ്ടും സമ്പൂർണ നാശത്തിലേക്കേ നയിക്കുവെന്നും ജനാധിപത്യ മണ്ണിൽ ഇത്രയധികം ചെലവാകില്ലെന്നും മുരളീധരൻ പറഞ്ഞു.

കർഷക മോർച്ച സംസ്ഥാന പ്രസിഡന്റ് ജയസൂര്യൻ പാല, ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് എം.അയ്യപ്പൻകുട്ടി, മണ്ഡലം പ്രസിഡന്റ് ജി.മനോജ്, സെക്രട്ടറി പി.വി.ബോസ്, ബി.ഡി.ജെ.എസ് മണ്ഡലം പ്രസിഡന്റ് സോമനാഥൻ, ജില്ലാ സെക്രട്ടറി സുരേഷ് തരംഗിണി, ബി.ഡി.വൈ.എസ് ജില്ലാ പ്രസിഡന്റ് നോബിൾ കുമാർ, ബി.ജെ.പി സീതത്തോട് പഞ്ചായത്ത് പ്രസിഡന്റ് വേണു ഗോപാലപിളള, രജ്ഞനൻ, സുചിതാ ചന്ദ്രൻ, ജിതേഷ് ഗോപാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.

ഇരുമുന്നണികളും ഒന്നും ചെയ്തില്ല : ജയസൂര്യൻ പാല

കോന്നി : മാറി മാറി ഭരിച്ച മുന്നണികളാണ് കേരളത്തിന്റെ വികസനത്തിന് തടസമായതെന്ന് കർഷക മോർച്ച സംസ്ഥാന പ്രസിഡന്റ് ജയസൂര്യൻ പാല അഭിപ്രായപ്പെട്ടു.തിരഞ്ഞെടുപ്പ് യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭക്ഷ്യ ഉദ്പാദനം കുത്തനെ ഇടിഞ്ഞു. തൊഴിലധിഷ്ഠിത വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കപ്പെട്ടില്ല. വ്യവസായങ്ങൾ ആരംഭിച്ചില്ല. പ്രവാസികൾ അത്മഹത്യ ചെയ്യുന്ന സാഹചര്യമാണ് കേരളത്തിൽ നിലനിൽക്കുന്നത്. സംസ്ഥാനത്തിനു വേണ്ടി ഇരുമുന്നണികളും ഒന്നും ചെയ്തില്ല. പച്ചക്കള്ളം പ്രചരിപ്പിച്ച് ആളുകളെ കബളിപ്പിക്കുകയാണ്. കേന്ദ്ര സർക്കാരിന്റെ പദ്ധതികൾ സ്വന്തം പേരിലാക്കി മേനിനടിക്കുകയാണ് പിണറായിയെന്നും അദ്ദേഹം പറഞ്ഞു.