കുന്നത്തൂർ :കുന്നത്തൂർ താലൂക്കിലെ പ്രധാന പട്ടണമായ ഭരണിക്കാവ് ഗതാഗത കുരുക്കിൽ വീർപ്പുമുട്ടുന്നു. കൊല്ലം - തേനി, വണ്ടിപ്പെരിയാർ - ഭരണിക്കാവ് ദേശീയ പാതകളും കരുനാഗപ്പള്ളി,അടൂർ, കൊട്ടാരക്കര ഭാഗങ്ങളിലേക്കുള്ള റോഡുകളും സംഗമിക്കുന്ന ഇവിടെ രാപകൽ വ്യത്യാസമില്ലാതെ തിരക്കോടു തിരക്കാണ്. പി.എസ്.സി പരീക്ഷകളും മറ്റും നടക്കുന്ന ദിവസങ്ങളിൽ ഗതാഗതം അഴിയാക്കുരുക്കായി മാറുകയാണ് പതിവ്. വാഹനങ്ങളുടെ നീണ്ട നിര തന്നെയാകും ഓരോ റോഡിലും കാണുക.
നിയമങ്ങൾ കാറ്റിൽ പറത്തി
ടൗണിനോട് ചേർന്ന് ബസുകൾ നിറുത്തിയിടുന്നതിന് വിലക്കുണ്ടെങ്കിലും പലപ്പോഴും നിയമലംഘനമാണ് നടക്കുന്നത്. സ്വകാര്യ, കെ.എസ്.ആർ.ടി.സി ബസുകൾ സകല നിയമങ്ങളും കാറ്റിൽ പറത്തി മിനിട്ടുകളോളം ടൗണിൽ നിറുത്തിയിടുന്നത് തടയാൻ അധികൃതർക്ക് കഴിയാത്തതും വിനയായിരിക്കയാണ്. ദിവസവും ചെറുതും വലുതുമായ ആയിരക്കണക്കിന് വാഹനങ്ങളാണ് ഭരണിക്കാവ് ടൗൺ വഴി സഞ്ചരിക്കുന്നത്. മണിക്കൂറുകളോളം ഗതാഗതകുരുക്കിലമർന്ന് നഗരം വീർപ്പുമുട്ടുകയാണ്.
കാൽനട യാത്രക്കാർ വലയുന്നു
റോഡ് മുറിച്ച് കടക്കാനെത്തുന്ന കാൽനട യാത്രികരാണ് ഗതാഗതക്കുരുക്കുമൂലം വലയുന്നത്.സ്കൂൾ കുട്ടികളാണ് കൂടുതലായും അപകട ഭീഷണി നേരിടുന്നത്.വേണ്ടത്ര പരിശീലനം ലഭിക്കാത്ത ഹോം ഗാർഡുകളാണ് ഗതാഗത നിയന്ത്രണത്തിനായി ഇവിടെയുള്ളത്.മാത്രമല്ല ടൗണിന്റെ മദ്ധ്യഭാഗത്തായി സ്ഥാപിച്ച ട്രാഫിക് സിഗ്നൽ ലൈറ്റ് നോക്കുകുത്തിയായിരിക്കുകയാണ്. അശാസ്ത്രീയമായാണ് സിഗ്നൽ സ്ഥാപിച്ചതെന്നാണ് ആക്ഷേപം.സിഗ്നൽ ആദ്യമായി പ്രവർത്തിച്ച ദിവസം തന്നെ വാഹനാപകടത്തിൽ ഒരാളുടെ ജീവൻ നഷ്ടപ്പെട്ടിരുന്നു.തുടർന്ന് ഇതിന്റെ പ്രവർത്തനം നിറുത്തിവയ്ക്കുകയായിരുന്നു.