photo
കോട്ടാത്തല ജനത വായനശാലയ്ക്കും മണ്ഡപത്തിനും മുന്നിലെ ആൽമരത്തടികൾ കത്തിച്ചുതുടങ്ങിയപ്പോൾ

കൊല്ലം: കോട്ടാത്തല ജനത വായനശാലയും കൽമണ്ഡപവും ശോച്യാവസ്ഥയിലാണ്. വായനശാലയുടെ മുറ്റത്ത് പടർന്ന് പന്തലിച്ച് നിന്നിരുന്ന ആൽമരം മുറിച്ചിട്ട് അഞ്ച് മാസം പിന്നിട്ടു. ഇപ്പോഴും ഇതിന്റെ തടികൾ നീക്കം ചെയ്തിട്ടില്ല. ഇതുമൂലം വായനശാലയിലേക്കും മണ്ഡപത്തിലേക്കും പ്രവേശിക്കാൻ കഴിയാത്ത സ്ഥിതിയാണ്. കൊട്ടാരക്കര- പുത്തൂർ റോഡിന്റെ അരികിലായിട്ടാണ് വായനശാലയും മണ്ഡപവും സ്ഥിതി ചെയ്യുന്നത്. സാംസ്കാരിക പരിപാടികളും രാഷ്ട്രീയ പരിപാടികളുമൊക്കെ നടക്കുന്നത് വായനശാല മുറ്റത്താണ്. എന്നാൽ തടി നീക്കം ചെയ്യാത്തത് ഇതിനെല്ലാം തടസമായി. കാലപ്പഴക്കത്താൽ ജീർണാവസ്ഥയിലാണ് വായനശാലകെട്ടിടം. ഇത് പൊളിച്ച് നീക്കി മതിയായ സൗകര്യങ്ങളോടെ പുതിയ കെട്ടിടം നിർമ്മിക്കണമെന്ന ആവശ്യവും ജലരേഖയാവുകയാണ്. ഭൂമിയെച്ചൊല്ലിയുള്ള നിയമപ്രശ്നങ്ങളും മുട്ടാത്തർക്കങ്ങളും പറഞ്ഞാണ് വായനശാലയ്ക്ക് കെട്ടിടം നിർമ്മിക്കാത്തത്.

തടികൾ കത്തിച്ച് നാട്ടുകാർ

പൊതുസ്ഥലത്ത് നിന്നിരുന്ന കൂറ്റൽ ആൽമരം മുറിച്ചിട്ടുവെങ്കിലും ഇതിന്റെ തടി നീക്കം ചെയ്യുന്നതിന് ഒട്ടേറെ നിയമക്കുരുക്കുകളുണ്ട്. സർക്കാർ സംവിധാനങ്ങളുടെ അനുമതിയും ലേല നടപടികളും വേണ്ടിവരും. ഇതൊന്നും അടുത്തകാലത്തൊന്നും നടക്കില്ലെന്ന് ബോദ്ധ്യപ്പെട്ടതോടെ മറുമരുന്നുമായി നാട്ടുകാരെത്തി. തടി കത്തിനശിച്ചാൽ ഈ കുരുക്കുകളൊന്നും ബാധകമാകില്ലല്ലോ! കഴിഞ്ഞ ഒരാഴ്ചയായി ഇതിനുള്ള നീക്കം തുടങ്ങിക്കഴിഞ്ഞു. പ്രധാന തടി കത്തിത്തീരാറായി. ബാക്കിയുള്ളവയും കൂടി അഗ്നിക്കിരയാക്കുന്നതോടെ ചാമ്പലിന്റെ കണക്കും പറഞ്ഞ് ആരും വരില്ലെന്നാണ് നാട്ടുകാർ പറയുന്നത്. കൂറ്റൻ ആൽമരത്തിന്റെ തടികൾ യാതൊരു ഉപയോഗവുമില്ലാത്തവിധം കത്തിച്ചുകളയുന്നതിലും പ്രതിഷേധങ്ങളുണ്ട്. എന്നാൽ വായനശാലയ്ക്ക് മുന്നിൽ നിന്നും ഇത് നീക്കം ചെയ്യാൻ മറ്റ് സംവിധാനങ്ങളില്ലെന്നതിനാൽ അവരും ക്ഷമിക്കുകയാണ്.

മണ്ഡപത്തിന്റെ തകർച്ച മാറ്റണം

രാജഭരണകാലത്തിന്റെ തിരുശേഷിപ്പാണ് കോട്ടാത്തല ജനതാ വായനശാലയോട് ചേർന്ന കൽമണ്ഡപം. മരച്ചില്ല വീണ് മേൽക്കൂര തകർ‌ന്ന മണ്ഡപം അധികൃതർ ശ്രദ്ധിക്കുന്നില്ല. മാർത്താണ്ഡവർമ്മ മഹാരാജാവിന്റെ കാലത്ത് നിർമ്മിച്ചതാണെന്നാണ് പറയപ്പെടുന്നത്. മണ്ഡപം കരിങ്കല്ലിലാണ് നിർമ്മിച്ചത്. അടിസ്ഥാനവും തൂണുകളും മാത്രമല്ല, മുകളിൽ ഉത്തരമായി സ്ഥാപിച്ചിരിക്കുന്നതും കരിങ്കല്ലാണ്. മേൽക്കൂരയിൽ ഓട് പാകിയതാണ്. അതെല്ലാം ഇപ്പോൾ പൊളിഞ്ഞു വീണിട്ടുണ്ട്. മണ്ഡപത്തിന്റെ നാല് തൂണുകളിലും രാജാവിനെയും രാജ്ഞിയെയും ഗണപതിയെയും മഹാലക്ഷ്മിയെയും കൊത്തിയൊരുക്കിയിട്ടുണ്ട്. നാട്ടുകൂട്ടം കൂടിയിരുന്നതും ഈ കൽമണ്ഡപത്തിലാണെന്ന് പറയപ്പെടുന്നു.ചുമടിറക്കിവയ്ക്കാൻ ചുമടുതാങ്ങിയും ഉണ്ടായിരുന്നത് മറിഞ്ഞുകിടപ്പുണ്ട്.