navas
പൈപ്പ് റോഡ് പുനർ നിർമ്മാണം പുരോഗമിക്കുന്നു

60 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മാണം

ശാസ്താംകോട്ട: പ്രതിഷേധങ്ങൾക്കൊടുവിൽ ശാസ്താംകോട്ട - ചവറ പൈപ്പ് റോഡ് പുനർനിർമ്മാണം ആരംഭിച്ചു. മുഖ്യമന്ത്രിയുടെ പ്രത്യേക ഫണ്ടിൽ നിന്ന് അനുവദിച്ച 60 ലക്ഷം രൂപ ചെലവഴിച്ച് ശാസ്താംകോട്ട മുതൽ മൂന്ന് കിലോമീറ്റർ ദൈർഘ്യത്തിലാണ് റോഡ് പുനർ നിർമ്മിക്കുന്നത്. ചവറ, കുന്നത്തൂർ നിയോജക മണ്ഡലങ്ങളിലായി ശാസ്താംകോട്ട മുതൽ ചവറ ടൈറ്റാനിയം ജംഗ്ഷൻ വരെ 10.5 കിലോ മീറ്റർ ദൈർഘ്യമുണ്ട് പൈപ്പ് റോഡിന്.

അറ്റകുറ്റപ്പണികൾ നടത്തിയില്ല

ശാസ്താംകോട്ട തടാകത്തിൽ നിന്ന് കൊല്ലം പട്ടണത്തിലേക്ക് കുടിവെള്ളം കൊണ്ടു പോകുന്നതിനുള്ള പൈപ്പുകൾ സ്ഥാപിച്ചിട്ടുള്ള റോഡാണ് പൈപ്പ് റോഡ്. പ്രദേശവാസികളുടെ നേതൃത്വത്തിൽ ആക്ഷൻ കൗൺസിൽ രൂപീകരിച്ചു നടത്തിയ പരിശ്രമങ്ങളുടെ ഫലമായി വി.എസ്. സർക്കാരിന്റെ അവസാന നാളുകളിൽ മൂന്ന് മീറ്റർ വീതിയിൽ റോഡ് ടാർ ചെയ്ത് സഞ്ചാരയോഗ്യമാക്കിയിരുന്നു. വലിയ വാഹനങ്ങളുടെ യാത്ര വിലക്കി സ്ഥാപിച്ചിരുന്ന ക്രോസ് ബാറുകൾ നീക്കി വലിയ വാഹനങ്ങൾ റോഡിലൂടെ യാത്ര ചെയ്തതും യഥാസമയങ്ങളിൽ അറ്റകുറ്റപ്പണി നടത്താൻ അധികൃതർ തയ്യാറാവാതെ വന്നതും പൈപ്പ് റോഡിലൂടെയുള്ള യാത്ര ദുസഹമാക്കി.

കേരളാ കൗമുദി വാർത്ത തുണയായി

ജില്ലാ പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ച് റോഡ് പുനർനിർമ്മിക്കാൻ മുമ്പ് ശ്രമങ്ങളുണ്ടായെങ്കിലും റോഡ് ജല അതോറിട്ടിയുടെ ഉടമസ്ഥതയിലായതിനാൽ നിർമ്മാണം നടന്നില്ല. പൈപ്പ് റോഡിന്റെ ശോചനീയാവസ്ഥയെ കുറിച്ച് കേരളാ കൗമുദി വാർത്ത നൽകിയിരുന്നു. തുടർന്ന് വിവിധ സംഘടനകളുടെ നിരവധി പ്രതിഷേധ സമരങ്ങളും നടന്നു. കോവൂർ കുഞ്ഞുമോൻ എം.എൽ.എ നടത്തിയ ഇടപെടലിലൂടെയാണ് മുഖ്യമന്ത്രി ഫണ്ട് അനുവദിച്ച് നിർമ്മാണം ആരംഭിച്ചത്.

കുന്നത്തൂർ നിയോജക മണ്ഡലങ്ങളിലൂടെ കടന്നു പോകുന്ന പൈപ്പ് റോഡിന്റെ ശേഷിക്കുന്ന ഭാഗങ്ങളിൽ ത്രിതല പഞ്ചായത്തുകളുടെ ഫണ്ടുകൾ കൂട്ടിയോജിപ്പിച്ച് നിർമ്മാണം പൂർത്തീകരിക്കും.

അഡ്വ.അൻസർ ഷാഫി,ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്

സന്തോഷ് തുപ്പാശ്ശേരി ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്