c

കൊല്ലം: വിപണിയിൽ നിന്ന് പ്ലാസ്റ്റിക് കവറുകളും പാക്കിംഗ് വസ്തുക്കളും അരങ്ങൊഴിയുന്നില്ല. രണ്ട് വർഷം‌ മുൻപാണ് പ്ലാസ്റ്റിക് കാരിബാഗുകളുടെ ഉപയോഗം നിരോധിച്ചുകൊണ്ട് ഉത്തരവിറക്കിയത്. എന്നാൽ കൊവിഡ് പ്രതിസന്ധിയെ തുടർന്ന് പരിശോധന ശക്തമല്ലാതായതോടെയാണ് വിപണിയിൽ വീണ്ടും പ്ലാസ്‌റ്റിക് കാരിബാഗുകളുടെ ഉപയോഗം സജീവമായത്. പരിശോധന ശക്തമാക്കിയ ഘട്ടങ്ങളിലെല്ലാം തുണി, പേപ്പർ ബാഗുകൾ തുടങ്ങിയവയുടെ ഉപയോഗം വർദ്ധിച്ചിരുന്നു. പ്ലാസ്‌റ്റിക് കാരിബാഗുകളുടെ നിരോധനത്തെ തുടർന്ന് ജില്ലയിൽ പേപ്പർ, തുണി ബാഗ് നിർമ്മാണത്തിനായി കുടുംബശ്രീ വനിതായൂണിറ്റുകൾ ആരംഭിച്ചിരുന്നു. എന്നാൽ പ്ലാസ്‌റ്റിക് കാരിബാഗുകളുടെ ഉപയോഗം വീണ്ടും വർദ്ധിച്ചതോടെ ഇവയിൽ മിക്കവയുടെയും പ്രവർത്തനം നിലച്ച മട്ടാണ്.

പാക്കിംഗ് ചാർജിൽ കുറവില്ല

നേരത്തേ കടകളിൽ നിന്ന് പ്ലാസ്റ്റിക് കാരി ബാഗുകൾ സൗജന്യമായി നൽകുന്നത് പതിവായിരുന്നു. നിരോധനത്തിന് ശേഷം പേപ്പർ, തുണി ബാഗുകൾക്കായി 10 മുതൽ 20 രൂപ വരെ പാക്കിംഗ് ചാർജ് ഈടാക്കാൻ തുടങ്ങിയിരുന്നു. പ്ലാസ്റ്റിക് വീണ്ടുമെത്തിയെങ്കിലും പാക്കിംഗ് ചാർജ് വാങ്ങുന്ന രീതിക്ക് മാറ്റമൊന്നുമില്ല. ചുരുക്കത്തിൽ നിരോധിത ഉത്പന്നത്തിനും നിർബന്ധിത പണം ഈടാക്കുകയാണ് ചില കച്ചവടക്കാർ.

ഉപയോഗിക്കാം ബയോ ഡീഗ്രേഡ്ബിൾ ബാഗ്

പ്ലാസ്‌റ്റിക്കിനൊപ്പം ബയോ ഡീഗ്രേഡ്ബിൾ കവറുകൾ ഉപയോഗിക്കുന്നതിനും നിരോധനമുണ്ടായിരുന്നു. നിർമ്മാണ കമ്പനികൾ കോടതിയെ സമീപിച്ചതോടെ ബയോ ഡീഗ്രേഡ്ബിൾ ബാഗുകൾ ഉപയോഗിക്കുന്നതിന് തടസമില്ലെന്ന് കഴിഞ്ഞയാഴ്ച ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചു. എഡിബിൾ ഓയിൽ, ജൈവമാലിന്യം എന്നിവയിൽ നിന്നാണ് ഇത്തരം ബാഗുകൾ നിർമ്മിക്കുന്നത്. 40 മുതൽ 60 ദിവസത്തിനുള്ളിൽ ഇവ മണ്ണിൽ അലിഞ്ഞുചേരുമെന്നാണ് കമ്പനികളുടെ അവകാശവാദം. വിപണിയിലെത്തുന്ന ബയോ ഡീഗ്രേഡ്ബിൾ ബാഗുകളിൽ ക്യു ആർ കോഡ് പ്രിന്റ് ചെയ്തിരിക്കണമെന്നും നിർമ്മാണ കമ്പനിയുടെ അഡ്രസുണ്ടാകണമെന്നുമാണ് ചട്ടം.

ഉപയോഗിക്കാൻ കഴിയുന്നവ

1. പേപ്പർ ബാഗുകൾ

2. തുണി ബാഗുകൾ

3. ബയോ ഡീഗ്രേഡ്ബിൾ ബാഗുകൾ

നിലവിൽ നിരോധിച്ചിരിക്കുന്നവ

1. പ്ലാസ്റ്റിക് കാരിബാഗുകൾ

2. തെർമോകോൾ പ്ലേറ്റ്, ഗ്ലാസ്‌

3. പ്ലാസ്റ്റിക് കറി കവറുകൾ, ഗ്ലാസ്‌, പ്ലേറ്റുകൾ

4. നോൺ വുവൻ ബാഗുകൾ