c

വേനൽ കടുക്കുന്നു, ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

കൊല്ലം : വേനൽ കടുക്കുന്നതോടെ വേനൽക്കാലരോഗങ്ങൾ വർദ്ധിക്കാനുള്ള സാദ്ധ്യത കണക്കിലെടുത്ത് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാകാൻ ആരോഗ്യവകുപ്പിന്റെ നിർദ്ദേശം. ഇന്നലെ നഗരത്തിൽ 33 ഡിഗ്രി വരെ ചൂടുയർന്നു. പുനലൂരിൽ ഇത് 35 ഡിഗ്രി വരെയായി. അന്തരീക്ഷത്തിലെ ജലസാന്ദ്രത 50 ശതമാനത്തിൽ താഴെയായതിനാൽ ചൂടിന്റെ തീവ്രത കൂടും. മനുഷ്യരുൾപ്പടെയുള്ള ജീവജാലങ്ങൾ വെയിൽ നേരിട്ടേൽക്കുന്നത് സൂര്യാഘാതം ഏൽക്കുന്നതിന് കാരണമാകും. പത്ത് മുതൽ പതിനാറ് വരെ കിലോമീറ്റർ വേഗത്തിൽ ചൂടുകാറ്റ് ഉണ്ടാകാൻ സാദ്ധ്യതയുള്ളതിനാൽ ശരീരത്തിനും കണ്ണുകൾക്കും രോഗങ്ങൾ പിടിപെട്ടേയ്ക്കാം.

സൂര്യാഘാതം

വെയിലത്ത് ദീർഘനേരം ജോലിചെയ്യുന്നവർക്ക് സൂര്യാഘാതമേൽക്കാനുള്ള സാദ്ധ്യത വളരെ കൂടുതലാണ്. തീവ്രപരിചരണം ലഭിക്കാതിരുന്നാൽ മരണം പോലും സംഭവിക്കാം. കുട്ടികളും പ്രായമായവരുമാണ് ഏറെ സൂക്ഷിക്കേണ്ടത്. കഠിനമായ ചൂടിനെ തുടർന്ന് ആന്തരിക താപനില ക്രമാതീതമായി ഉയർന്നാൽ ശരീരത്തിന് താപനിയന്ത്രണം സാദ്ധ്യമാകാതെ വരും. തലച്ചോർ, കരൾ, വൃക്കകൾ, ശ്വാസകോശം, ഹൃദയം തുടങ്ങിയ ആന്തരികാവയവങ്ങളുടെ പ്രവർത്തനങ്ങളെ ഉയർന്ന താപനില സാരമായി ബാധിക്കും. അമിതചൂടിൽ കഠിനജോലികൾ ചെയ്യുന്നവരിൽ കുറഞ്ഞസമയം കൊണ്ടും സൂര്യാഘാതമുണ്ടാകാം. കന്നുകാലികളെ തുറസായ സ്ഥലങ്ങളിൽ കെട്ടുന്നത് ഒഴിവാക്കണം.

പ്രാഥമിക ചികിത്സ
സൂര്യാഘാതമേറ്റവരുടെ ശരീരം തണുപ്പിക്കുകയാണ് പ്രാഥമിക ചികിത്സയിൽ മുഖ്യം. തണലുള്ള സ്ഥലത്തേക്കു മാറ്റിയ ശേഷം തണുത്ത വെള്ളം കൊണ്ട് ദേഹമാസകലം തുടയ്ക്കണം. കക്ഷത്തിലും തുടയിടുക്കിലും ഐസ് വയ്ക്കുന്നത് നല്ലതാണ്. തുടർന്ന് രോഗിക്ക് എത്രയും പെട്ടെന്ന് വൈദ്യസഹായം ലഭ്യമാക്കണം. ദിവസവും 2 ലിറ്റർ വെള്ളം കുടിക്കുക, ബിയർ, മദ്യം, കൃത്രിമ ശീതളപാനീയങ്ങൾ തുടങ്ങിയവ ഒഴിവാക്കുക, പഴങ്ങളും പച്ചക്കറികളും ആഹാരത്തിന്റെ ഭാഗമാക്കി മാറ്റുക എന്നിവയാണ് പ്രധാന പ്രതിരോധ മാർഗങ്ങൾ.

ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങൾ

 വെയിലത്ത് പണിയെടുക്കുന്നവർ പകൽ 11നും 3നും മദ്ധ്യേ വിശ്രമിക്കണം

 ധാരാളം വെള്ളം കുടിക്കണം

 അസ്വസ്ഥതയുള്ളവർ ജോലിയിൽനിന്ന് വിട്ടുനിൽക്കണം

 ആവശ്യമെങ്കിൽ വൈദ്യസഹായം തേടണം

 അയഞ്ഞ ഇളംനിറത്തിലുള്ള വസ്ത്രങ്ങൾ ഉപയോഗിക്കാൻ ശ്രദ്ധിക്കണം

 ജലജന്യരോഗങ്ങൾ പടരാതെ ശുദ്ധജല ലഭ്യത ഉറപ്പുവരുത്തണം

 ജലവിതരണം നടത്തുന്ന വാഹനങ്ങളിൽ 'കുടിവെള്ളം' എന്ന ബോർഡ് സ്ഥാപിക്കണം

 തുറന്ന് വച്ചിരിക്കുന്ന ആഹാരങ്ങൾ ഒഴിവാക്കണം