kollam-thodu
കൊല്ലം തോടിന്റെ കരയിൽ മാലിന്യം കൂട്ടിയിട്ട് കത്തിക്കുന്നു

 തീരത്ത് പ്ലാസ്റ്റിക്കുൾപ്പെടെ കൂട്ടിയിട്ട് കത്തിക്കുന്നു

കൊല്ലം: കോടികൾ ചെലവഴിച്ചിട്ടും കൊല്ലം തോടിനെ പിടികൂടിയ മാലിന്യശാപം ഒഴിയുന്നില്ല. അടുത്തിടെ കുന്നുകൂടിയ മാലിന്യം നീക്കി സഞ്ചാരയോഗ്യമാക്കിയതിന് തൊട്ടുപിന്നാലെ തോടിന്റെ തീരത്ത് പ്ലാസ്റ്റിക്ക് ഉൾപ്പെടെ കൂട്ടിയിട്ട് കത്തിക്കുകയാണ്. ബീച്ചിന് സമീപം കൊച്ചുപിലാംമൂട് പാലത്തിനോട് ചേർന്ന് തോടിന്റെ പടിഞ്ഞാറുഭാഗത്താണ് മാലിന്യം കത്തിക്കുന്നത്.

തോട് സഞ്ചാരയോഗ്യമാക്കുന്നതിന്റെ ഭാഗമായി കരയിലേക്ക് കോരിയിട്ട മാലിന്യത്തോടൊപ്പം പ്ലാസ്റ്റിക് കവറുകളിലാക്കിയ ഇറച്ചിക്കോഴി മാലിന്യവും ഇത്തരത്തിൽ കത്തിക്കുന്നവയിലുൾപ്പെടുന്നു. പ്ലാസ്റ്റിക് കത്തിക്കുന്നതിനാൽ അസഹനീയമായ ദുർഗന്ധം പ്രദേശത്ത് വ്യാപിക്കുന്നുണ്ട്. കൊല്ലം ബീച്ചിലേക്ക് എത്തുന്നവരുൾപ്പെടെ ഈ ദുർഗന്ധം സഹിച്ചാണ് കടന്നുപോകുന്നത്. പ്ളാസ്റ്റിക് കത്തുന്ന രൂക്ഷഗന്ധം മൂലം ശാരീരികാസ്വാസ്ഥ്യം ഉണ്ടാകാൻ സാദ്ധ്യതയുണ്ട്.

 ചെലവഴിച്ചത് കോടികൾ

മാലിന്യനിക്ഷേപത്തിന്റെ ഉച്ചസ്ഥായിയിൽ നിന്നാണ് കോടികൾ ചെലവാക്കി കൊല്ലം തോടിനെ പുനരുജ്ജീവിപ്പിച്ചത്. തീരത്ത് താമസിച്ചിരുന്ന നൂറോളം കുടുംബങ്ങളെ മാറ്റിത്താമസിപ്പിക്കുകയും തീരത്ത് പടർന്നുപിടിച്ച കാടുൾപ്പെടെ നീക്കുകയും ചെയ്തിരുന്നു. കഴിഞ്ഞമാസം 15ന് മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മ തോട്ടിലൂടെ ആദ്യയാത്രയും നടത്തി. രണ്ടാഴ്ച പിന്നിടുമ്പോൾ വീണ്ടും മാലിന്യനിക്ഷേപത്തിലേക്ക് കൂപ്പുകുത്തുകയാണ് കൊല്ലം തോട്.

പദ്ധതിയുടെ ആദ്യഘട്ടത്തിൽ കല്ലുപാലം മുതൽ ഓലയിൽ ഭാഗത്ത് അഷ്ടമുടിക്കായലിൽ ചേരുന്നയിടം വരെ ഇരുവശത്തും ഇരുമ്പുവലകൾ കൊണ്ട് വേലികെട്ടി തിരിച്ചിരുന്നു. മറ്റിടങ്ങളിലും ഇപ്രകാരം വേലികെട്ടി മാലിന്യനിക്ഷേപത്തിൽ നിന്ന് കൊല്ലം തോടിനെ മോചിപ്പിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നുണ്ട്.

 കൊല്ലം തോട്
നീളം: 7.5 കിലോമീറ്റർ
തെക്ക്: പരവൂർ കായൽ
വടക്ക്: അഷ്ടമുടിക്കായൽ