
കൊല്ലം : ഇന്ധനവില വർദ്ധനവിൽ പ്രതിഷേധിച്ച് സംയുക്ത സമരസമിതിയുടെ ആഭിമുഖ്യത്തിൽ ഇന്ന് നടത്തുന്ന വാഹനപണിമുടക്കിൽ ജില്ല നിശ്ചലമാകും. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് പണിമുടക്ക്. ബി.എം.എസ് ഒഴികെയുള്ള എല്ലാ ട്രേഡ് യൂണിയനുകളും സമരത്തിൽ പങ്കെടുക്കുന്നുണ്ട്. ഇന്ന് നടത്താനിരുന്ന എസ്.എസ്.എൽ.സി, പ്ലസ് ടു മോഡൽ പരീക്ഷകൾ ഉൾപ്പടെ മാറ്റിവച്ചു. ഓഫീസുകൾക്ക് അവധി നൽകിയിട്ടില്ലെങ്കിലും ഹാജർ നില കുറയാനാണ് സാദ്ധ്യത. വാഹനപണിമുടക്കിനാണ് ആഹ്വാനം ചെയ്തിട്ടുള്ളതെങ്കിലും ഹർത്താൽ പ്രതീതി ഉണ്ടാകാനുള്ള സാദ്ധ്യതയുമുണ്ട്. പൊതുവാഹനങ്ങളും പണിമുടക്കിൽ പങ്കെടുക്കുന്നതിനാൽ അക്ഷരാർത്ഥത്തിൽ ജില്ല നിശ്ചലമാകും.
കെ.എസ്.ആർ.ടി.സി സർവീസ് നടത്തില്ല
സ്വകാര്യ - കെ.എസ്.ആർ.ടി.സി ബസുകൾ സർവീസ് നടത്തില്ലെന്ന് സമരസമിതി പ്രവർത്തകർ പറഞ്ഞു. ഓട്ടോ, ടാക്സി, ചെറുകിടവാഹനങ്ങൾ തുടങ്ങിയവയും നിരത്തിലിറങ്ങില്ല. പാൽ, പത്രം, തിരഞ്ഞെടുപ്പ് ജോലികൾക്കുള്ള വാഹനങ്ങൾ, വിവാഹം, ആശുപത്രി തുടങ്ങിയവ തടസപ്പെടില്ലെന്ന് സമരസമിതി അറിയിച്ചിട്ടുണ്ട്.