photo
കൊട്ടാരക്കര ചേരൂർ ഏലായിൽ നടന്ന കൊയ്ത്തുത്സവം നഗരസഭ ചെയർമാൻ എ.ഷാജു ഉദ്ഘാടനം ചെയ്യുന്നു

കൊട്ടാരക്കര: തൃക്കണ്ണമംഗൽ ചേരൂർ ഏലായിൽ വീണ്ടും കൊയ്ത്തിന്റെ ആവേശം, മരച്ചീനി മാറ്റി വീണ്ടും വിതച്ച നെൽക്കൃഷിയ്ക്ക് നൂറുമേനി വിളവ്. ചേരൂരിലെ ജോസ് എന്ന കർഷകനാണ് തന്റെ മുപ്പത് സെന്റ് നിലത്തിൽ നെൽക്കൃഷി നടത്തി വിജയംകണ്ടത്. നഷ്ടക്കണക്കുകൾ പറഞ്ഞ് എല്ലാവരും നെൽക്കൃഷി ഉപേക്ഷിച്ച് പണകോരി മരച്ചീനി നട്ടിരുന്നു. ജോസും മരച്ചീനി നട്ടവരുടെ കൂട്ടത്തിലായിരുന്നു. എന്നാൽ സുഭിക്ഷ കേരളം പദ്ധതിയിൽ ഉൾപ്പെടുത്തി നെൽക്കൃഷിയെ തിരികെ എത്തിയ്ക്കാൻ സർക്കാർ സംവിധാനങ്ങളൊരുങ്ങിയപ്പോൾ ജോസും അതിനൊപ്പം ചേർന്നു. പണകോരിയതൊക്കെ ഇടിച്ച് നിരത്തി, വയലൊരുക്കി വരമ്പ് പിടിച്ചു. ആദ്യ വിത്തെറിഞ്ഞത് കിളിർക്കാൻ പമ്പുസെറ്റ് ഉപയോഗിച്ച് വെള്ളമെടുക്കേണ്ടി വന്നിരുന്നു. കന്നിക്കൃഷി അത്ര മെച്ചവുമായില്ല. അവിടെ നിന്നും പാഠമുൾക്കൊണ്ടാണ് ചേറാടി വിത്തിട്ട് രണ്ടാം കൃഷി ചെയ്തത്. ഇക്കുറി നൂറുമേനി വിളവ് ലഭിച്ചു. അതിന്റെ കൊയ്ത്ത് ഉത്സവമാക്കാൻ തീരുമാനിച്ചപ്പോൾ ജനപ്രതിനിധികളും നാട്ടുകാരും സജി ചേരൂരടക്കമുള്ള പൊതുപ്രവർത്തകരും ഒപ്പം ചേർന്നു. ഇന്നലെ കൊയ്ത്ത് ഉത്സവം നഗരസഭ ചെയർമാൻ എ.ഷാജു ഉദ്ഘാടനം ചെയ്തു. കൗൺസിലർമാരായ പവിജ പത്മൻ, സുജ അച്ചൻകുഞ്ഞ്, കൃഷി ഓഫീസർ ബി.പുഷ്പരാജൻ, അശോകൻ, ജയമോഹൻ എന്നിവർ പങ്കെടുത്തു. റോസിയും ഗ്രേസിയുമായിരുന്നു പ്രധാന കൊയ്ത്ത് തൊഴിലാളികൾ. കൊയ്ത്ത് പാട്ടുകൾ പാടിയാണ് ഓരോ കറ്റയും കൊയ്തെടുത്തത്.