
പത്തനാപുരം: മീൻപിടിക്കാൻ പോയ ആദിവാസി യുവാവിനെ അച്ചൻകോവിലാറ്റിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മുള്ളുമല ഗിരിജൻ കോളനിയിൽ നീലകണ്ഠന്റെ മകൻ നസീറാണ് (40) മരിച്ചത്. ഞായറാഴ്ച്ച രാവിലെ നസീറും ഭാര്യയും മകനും അച്ചൻകോവിലെ ബന്ധുവീട്ടിൽ പോകുന്ന വഴിക്ക് ബന്ധുക്കളു കൂട്ടുകാരും ചേർന്ന് അച്ചൻകോവിലാറ്റിൽ മീൻ പിടിക്കുന്നതുകണ്ട് ഇവരും ഒപ്പംകൂടി. ഉച്ചയ്ക്ക് 2 മണിയോടെ ബന്ധുക്കളും സുഹൃത്തുകളും തിരികെ മടങ്ങിയിട്ടും നസീർ മീൻപിടിത്തം തുടർന്നു.
വൈകിട്ടായിട്ടും കാണാതായതോടെ ബന്ധുക്കൾ നസീറിനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കിട്ടിയില്ല. തുടർന്ന് ബന്ധുക്കളും നാട്ടുകാരും ചേർന്ന് പ്രദേശത്ത് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്നലെ രാവിലെ 7 മണിയോടെ അച്ചൻകോവിലാറ്റിൽ അറുതലക്കയത്തിനും മുക്കട മൂഴിക്കുമിടയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.
കാട്ടിൽ പോയി വനവിഭവങ്ങൾ ശേഖരിക്കുന്ന പണിയാണ് ഇയാളുടേത്. നീന്തലറിയാവുന്ന നസീർ മുങ്ങി മരിക്കാൻ സാദ്ധ്യതയില്ലെന്നും മരണത്തിൽ ദുരൂഹതയുണ്ടെന്നും ബന്ധുക്കൾ ആരോപിച്ചു. ഭാര്യ: സുമ. മക്കൾ: ഷാനു, പ്രവീണ.