villege-office
villege office

ഓടനാവട്ടം: ഒരുവർഷമായി ഓടനാവട്ടം വില്ലേജ് ഓഫീസ് നോക്കുകുത്തിയുടെ റോളിലാണ്. നാട്ടുകാർക്കുപകാരപ്പെടേണ്ട ഒരു സേവനവും അവിടെനിന്ന് ആർക്കും ലഭിക്കുന്നില്ല. ജീവനക്കാരില്ലെന്നതാണ് പ്രധാന പ്രശ്നം. വെളിയം പഞ്ചായത്തിലെ അയ്യായിരത്തിലധികം വരുന്ന കുടുംബങ്ങൾക്കാണ് ഇവിടെ നിന്ന് സേവനം കിട്ടാനുള്ളത്.വില്ലേജ് ഓഫീസറെ കൂടാതെ ഒരു സ്പെഷ്യൽ വില്ലേജ് ഓഫീസർ, രണ്ടു വില്ലേജ് അസിസ്റ്റന്റുമാർ, രണ്ടു വില്ലേജ് ഫീൽഡ് അസിസ്റ്റന്റുമാർ എന്നിങ്ങനെ തസ്തികകൾ ഉണ്ടെങ്കിലും ഇവിടെ നിലവിൽ ഒരു വില്ലേജ് ഓഫീസറും ഒരു വില്ലേജ് അസിസ്റ്റന്റുമാണ് ഡ്യൂട്ടിക്കുള്ളത്. മറ്റുള്ളവർ വിവിധ കാരണങ്ങളാൽ അവധിയിലാണത്രേ.1985-ലാണ് ഓടനാവട്ടം വില്ലേജ് ഓഫീസ് നിലവിൽ വന്നത്.വാടക കെട്ടിടങ്ങളിലും പഞ്ചായത്ത്‌ കെട്ടിടത്തിലുമായി 34 വർഷങ്ങൾ കഴിഞ്ഞുകൂടിയിട്ടും ഇത്തരം ഒരു ദുരവസ്ഥ ഉണ്ടായിട്ടില്ല.2019 സെപ്തംബർ 6നാണ് വില്ലേജ് ഓഫീസിന് പുതിയ കെട്ടിടമായി അവിടേക്കു മാറിയത്.ഒറ്റപെട്ട സ്ഥലത്തേയ്ക്ക് വില്ലേജ് ഓഫിസിനെ മാറ്റിയതാണ് ഇത്തരം കൃത്യ വിലോപത്തിന് ഇടയാക്കിയതെന്ന് പ്രദേശ വാസികൾ പറയുന്നു. വെളിയം പഞ്ചായത്ത്‌ ഓഫീസ്, കൃഷി ഭവൻ, സർക്കാർ ഹോമിയോ ഡിസ്‌പെൻസറി എന്നിവയ്ക്കൊപ്പം ഒറ്റക്കുടക്കീഴിൽ പ്രവർത്തിച്ചിരുന്നപ്പോൾ ഇത്തരം കൃത്യങ്ങൾ ഇല്ലായിരുന്നു എന്നും നാട്ടുകാർ പറയുന്നു.

ജീവനക്കാർ ആവശ്യത്തിന് ഇല്ല എന്നത് സത്യമാണ്. ഉള്ളവർ പലവിധ അവധികളിലുമാണ്. ആവശ്യത്തിന് ജീവനക്കാരെ കിട്ടിയാലെ ഓഫീസ് പ്രവർത്തനം നടക്കുകയുള്ളു. മേലധികാരികളെ വിവരം അറിയിച്ചിട്ടുണ്ട്.

വില്ലേജ് ഓഫീസർ

ജനങ്ങളുടെ ആവശ്യങ്ങൾ നടത്തുന്നതിനും മറ്റു സേവനങ്ങൾ നൽകുന്നതിനും മതിയായ ജീവനക്കാരെ നിയമിക്കണം. അല്ലാത്ത പക്ഷം വില്ലേജ് ഓഫീസ് പൂട്ടിയിടണം

നാട്ടുകാർ

ആവശ്യത്തിന് ജീവനക്കാരില്ലാതത്തത് കാരണം വില്ലേജ് ഓഫീസിൽ ഒരു ജോലിയും നടക്കുന്നില്ല. ഒരു വർഷം കഴിയുന്നു ഈ അവസ്ഥ തുടങ്ങിയിട്ട്. ഓടനാവട്ടം പൗരസമിതി അന്നുമുതൽ അധികൃതർക്ക് പരാതി നൽകുന്നുണ്ട്. നടപടി ഇതുവരെയും ഉണ്ടായിട്ടില്ല. ഇനി സമര പരിപാടികൾ ആരംഭിക്കും. പൊതുജനങ്ങളുടെ അഭ്യർത്ഥന മാനിച്ചെങ്കിലും ആവശ്യമായ ജീവനക്കാരെ വില്ലേജ് ഓഫീസിൽ നിയമിച്ച് പ്രശ്നം പരിഹരിക്കണം.

സഹദേവൻ ചെന്നാപ്പാറ, ജനറൽ സെക്രട്ടറി, പൗരസമിതി, ഓടനാവട്ടം.