കുന്നത്തൂർ : പ്രഭാത സവാരിക്കിറങ്ങിയ യുവതിയുടെ കഴുത്തിൽ കിടന്ന സ്വർണ മാല ബൈക്കിലെത്തിയ യുവാവ് പൊട്ടിച്ചെടുക്കാൻ ശ്രമിച്ചതായി പരാതി. പോരുവഴി പനപ്പെട്ടി തറയിൽ തെക്കതിൽ നിസാമിന്റെ ഭാര്യ മുബീനയുടെ മാലയാണ് തട്ടിയെടുക്കാൻ ശ്രമിച്ചത്.സമീപവാസികളായ മറ്റ് രണ്ട് യുവതികൾക്കൊപ്പം പാറയിൽ മുക്കിൽ നിന്നും ഭരണിക്കാവിലേക്ക് നടന്നു വരവേ ജെ.എം ഹൈസ്കൂളിന് സമീപം വച്ച് പുലർച്ചെയായിരുന്നു സംഭവം.സ്കൂട്ടറിലെത്തിയ യുവാവ് മുബീനയെ തള്ളി വീഴ്ത്തിയ ശേഷം മാല കവരാൻ ശ്രമിച്ചെങ്കിലും പിടിവലിക്കിടയിൽ പൊട്ടിയ മാല ഉപേക്ഷിച്ച് കടന്നു കളയുകയായിരുന്നു.ഈ മേഖലയിൽ മുമ്പും ഇത്തരം സംഭവങ്ങൾ നടന്നിട്ടുള്ളതായും സി.സി.ടി വി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതിയെ പിടികൂടണമെന്നും ശാസ്താംകോട്ട സി.ഐയ്ക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു.