navas
സർവർ തകരാറുമൂലം പെൻഷൻ വിതരണം മുടങ്ങിയതോടെ കഴിഞ്ഞ ദിവസം ശാസ്താംകോട്ട സബ് ട്രഷറിക്കു മുമ്പിൽ കഴിഞ്ഞ ദിവസമുണ്ടായ തിരക്ക്

ശാസ്താംകോട്ട: സാങ്കേതിക തകരാറുമൂലം രണ്ടാം ദിവസവും ട്രഷറികളിൽ പെൻഷൻ വിതരണം മുടങ്ങി.സെർവർ തകരാറുമൂലം മാർച്ച് ഒന്നാം തീയതി പെൻഷൻ വാങ്ങാനെത്തി മടങ്ങിയ പെൻഷൻകാരായ വയോധികരാണ് രണ്ടാം ദിവസവും വലഞ്ഞത്. രാവിലെ എത്തിയ പെൻഷൻകാരോട് ഒരു മണിക്കൂറിന് ശേഷമാണ് ട്രഷറി ജീവനക്കാർ തകരാറിനെ കുറിച്ച് അറിയിച്ചത്. കൊടും വേനലിലും രണ്ടാം ദിവസവും പെൻഷൻ കിട്ടാതായതോടെ മോട്ടോർ വാഹനപണിമുടക്കിലും പെൻഷൻ വാങ്ങാനെത്തിയവർ പ്രതിസന്ധിയിലായി. ഓരോ മാസവും ഇടക്കിടെ പണിമുടക്കുന്ന സിസ്റ്റത്തിൽ ഏറെ കഷ്ടപ്പെട്ടാണ് ജീവനക്കാർ പെൻഷൻ,ശമ്പള വിതരണം നടത്തുന്നത്. അടിയന്തരമായ് തകരാർ പരിഹരിച്ച് പെൻഷൻ വിതരണം നടത്തുന്നതിനാവശ്യമായ നടപടികൾ ട്രഷറി ഡിപ്പാർട്ട്മെന്റ് കൈ കൊള്ളണമെന്ന് പെൻഷണേഴ്സ് അസോസിയേഷൻ താലൂക്ക് പ്രസിഡന്റ് അർത്തിയിൽ അൻസാരിയും സെക്രട്ടറി ജയചന്ദ്രൻ പിള്ളയും ആവശ്യപ്പെട്ടു.